‘നാലിലേക്ക് തിരിച്ചുകയറൽ ഇനി എളുപ്പമല്ല’, ഞെട്ടിക്കുന്ന തോൽവിയിൽ പകച്ച് ടോട്ടൻഹാം
text_fieldsഹ്യൂുഗോ ലോറിസിന്റെ വമ്പൻ പിഴവിനൊപ്പം മുന്നേറ്റത്തിൽ ഹാരി കെയ്നും പെരിസിച്ചും സണ്ണും പലവട്ടം തോറ്റുപോയതും ചേർന്നപ്പോൾ സ്വന്തം മൈതാനത്തുപോലും രക്ഷയില്ലാതെ ടോട്ടൻഹാം. മികച്ച തുടക്കവുമായി സീസണെ വരവേറ്റവർ വിലപ്പെട്ട നാലാം സ്ഥാനവും അതുവഴി ചാമ്പ്യൻസ് ലീഗ് യോഗ്യതയും തിരിച്ചുപിടിക്കാമെന്ന മോഹം പാതിവഴിയിൽ നിർത്തി മൈതാനത്ത് ഓടിനടന്ന കളിയിലാണ് എതിരില്ലാത്ത രണ്ടു ഗോളിന് ആസ്റ്റൺ വില്ലക്കു മുന്നിൽ വീണത്. ഇതോടെ, മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാം സ്ഥാനം നിലനിർത്തിയതിനൊപ്പം ലിവർപൂൾ ഇന്ന് ജയിച്ചാൽ ടോട്ടൻഹാം പിന്നെയും താഴെയിറങ്ങി ആറാമതാകുകയും ചെയ്യും.
മാരക പ്രകടനവുമായി കരുത്തരെ ഞെട്ടിക്കുന്ന പതിവ് തുടരുന്ന വില്ലക്കു മുന്നിൽ ആതിഥേയർ തുടക്കം മുതൽ ഉഴറുന്നതായിരുന്നു ടോട്ടൻഹാം മൈതാനത്തെ കാഴ്ച. കളിയിൽ ആദ്യ ഗോൾനീക്കവുമായി വരവറിയിച്ച സന്ദർശകർ തുടക്കം മുതൽ ആധിപത്യം കാട്ടി. ലോകകപ്പിൽ ഫ്രഞ്ച് വല കാത്ത് തിരിച്ചെത്തിയ ഹ്യുഗോ ലോറിസ് 50ാം മിനിറ്റിൽ നടത്തിയ അരുതാത്ത അബദ്ധമാണ് ടോട്ടൻഹാം വലയിൽ ആദ്യ പന്തെത്തിച്ചത്. ഡഗ്ലസ് ലൂയിസിന്റെ ലോങ് റേഞ്ച് ഷോട്ട് തടുത്തിട്ട ലോറിസിന്റെ കൈകൾക്കപ്പുറത്തേക്കു നീങ്ങിയ പന്ത് ഓടിയെത്തിയ വില്ല താരം നിയന്ത്രണത്തിലാക്കുകയായിരുന്നു. വീണുകിടന്ന ഗോളിയെ കടന്ന് ബുവൻഡിയ ഗോളാക്കിയതിനു പിറകെ ആവേശം ഇരട്ടിയാക്കിയവർ 73ം മിനിറ്റിൽ വീണ്ടും ആതിഥേയ വല തുളച്ചു. ഇത്തവണ ലൂയിസ് ആയിരുന്നു സ്കോറർ.
അവസരങ്ങൾ ചിലത് തുറന്നുകിട്ടിയ ടോട്ടൻഹാം പക്ഷേ, ലക്ഷ്യത്തിനരികെ എല്ലാം കളഞ്ഞുകുളിച്ചതോടെ കാര്യമായ വെല്ലുവിളികളില്ലാതെ സന്ദർശകർ ജയവുമായി മടങ്ങി.
വില്ല പരിശീലക പദവിയിൽ എത്തിയ ഉനയ് എമറിക്കൊപ്പം ടീം കൂടുതൽ കരുത്തുകാട്ടുന്നത് വരുംമത്സരങ്ങളിൽ വമ്പന്മാർക്ക് പുതിയ ഭീഷണിയാകും. പോയിന്റ് പട്ടികയിൽ 12ാം സ്ഥാനത്താണ് വില്ല.
ഫ്രഞ്ച് ഗോളി ലോറിസിനെതിരെ അർജന്റീന കീപർ എമിലിയാനോ മാർടിനെസ് അണിനിരക്കുമെന്ന പ്രതീക്ഷ നൽകിയ മത്സരത്തിൽ താരം സൈഡ് ബെഞ്ചിലിരുന്നു. കഴിഞ്ഞയാഴ്ച ലിവർപൂളിനെതിരെ കളി തോറ്റ അതേ സംഘത്തെയാണ് എമറി ടോട്ടൻഹാമിനെതിരെയും ഇറക്കിയത്. മുൻനിരയിൽ ലൂയിസും കമാറയും മാരക ഫോം തുടർന്നപ്പോൾ ഏതുനിമിഷവൂം എതിർവലയിൽ ഗോൾ വീഴുമെന്നതായി സ്ഥിതി. അതിവേഗം മധ്യനിര കടന്ന പന്തുകൾ വരുതിയിലാക്കാൻ ടോട്ടൻഹാം പ്രതിരോധം ശരിക്കും പണിപ്പെട്ടു.
മറുവശത്ത്, പ്രതിസന്ധിയിൽനിന്ന് കൂടുതൽ ഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുംപോലെയാണ് ഹോട്സ്പറിലെ വിശേഷങ്ങൾ. ഹാരി കെയ്നും സൺ ഹ്യൂങ് മിന്നും അണിനിരക്കുന്ന മുന്നേറ്റത്തിൽ പെരിസിച് കൂടി ചേരുന്നത് കരുത്തുകൂട്ടേണ്ടതായിരുന്നെങ്കിലും കൂട്ടുകെട്ട് പലപ്പോഴും പാളിയത് ഞെട്ടലായി. തുടർച്ചയായ ഏഴാം മത്സരത്തിൽ ടീം രണ്ടു ഗോൾ വഴങ്ങിയത് പ്രതിരോധത്തിലെ വൻവീഴ്ചകളും തുറന്നുകാട്ടി. ക്ലബിന്റെ ചരിത്രത്തിൽ സമീപകാലത്ത് ആദ്യമായാണ് ഇത്രയും ഗോളുകൾ വാങ്ങിക്കൂട്ടുന്നത്. തോൽവി തുടർന്നാൽ, പരിശീലക പദവിയിൽ അന്റോണിയോ കോന്റെക്കും ഭീഷണിയാകും.
സമൂഹ മാധ്യമങ്ങളിൽ ടീം ഇലവനും ഗെയിം പ്ലാനും സംബന്ധിച്ച് കടുത്ത വിമർശനങ്ങളുയർന്നുകഴിഞ്ഞു. പെരിസിച്ചിനെ ടീമിലെടുത്തതും ആദ്യ ഇലവനിൽ ഇറക്കുന്നതും ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.