ഹൃദയങ്ങളിൽ ജയിച്ച് ഫലസ്തീന്റെ മടക്കം
text_fieldsദോഹ: മക്രം ദബൂബും കുട്ടികളും ഖത്തറിന്റെ മണ്ണിൽ ഫലസ്തീൻ പോരാട്ടത്തിന്റെയും പ്രതീകങ്ങളായിരുന്നു. മുസാബ് അൽ ബാത്തും ഉദയ് ദബ്ബാഗും മഹ്മൂദ് വാദിയും ഉൾപ്പെടെ താരങ്ങൾ ബൂട്ടുകെട്ടി കളത്തിലിറങ്ങുമ്പോൾ ഗാലറികൾ ഫലസ്തീൻ ചെറുത്തുനിൽപിനെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. ഏഷ്യൻ കപ്പ് പ്രീക്വാർട്ടർവരെ നീണ്ടുനിന്ന യാത്രയിൽ നാല് മത്സരങ്ങൾ പൂത്തിയാക്കി അവർ മടങ്ങുമ്പോൾ, വൻകരയും ലോകവും ജയിച്ച തലയെടുപ്പിലാണവർ.
തിങ്കളാഴ്ച രാത്രി അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിനു മുന്നിലായിരുന്നു ഫലസ്തീൻ കീഴടങ്ങിയത്. അറുപതിനായിരത്തിലേറെ കാണികളാൽ നിറഞ്ഞ ഗാലറി രണ്ടു ദേശീയ പതാകകൾ കൈയിലേന്തി ഖത്തറിനും ഫലസ്തീനും ഒരേ സമയം പിന്തുണ നൽകുന്നതായിരുന്നു കാഴ്ച. കളി തുടങ്ങി 37ാം മിനിറ്റിൽ ഉദയ് ദബ്ബാഗ് നേടിയ ഗോളിൽ ഫലസ്തീൻ ലീഡ് പിടിച്ചപ്പോൾ അവർ നിറഞ്ഞ കൈയടികളാൽ വരവേറ്റു. പിന്നാലെ, ഹസൻ അൽ ഹൈദോസും (45+), അക്രം അഫിഫും (49) നേടിയ ഗോളുകളിലൂടെ ഖത്തർ മത്സരം പിടിച്ചെടുത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ലോങ് വിസിൽ മുഴക്കത്തിനുശേഷം, എതിർ ടീം അംഗങ്ങളും ഗാലറിയും അവർക്കുവേണ്ടി പിന്നെയും ആരവങ്ങളുയർത്തി. ‘ഫ്രീ ഫലസ്തീൻ...’ തുടങ്ങി ‘രക്തവും ജീവനും നൽകി മണ്ണ് മോചിപ്പിക്കുമെന്ന’ മുദ്രാവാക്യങ്ങളുമായി അവർ ദബൂബിന്റെ കുട്ടികൾക്ക് പിന്തുണ നൽകി. ഏഷ്യൻ കപ്പിൽ മറ്റേതൊരു ടീമിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമായിരുന്നു ഫലസ്തീൻ ബൂട്ടുകെട്ടുമ്പോൾ. എതിർ ടീമിന്റെ ആരാധകരും ഫലസ്തീൻ പതാകകളേന്തുന്നത് പതിവു കാഴ്ചയായി. സ്വന്തം സഹോദരങ്ങളുടെ വേദനകൾക്കും മുറിവിനും മുകളിൽ ഓരോ ഗോളിലൂടെയും വിജയങ്ങളിലൂടെയും ഓരോ തുള്ളിയായി മരുന്ന് പുരട്ടി സന്തോഷം പകരുകയായിരുന്നു ദബ്ബാഗും കൂട്ടുകാരും.
പ്രതിസന്ധികൾക്കിടയിലായിരുന്നു ഫലസ്തീന്റെ ഏഷ്യൻ കപ്പിലേക്കുള്ള യാത്രയും ചരിത്ര കുതിപ്പും. കഴിഞ്ഞ വർഷം ജൂണിലായിരുന്നു തുടർച്ചയായി മൂന്നാം തവണയും ഫലസ്തീനെ തേടി ഏഷ്യൻ കപ്പ് യോഗ്യതയെത്തുന്നത്.
അന്ന് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും തെരുവികളിലിറങ്ങിയ ടീമിന്റെ യോഗ്യതാ നേട്ടം ആഘോഷമാക്കിയ ചെറുപ്പക്കാരിലും കുട്ടികളിലും പലരും ഇന്ന് കളികാണാൻ പോലും ബാക്കിയില്ല. പരിശീലന വേദികൾ യുദ്ധത്തിൽ തകർന്നു. ടീം അംഗങ്ങളിൽ പലരുടെയും ബന്ധുക്കൾ രക്തസാക്ഷികളായി, പലനാടുകളിലായി കളിക്കാർ പരിശീലനം നടത്തി... ഇങ്ങനെയൊക്കെയായി ദോഹയിലെത്തിയ സംഘമാണ് സ്വപ്ന കുതിപ്പുമായി പ്രീക്വാർട്ടറിലെത്തി ചരിത്രം കുറിച്ചത്.
തായ്ലൻഡിനെ വീഴ്ത്തി ഉസ്ബെക്സിതാൻ
ദോഹ: ഏഷ്യൻ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ തായ്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് ഉസ്ബെക്സിതാൻ ക്വാർട്ടർ ഫൈനലിൽ കടന്നു.
37ാം മിനിറ്റിൽ അസീസ് തുർഗുംബോയേവിലൂടെ മുന്നിലെത്തിയ ഉസ്ബെകിനെതിരെ 58ൽ സുപാചോങ് സരാചാറ്റ് സമനില പിടിച്ചു. 65ാം മിനിറ്റിൽ അബ്ബോസ്ബെക് ഫൈസുല്ലയേവാണ് വിജയഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.