കിരീടസ്വപ്നങ്ങളുടെ മെയ്ഡ് ഇൻ ജപ്പാൻ
text_fieldsദോഹ: ഏഷ്യയുടെ അർജൻറീനയും ബ്രസീലും ഫ്രാൻസുമെല്ലാമാണ് ജപ്പാൻ. വൻകരയിലെ ഒന്നാം നമ്പർ സംഘം. ലോകകപ്പ് ഫുട്ബാളിലും ഏഷ്യൻ കപ്പിലുമെല്ലാം നിത്യസാന്നിധ്യം. നാലു തവണ ഏഷ്യൻ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്സ്അപ്പും. ഏഷ്യൻ കപ്പിന് ഖത്തറിൽ പന്തുരുളുമ്പോൾ കിരീടസാധ്യതയിൽ മുന്നിലുള്ളത് സാമുറായ് ബ്ലൂ എന്ന വിളിപ്പേരുകാരായ ജപ്പാനാണ്. പരിചയസമ്പന്നരും വിവിധ യൂറോപ്യൻ ക്ലബുകളുടെ മുൻനിര താരങ്ങളും അണിനിരക്കുന്ന സംഘവുമായാണ് കോച്ച് ഹജിമെ മൊറിയാസു ഏഷ്യൻ കപ്പിനുള്ള ജപ്പാൻ ടീമിനെ പ്രഖ്യാപിച്ചത്.
ജപ്പാൻ സംഘത്തിന്റെ ഫുട്ബാളിലെ കേളീമികവിന് ആരാധകർക്ക് വലിയ മുഖവുരയൊന്നും ആവശ്യമില്ല. കഴിഞ്ഞ ലോകകപ്പുകളിലും ഏഷ്യൻ കപ്പിലുമെല്ലാം ഈ കുതിപ്പിന് സാക്ഷിയായി കൈയടിച്ചവരാണ് വൻകരയിലെ ഫുട്ബാൾ ആരാധകർ. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ഖത്തർ ലോകകപ്പിൽ എതിരാളികളെ വെള്ളംകുടിപ്പിച്ചുകൊണ്ട് പ്രീക്വാർട്ടർ വരെയെത്തിയ സ്വപ്നക്കുതിപ്പ്.
സ്പെയിനും ജർമനിയും ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്നും മൂന്നിൽ രണ്ട് ജയവുമായി ഗ്രൂപ് ജേതാക്കളായാണ് ബ്ലൂ സാമുറായ് പ്രീക്വാർട്ടറിലെത്തിയത്. ആദ്യ കളിയിൽ ജർമനിയെ 2-1ന് അട്ടിമറിച്ചു. രണ്ടാം അങ്കത്തിൽ കോസ്റ്ററീകയോട് തോറ്റുവെങ്കിലും പിന്നാലെ, കിരീടസ്വപ്നങ്ങളുമായെത്തിയ സ്പെയിനിനെ 2-1ന് വീഴ്ത്തി ജപ്പാൻ ഖത്തറിൽ വിസ്മയം സൃഷ്ടിച്ചു. പ്രീക്വാർട്ടറിൽ െക്രായേഷ്യയായിരുന്നു എതിരാളി. 1-1ന് സമനിലപിടിച്ച അങ്കത്തിൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വീണായിരുന്നു ജപ്പാന്റെ ധീരോദാത്തമായ മടക്കം.
ലോകകപ്പിനു പിന്നാലെ, കഴിഞ്ഞ വർഷവും ജപ്പാന്റെ വിജയക്കുതിപ്പിനെ ആർക്കും തടയാനായില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ജർമനിയെ വീണ്ടും സൗഹൃദ മത്സരത്തിലും (4-1) തരിപ്പണമാക്കി. ലോകകപ്പ് യോഗ്യതാറൗണ്ടിലും കിരിൻ ചലഞ്ച് കപ്പിലുമെല്ലാം നേടിയ വിജയയാത്രയുടെ തുടർച്ചയായാണ് ടീം ഖത്തറിലേക്ക് വീണ്ടും വിമാനം കയറുന്നത്.
ജപ്പാൻ
കോച്ച് : ഹജിമെ മൊറിയാസു
ക്യാപ്റ്റൻ : വതാരു എൻഡോ
ഫിഫ റാങ്ക് : 17 (ഏഷ്യൻ റാങ്ക്: 1)
ഏഷ്യൻ കപ്പിൽ ഇതുവരെ
കിരീടം : 4 തവണ
(1992, 2000, 2004, 2011)
2019 : റണ്ണേഴ്സ്അപ്പ്, ഫൈനലിൽ ഖത്തറിനോട് തോൽവി.
ഹജിമെ മാജിക്
2018ലാണ് മുൻ ദേശീയ താരംകൂടിയായ ഹജിമെ മൊറിയാസു പരിശീലകനായി സ്ഥാനമേൽക്കുന്നത്. ആറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പൊൻതൂവലുകൾ ഒരുപിടിയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏഷ്യൻ കോച്ച് പുരസ്കാരം ഒടുവിലത്തേതു മാത്രം. യൂറോപ്പിലെ വമ്പൻ ടീമുകളിൽ പന്തുതട്ടുന്ന ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ് ഹജിമെക്ക് സാമുറായ് പടയുടെ ഗെയിം പ്ലാൻ എളുപ്പമാക്കുന്നത്.
അതിവേഗ ഇംഗ്ലീഷ് ഫുട്ബാൾ ശൈലിയെ ആയുധമാക്കി ജപ്പാന്റെ കുറിയ മനുഷ്യർ കളംവാഴുേമ്പാൾ എതിരാളികളുടെ വമ്പത്തരങ്ങളെ മുളയിലേ നുള്ളാൻ കഴിയുന്നു. മധ്യനിരയെ ഉഴുതുമറിച്ച് എതിരാളികളുടെ മുന്നേറ്റങ്ങളുടെ തന്ത്രമൊടിക്കാൻ ശേഷിയുള്ള ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ് എന്നും കോച്ച് ഹജിമെക്ക് കരുത്താകുന്നത്. കുറ്റിയുറപ്പുള്ള പ്രതിരോധവും മിന്നൽവേഗത്തിൽ കൗണ്ടർ അറ്റാക്കിനുള്ള ശേഷിയും ടീമിന്റെ കളിതന്ത്രത്തെ വ്യത്യസ്തമാക്കുന്നു.
സെൽറ്റികിന്റെ ഗോൾ മെഷീനായിരുന്ന സ്ട്രൈക്കർ ക്യോഗോ ഫുറുഹാഷി, ലോകകപ്പിൽ മധ്യനിരയിൽ ശക്തമായ സാന്നിധ്യമായ ലാസിയോയുടെ ഡൈചി കമഡ, ഫോർച്യൂണ ഡസൽഡോഫിന്റെ ഓ തനാക എന്നിവർ ഏഷ്യൻ കപ്പിനില്ല. അതേസമയം, തകുമ അസാനോ, ഫെയ്നോർദിന്റെ അയാസേ ഉവേദ എന്നിവർ മുന്നേറ്റ നിരയിൽ പന്തുതട്ടാനുണ്ടാവും.
മധ്യനിരക്ക് കരുത്തായി ലിവർപൂൾ താരം കൂടിയായ ക്യാപ്റ്റൻ വതാരു എൻഡോ, ലിവർപൂളിൽ നിന്നും മോണകോയിലേക്ക് കൂടുമാറിയ തകുമി മിനാമിനോ, ഫ്രഞ്ച് ക്ലബ് റെയിംസ് താരം ജുനിയ ഇറ്റോ, റയൽ സൊസിഡാഡിന്റെ തകേഫുസ കുബോ എന്നിവരടങ്ങിയ മധ്യനിര ജപ്പാന്റെ എൻജിനായി പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്. ആഴ്സനൽ പ്രതിരോധത്തിലെ തകേഹിരോ തൊമിയാസു, ബൊറൂസിയയുടെ കോ ഇതാകുര, ഖത്തറിൽ അൽ റയാനുവേണ്ടി കളിക്കുന്ന ഷോഗോ തനിഗുചി എന്നിവരടങ്ങിയ പ്രതിരോധ നിരയും ശക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.