ഏഷ്യൻ കപ്പ് അണ്ടർ 23 ഫുട്ബാൾ; കുവൈത്ത്, ഇറാഖ് യോഗ്യത നേടി
text_fieldsകുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് അണ്ടർ 23 ഫുട്ബാളിന് യോഗ്യത നേടി കുവൈത്തും ഇറാഖും. യോഗ്യത റൗണ്ട് ഗ്രൂപ് എഫിൽ ഒന്നാമതെത്തിയ ഇറാഖിന് പിറകിൽ രണ്ടാം സ്ഥാനം നേടിയാണ് കുവൈത്ത് ഫൈനൽ റൗണ്ടിൽ കടന്നത്. ഗ്രൂപ്പിലെ അവസാന മത്സരം രണ്ട് ടീമും രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ഇതോടെ ഇരുടീമും ഏഴ് പോയന്റ് വീതം നേടിയെങ്കിലും ഗോൾ ശരാശരിയിലാണ് ഇറാഖ് കുവൈത്തിനെ മറികടന്നത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് തിമൂർ, മെക്കാവുവിനെ പരാജയപ്പെടുത്തി (സ്കോർ: 5-0). ഈ ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല.
കുവൈത്തിലെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ (48ാം മിനിറ്റ്) സൽമാൻ അൽ-അവദിയിലൂടെ കുവൈത്താണ് ആദ്യം സ്കോർ ചെയ്തത്. 65ാം മിനിറ്റിൽ ബാൻദർ അൽ സലാമ ലീഡ് ഇരട്ടിയാക്കി. എന്നാൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇറാഖ് സമനില പിടിച്ചു. 69ാം മിനിറ്റിൽ ദുൽ-ഫഖർ യൂനസും 70ാം മിനിറ്റിൽ മുസ്തഫ അൽകോർജിയും ഇറാഖിനുവേണ്ടി വല കുലുക്കി.
2022 ഫിഫ ലോകകപ്പ് ഫൈനൽ അരങ്ങേറിയ ഖത്തറാണ് 2024 ജനുവരിയിൽ ഏഷ്യൻ കപ്പ് അണ്ടർ 23 ഫൈനൽ റൗണ്ടിന് ആതിഥേയത്വം വഹിക്കുന്നത്. ഐക്കണിക് ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തറും ലെബനനും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.