വില്ല പാർക്കിലെ വിജയഗാഥ
text_fieldsലണ്ടൻ: വർഷങ്ങളായി ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, യുനൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്സനൽ എന്നിങ്ങനെ ചില വമ്പന്മാർക്ക് ചുറ്റുമായിരുന്നു കാമറക്കണ്ണുകൾ. അവരുടെ വാഴ്ത്തുപാട്ടുകളായിരുന്നു മാധ്യമങ്ങളിൽ. അവക്കിടയിൽ ഉനയ് എമറിയെന്ന ആശാനെ കൂട്ടി വില്ല പാർക്കിൽനിന്നുയർന്ന പുതു നക്ഷത്രമായി ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുമ്പോൾ കൗതുക കഥകൾ പലതുണ്ട് പങ്കുവെക്കാൻ. ടീമുകളുടെ എണ്ണം കൂട്ടിയ, വരുമാനമേറെ വാരുന്ന പുതിയ എഡീഷൻ ചാമ്പ്യൻസ് ലീഗാണ് അടുത്ത സീസൺ മുതൽ അരങ്ങുണരുന്നത്. അതിലേക്കാണ് പതിറ്റാണ്ടുകൾക്കിടെ കന്നിക്കാരായി വില്ലക്കാർ പന്തു തട്ടാനെത്തുന്നത്.
ന്യൂകാസിൽ യുനൈറ്റഡിനു മുന്നിൽ 5-1ന്റെ വമ്പൻ തോൽവിയോടെയായിരുന്നു ടീമിന് സീസൺ തുടക്കം. പക്ഷേ, ഉനയ് എമറിയെന്ന് മാന്ത്രികൻ പിന്നീട് ക്ലബിന്റെ ചിത്രമാകെ മാറ്റി. ആദ്യാവസാനം ഒരേ താളത്തിൽ വിജയകഥകളുമായി ടീം മുന്നേറി. ആദ്യ സ്ഥാനങ്ങളിൽ നിന്ന് താഴോട്ടിറങ്ങാതെ, വമ്പന്മാർക്കെതിരെ അദ്ഭുത ജയങ്ങളുമായി ടീം കുതിച്ചുകൊണ്ടിരുന്നു. ഒടുവിൽ, വലിയ വിജയങ്ങളുടെ തമ്പുരാന്മാരായ മാഞ്ചസ്റ്റർ സിറ്റിയും കൂടെ ആഴ്സനലും ലിവർപൂളും ആദ്യ മൂന്നു സ്ഥാനങ്ങളുറപ്പിച്ചപ്പോൾ പിന്നെ പോരാട്ടം നാലാമൻ ആരെന്നതായി. ടോട്ടൻഹാം ഹോട്സ്പർ ആയിരുന്നു അവസാനം വരെയും സാധ്യതയുടെ വാതിൽ തുറന്നുവെച്ച് കൂടെ മത്സരം കനപ്പിച്ചത്. നിർണായക മത്സരത്തിൽ സിറ്റിക്കു മുന്നിൽ ടീം വീണ് അതും അവസാനിച്ചപ്പോൾ വില്ല പാർകിൽ ആവേശം അണപൊട്ടി.
ഗോൾ കീപർ എമിലിയാനോ മാർടിനെസ് എന്ന അർജന്റീന ഗോൾകീപറിൽ തുടങ്ങുന്നു ടീം നടത്തിയ കുതിപ്പുകളുടെ വലിയ കഥകൾ. നാല് മുൻനിര ടീമുകളുമായുള്ള മുഖാമുഖത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമെന്ന നേട്ടം വില്ലക്കാണ്- ആറു കളികളിൽ 10 പോയിന്റ്. തുടർച്ചയായ ജയങ്ങളുമായി ഏവരിലും ഞെട്ടൽ സൃഷ്ടിച്ചായിരുന്നു പലപ്പോഴും കുതിപ്പ്. അവസാനം ലിവർപൂളിനെതിരായ പോരാട്ടത്തിൽ 1-3ന് പിറകിൽ നിന്ന ശേഷമായിരുന്നു അദ്ഭുതകരമായ തിരിച്ചുവരവ്.
പണ്ട് യൂറോപ്യൻ കപ്പായിരുന്നു യുവേഫ ചാമ്പ്യൻസ് ലീഗ് 1991-92ൽ പുതിയ പേര് സ്വീകരിച്ച ശേഷം ഇതുവരെ ആസ്റ്റൺ വില്ല അതിന് യോഗ്യത നേടിയിട്ടില്ല. യൂറോപ്യൻ കപ്പിൽ ടീം അവസാനമായി കളിച്ചതാകട്ടെ, 1982-83ലും. പ്രിമിയർ ലീഗ് കഴിഞ്ഞ സീസണുകളിൽ 14, 17 സ്ഥാനങ്ങളിലിരുന്ന ടീമാണിപ്പോൾ സ്വപ്നതുല്യമായ കുതിപ്പുമായി നാലാം സ്ഥാനത്തേക്കുയർന്നത്. ഉനയ് എമറിയെന്ന പരിശീലകനാകട്ടെ തന്റെ കരിയറിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുന്ന ആറാം ക്ലബുമാണ്. വലൻസിയ, മോസ്കോ സ്പാർട്ടക്, സെവിയ്യ, പി.എസ്.ജി, വിയ്യ റയൽ എന്നിവയായിരുന്നു മുൻ ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.