ഇന്ത്യൻ ഫുട്ബാളിനെ നന്നാക്കാൻ ജ്യോത്സ്യൻ: സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
text_fieldsഇന്ത്യൻ ഫുട്ബാൾ ടീമിനെ സഹായിക്കാൻ 16 ലക്ഷം രൂപക്ക് ജ്യോത്സ്യനെ നിയമിച്ച ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. കഴിഞ്ഞ ദിവസം 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തയാണ് ട്രോളുകളിൽ നിറഞ്ഞത്.
ഗോൾ പോസ്റ്റ് വടക്കുഭാഗത്തുനിന്ന് മാറ്റി കിഴക്ക് സ്ഥാപിക്കണമെന്നും കാലിൽ എല്ലാവരും പൂജിച്ച രക്ഷാതകിട് ധരിക്കണമെന്നും ജ്യോത്സ്യൻ ഇന്ത്യൻ ടീമിനോട് ഉപദേശിക്കുന്നതാണ് ഒരു ട്രോൾ. കോർണർ കന്നിമൂലയിൽനിന്ന് മാറ്റാതെ ടീം രക്ഷപ്പെടില്ലെന്ന് മറ്റൊന്നിൽ പറയുന്നു. ഇന്ത്യൻ താരത്തോട് റഫറി കോർണർ കിക്കെടുക്കാൻ പറയുന്നതാണ് മറ്റൊരു ട്രോൾ. എന്നാൽ, താരം അതിന് തയാറാവാത്തതിനാൽ റഫറിയാണ് പറയുന്നതെന്ന് ഓർമിക്കുന്നു. എന്നാൽ, റഫറിയല്ല ആര് പറഞ്ഞാലും കന്നിമൂലയിൽനിന്ന് കിക്കെടുക്കാൻ പറ്റില്ലെന്നാണ് മറുപടി.
നിരവധി കമന്റുകളാണ് ട്രോളുകൾക്ക് താഴെ വരുന്നത്. എതിർ ടീമിനെ കൂടോത്ര മുട്ട വെച്ച് ഇല്ലാതാക്കാനും ഒരാൾ വേണമെന്ന ആവശ്യമാണ് ഒരാൾ ഉന്നയിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ കളി പാടില്ലെന്നും കമന്ററിയും പണിക്കരെ ഏൽപ്പിക്കണമെന്നും ഉപദേശമുണ്ട്. ജഴ്സിക്ക് കാക്കി കൂടി ആയാൽ ഡബിൾ ഓകെയെന്നും കളി തുടങ്ങുന്നതിന് മുമ്പ് ഗ്രൗണ്ടിന് ചുറ്റും പന്ത്രണ്ട് വട്ടം ശയനപ്രദക്ഷിണം വെക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. ഫുട്ബാൾ ടീമിന്റെ ഭാവി എന്തായാലും ജ്യോത്സ്യന്റെ ഭാവി സുരക്ഷിതമായെന്ന് അഭിപ്രായമുള്ളവരുമുണ്ട്. 'എതിർ ടീമിന്റെ ഗോൾ പോസ്റ്റ് കന്നിമൂലയിൽ ആയാൽ നമ്മൾ കളി ജയിക്കും ഉറപ്പ്' എന്നാണ് മറ്റൊരാൾ ഫേസ്ബുക്കിൽ കുറിച്ചത്.
ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലേക്ക് ഒരു ജ്യോത്സ്യക്കമ്പനിയെ ഫെഡറേഷന്‍ നിയമിച്ചതായിരുന്നു വാർത്ത. 16 ലക്ഷമാണ് ഇതിനായി ചെലവിട്ടത്. കളിക്കാരെ പ്രചോദിപ്പിക്കുക, പ്രതീക്ഷയോടെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യങ്ങളോടെയാണ് ഒരു ആസ്‌ട്രോളജിക്കല്‍ സ്ഥാപനവുമായി ഫുട്ബാൾ ഫെഡറേഷൻ കൈകോര്‍ത്തത്. ഇതിനെതിരെ പല കോണുകളില്‍നിന്ന് വിമര്‍ശനം ഉയർന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമോയ് ബോസ് ഫുട്‌ബാള്‍ ഫെഡറേഷനെതിരെ നിശിത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.