ഏഷ്യൻ കപ്പ്; മൂന്നാംഘട്ട ടിക്കറ്റുകൾ ഇന്നു മുതൽ
text_fieldsദോഹ: പന്തുരുളാൻ കാത്തിരിപ്പ് ദിനങ്ങൾ ഏതാനും ദിവസങ്ങളിലേക്ക് എത്തിയതിനു പിന്നാലെ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ മൂന്നാംഘട്ട ടിക്കറ്റ് വിൽപനക്ക് ബുധനാഴ്ച തുടക്കമാകും.
ഖത്തര്‍ സമയം വൈകീട്ട് നാലു മണി മുതല്‍ എ.എഫ്.സി ടിക്കറ്റിങ് പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് പ്രാദേശിക സംഘാടകരായ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. 25 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ആദ്യ രണ്ട് ഘട്ട ടിക്കറ്റ് വില്പനകളെയും ആവേശത്തോടെയാണ് ഫുട്ബാള്‍ ആരാധകര്‍ വരവേറ്റത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ആതിഥേയരായ ഖത്തറിനും സൗദി അറേബ്യക്കും പിന്നില്‍ മൂന്നാമതായി ഇന്ത്യയുണ്ട്.
നവംബർ 19നായിരുന്നു രണ്ടാംഘട്ട ടിക്കറ്റ് വിൽപന തുടങ്ങിയത്. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം 90,000ത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. തുടർന്നുള്ള ദിനങ്ങളിലായി വിവിധ രാജ്യക്കാരായ ആരാധകർ ടിക്കറ്റുകൾ വാങ്ങിക്കൂട്ടി. ഏഷ്യൻ കപ്പിലേക്ക് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ ഇന്ത്യ ഉൾപ്പെടെ ടീമുകൾ ഈ മാസം അവസാനത്തോടെ ഖത്തറിൽ എത്തിത്തുടങ്ങും.
സഹലും രാഹുല്‍ കെ.പിയും അടക്കം മലയാളി താരങ്ങൾ ഇന്ത്യയുടെ സാധ്യതാ സംഘത്തിലുള്ളത് ഖത്തറിലുള്ള പ്രവാസി ആരാധകര്‍ക്ക് കൂടുതല്‍ ആവേശംപകരും. മൂന്നാംഘട്ട ടിക്കറ്റ് വില്പനയിലും വലിയ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 12ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍-ലബനാന് മത്സരത്തോടെ ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ഏഴ് ലോകകപ്പ് വേദികളടക്കം ഒമ്പത് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് ഫെബ്രുവരി 10നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.