ഏഷ്യൻ ഗെയിംസ് ഫുട്ബാൾ: നോക്കൗട്ടിലൊരിടം തേടി പുരുഷ, വനിത ടീമുകൾ
text_fieldsഹാങ്ചോ (ചൈന): ഏഷ്യൻ ഗെയിംസ് പുരുഷ, വനിത ഫുട്ബാൾ മത്സരങ്ങളുടെ ഗ്രൂപ്പുകൾ തിരിച്ചപ്പോൾ മുന്നേറ്റ പ്രതീക്ഷ നൽകുന്ന ഗ്രൂപ്പുകളിൽ ഉൾപ്പെട്ട് ഇന്ത്യ. ഈ വർഷം മൂന്ന് ടൂർണമെന്റുകൾ ജയിച്ച് മിന്നും ഫോമിൽ തുടരുമ്പോഴും മുൻ ചാമ്പ്യന്മാരായ പുരുഷ ടീമിന് മെഡൽ സാധ്യത വിദൂരത്താണ്. ഏഷ്യയിലെ കരുത്തരെല്ലാം ഗെയിംസിൽ മത്സരിക്കുന്നതിനാലാണിത്. അട്ടിമറികളിലൂടെ വെങ്കലം എങ്കിലും സ്വപ്നം കാണുന്നുണ്ട് ഇന്ത്യ.
ചൈന, ബംഗ്ലാദേശ്, മ്യാൻമർ ടീമുകൾ അടങ്ങുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും. ഇത് ഇന്ത്യയുടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കുന്നു. അണ്ടർ 23 താരങ്ങൾക്കും മൂന്ന് സീനിയർ താരങ്ങൾക്കുമാണ് ഏഷ്യാഡിൽ കളിക്കാനാവുക.
2022ൽ നടക്കേണ്ട ഗെയിംസ് 2023ലേക്ക് മാറ്റിയതിനാൽ 24 വയസ്സുവരെയുള്ളവർക്ക് അനുമതിയുണ്ട്. ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘത്തിൽ സീനിയർ താരങ്ങളായ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, ഡിഫൻഡർ സന്ദേശ് ജിങ്കാൻ എന്നിവർക്ക് ഇടമുണ്ടായേക്കും.
ചൈനീസ് തായ്പേയ്, തായ്ലാൻഡ് ഉൾപ്പെടുന്ന ഗ്രൂപ് ബിയിലാണ് ഇന്ത്യൻ വനിത ടീം. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിൽ കടക്കും. ഒളിമ്പിക് യോഗ്യത റൗണ്ടിൽ കിർഗിസ്താനെ രണ്ട് തവണ തോൽപിച്ച വനിതകളും നോക്കൗട്ട് പ്രതീക്ഷയിലാണ്. ഏഷ്യൻ റാങ്കിങ്ങിൽ എട്ടിൽ താഴെ നിൽക്കുന്നതിനാൽ ഇന്ത്യയുടെ പുരുഷ, വനിത ഫുട്ബാൾ ടീമുകളെ ഗെയിംസിന് അയക്കേണ്ടതില്ലെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് തിരുത്തിയത്.
പുരുഷ ഗ്രൂപ്
എ: ചൈന, ബംഗ്ലാദേശ്, മ്യാൻമർ, ഇന്ത്യ
ബി: വിയറ്റ്നാം, സൗദി അറേബ്യ, ഇറാൻ, മംഗോളിയ
സി: ഉസ്ബകിസ്താൻ, സിറിയ, ഹോങ്കോങ്, അഫ്ഗാനിസ്താൻ
ഡി: ജപ്പാൻ, ഫലസ്തീൻ, ഖത്തർ
ഇ: ദക്ഷിണ കൊറിയ, ബഹ്റൈൻ, തായ്ലാൻഡ്, കുവൈത്ത്
എഫ്: ഉത്തര കൊറിയ, ഇന്തോനേഷ്യ, കിർഗിസ്താൻ, ചൈനീസ് തായ്പേയ്
വനിതാ ഗ്രൂപ്
എ: ചൈന, ഉസ്ബകിസ്താൻ, മംഗോളിയ
ബി: ചൈനീസ് തായ്പേയ്, തായ്ലാൻഡ്, ഇന്ത്യ
സി: ഉത്തര കൊറിയ, സിംഗപ്പൂർ, കംബോഡിയ
ഡി: ജപ്പാൻ, വിയറ്റ്നാം, നേപ്പാൾ, ബംഗ്ലാദേശ്
ഇ: ദക്ഷിണ കൊറിയ, ഹോങ്കോങ്, ഫിലിപ്പീൻസ്, മ്യാൻമർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.