ഏഷ്യൻ കപ്പ്: പോരാട്ടം പ്രീക്വാർട്ടറിലേക്ക്
text_fieldsദോഹ: രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങൾ നോക്കൗട്ട് ആവേശത്തിലേക്ക്. ഗ്രൂപ് റൗണ്ടിൽ മാറ്റുരച്ച 24 ടീമുകളിൽ ഇന്ത്യ ഉൾപ്പെടെ എട്ടു കൂട്ടർ നാട്ടിലേക്ക് ടിക്കറ്റുമായി മടങ്ങിയപ്പോൾ ഇനിയുള്ള 16 പേർക്ക് ഞായറാഴ്ച മുതൽ പ്രീക്വാർട്ടർ അങ്കം. ആറു ഗ്രൂപ്പുകളിൽനിന്നായി ആദ്യ രണ്ടു സ്ഥാനക്കാരും, ഒപ്പം നാലു ടീം മികച്ച മൂന്നാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ ഇടം നേടി. ജോർഡൻ, സിറിയ, ഫലസ്തീൻ, ഇന്തോനേഷ്യ എന്നിവരാണ് മൂന്നാംസ്ഥാനക്കാരിലെ മുൻനിരക്കാരായെത്തിയത്.
അരങ്ങേറ്റ ഏഷ്യൻ കപ്പിനെത്തിയ തജികിസ്താനാണ് തുടക്കംതന്നെ ഗംഭീരമാക്കി നോക്കൗട്ടിലേക്ക് ഇടം നേടി ഞെട്ടിപ്പിച്ചവർ. ഗ്രൂപ് ‘എ’യിൽ നിന്നും കരുത്തരായ ചൈനയെയും ലബനാനെയും പിന്തള്ളി ആതിഥേയരായ ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഫിഫ റാങ്കിങ്ങിൽ 106ാം സ്ഥാനക്കാരായ തജികിസ്താൻ മുന്നേറുന്നത്. ആദ്യമായി നോക്കൗട്ട് ബർത്ത് നേടി ഫലസ്തീനും ആരാധകരുടെ ൈകയടി നേടി. യുദ്ധത്തിന്റെ തീരാ വേദനകൾക്കിടയിൽ നിന്നുമെത്തി ഉശിരോടെ പോരാടി മുന്നേറുന്ന ഫലസ്തീന്റെ കുതിപ്പ് ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമാണ്.
ഇനിയുള്ള നാലു ദിനങ്ങളിലായി എട്ട് പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാകും. ആദ്യ ദിനത്തിൽ ഗ്രൂപ് ‘ബി’ ജേതാക്കളായ ആസ്ട്രേലിയ ‘ഡി’യിൽ നിന്നും മൂന്നാം സ്ഥാനക്കാരായെത്തുന്ന ഇന്തോനേഷ്യയെയും, തജികിസ്താൻ ഗ്രൂപ് ‘സി’ രണ്ടാം സ്ഥാനക്കാരായ യു.എ.ഇയെയും നേരിടും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ആസ്ട്രേലിയ-ഇന്തോനേഷ്യ മത്സരം. തജികിസ്താനും യു.എ.ഇയും രാത്രി 9.30ന് അഹമ്മദ്ബിൻ അലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.
ഗ്രൂപ് റൗണ്ടിൽ രണ്ട് ജയവും ഒരു സമനിലയുമായാണ് സോക്കറൂസിന്റെ കുതിപ്പ്. അതേസമയം, ജപ്പാനും ഇറാഖിനും മുന്നിൽ ഉജ്ജ്വലമായ പോരാട്ടവീര്യം കാഴ്ചവെച്ച ഇന്തോനേഷ്യയുടെ പ്രകടനം ഒട്ടും മോശമല്ല. ജപ്പാനെ വിറപ്പിച്ച് കീഴടങ്ങിയ വിയറ്റ്നാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചായിരുന്നു ഇന്തോനേഷ്യ ആദ്യമായി ഏഷ്യൻ കപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. അവസാന മത്സരത്തിൽ ഇറാനോട് തോറ്റ യു.എ.ഇക്ക് കരുതലോടെ മാത്രമേ ഇന്തോനേഷ്യയെ നേരിടാനാവൂ.
പ്രീക്വാർട്ടർ ലൈനപ്പ്
ജനു. 28:
- ആസ്ട്രേലിയ x ഇന്തോനേഷ്യ (5.00pm -ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം )
- -യു.എ.ഇ x തജികിസ്താൻ (9.30pm -അഹ്മദ് ബിന്‍ അലി സ്റ്റേഡിയം)
ജനു. 29:
- ഇറാഖ് x ജോർഡൻ (5.00pm - ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം)
- ഖത്തർ x ഫലസ്തീൻ (9.30pm- അല്‍ബെയ്ത്ത് സ്റ്റേഡിയം)
ജനു. 30:
- ഉസ്ബെക് x തായ്ലൻഡ് (5.00pm- അല്‍ ജനൂബ് സ്റ്റേഡിയം)
- സൗദി x ദ. കൊറിയ (9.30pm- എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം)
ജനു. 31:
- ബഹ്റൈൻ x ജപ്പാൻ (5.00pm- അല്‍ തുമാമ സ്റ്റേഡിയം)
- ഇറാൻ x സിറിയ (9.30pm- അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം)
(മത്സരങ്ങൾ ഇന്ത്യൻ സമയത്തിൽ; ഫാൻകോഡിൽ തത്സമയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.