മോട്ടിവേഷൻ സ്റ്റോറിയിൽ അനസ് എടത്തൊടികയെ ഓർമിപ്പിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ
text_fieldsഓട്ടോറിക്ഷക്കാരനായി തുടങ്ങി ഇന്ത്യൻ ഫുട്ബാളിെൻറ പ്രതിരോധം വരെ കാക്കാൻ കെൽപുള്ളവനായി വളർന്ന മലയാളി താരം അനസ് എടത്തൊടിക നൽകുന്ന ജീവിത പാഠം വലുതാണ്. ഏതു ജീവിതത്തിനിടയിലും തെൻറ വലിയ സ്വപ്നങ്ങൾ കാണാൻ പഠിക്കണമെന്ന മഹത്തായ പാഠം പഠിപ്പിച്ച കളിക്കാരൻ.
ഈ മലയാളി താരത്തിെൻറ ജീവിത കഥ കഴിഞ്ഞ ദിവസം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഓർമിപ്പിച്ചു. ഏഷ്യൻ കപ്പ് 2023 ട്വിറ്റർ അകൗണ്ടിലെ 'മൺഡേ മോട്ടിവേഷൻ' ട്വീറ്റിലാണ് അനസ് എടത്തൊടികയെ എടുത്തു പറഞ്ഞത്. ഓട്ടോറിക്ഷയിൽ നിന്ന് തുടങ്ങി ഇന്ത്യൻ ഫുട്ബാൾ ടീമിലെത്തി സ്വപ്നം സാക്ഷാത്കരിച്ച മലപ്പുറത്തുകാരൻ എന്ന ട്വീറ്റോടു കൂടിയായിരുന്നു മോട്ടിവേഷനായി എ.എഫ്.സി അനസിനെ ഓർമിപ്പിച്ചത്.
കൊണ്ടോട്ടി മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകനായി 1987 ഫെബ്രുവരി 15നായിരുന്നു അനസിെൻറ ജനനം. പിതാവ് ബസ് ഡ്രൈവറായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻററി സ്കൂൾ, മഞ്ചേരി എൻ.എസ്.എസ് കോളജ്, ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അനസ് ജീവിത ഭാരം ചുമന്നത് ഓട്ടോറിക്ഷക്കാരനായിട്ടായിരുന്നു. അപ്പോഴും തെൻറ വലിയ ഫുട്ബാൾ സ്വപ്നം വിട്ടിരുന്നില്ല. സെവൻസ് ഫുട്ബാളിലൂടെ കളിച്ചു വളർന്ന താരം ഒടുവിൽ ഇന്ത്യൻ ഫുട്ബാളിലെ പ്രതിരോധ നായകനായി മാറി.
2007ൽ ഐ ലീഗ് െസക്കൻറ് ഡിവിഷൻ ക്ലബായ മുംബൈ എഫ്.സിയിൽ ചേർന്നാണ് അനസ് പ്രഫഷണൽ ഫുട്ബാളിലേക്ക് കാലെടുത്തു വെക്കുന്നത്. ആദ്യ വർഷം തന്നെ മുംബൈ എഫ്.സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്ചവെച്ച അനസിനെ 2011 വരെ മുംബൈ എഫ്.സി ടീം മറ്റാർക്കും നൽകിയില്ല.
പിന്നീട് തട്ടകം പൂനെ എഫ്.സിയായിരുന്നു. മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ അയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു. പൂനെ എ.എഫ് സിയിലൂടെയായിരുന്നു െഎ.എസ്.എൽ പ്രവേശനം.
ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിെൻറ ഇഷ്ട താരവുമായി. 2016-17 ഐ.എസ്.എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.
ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയതും പ്രസിദ്ധവുമായ മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് മാത്രം റണ്ണേഴ്‌സ് അപ്പിൽ ഒതുങ്ങിപ്പോയി. പിന്നീട് 2017ൽ ഐ.എസ്.എലിലെ ഏറ്റവും ഉയർന്ന തുകക്ക് (1.10 കോടി രൂപ) ജംഷഡ്പൂർ എഫ്.സി അനസിനെ സ്വന്തമാക്കി.
2018-19 സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടിയത്. അതിനിടക്ക് 2017 മുതൽ ഇന്ത്യൻ ദേശീയ ടീമിലും ഇടംപിടിച്ചു. 21ഓളം മത്സരങ്ങളാണ് ഔദ്യേഗികമായി ഇന്ത്യക്കായി കളിച്ചത്. ഇപ്പോൾ എ.ടി.കെ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.