കാമറൂണിൽ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും എട്ട് ഫുട്‌ബാള്‍ ആരാധകര്‍ക്ക് ദാരുണാന്ത്യം
text_fieldsയൗണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബാൾ നടക്കുന്ന കാമറൂണിലെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കിലും പെട്ട് എട്ടുപേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കാമറൂൺ റേഡിയോ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കാമറൂൺ തലസ്ഥാനമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിൽ തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്.
ആതിഥേയരായ കാമറൂണും കൊമോറൊസ് ദ്വീപുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം കാണാനെത്തിയ ആരാധകരാണ് അപകടത്തിൽപ്പെട്ടത്. മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ തിക്കും തിരക്കുമുണ്ടാക്കിയതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും.
മരണനിരക്ക് ഇനിയും കൂടിയേക്കാമെന്ന് കാമറൂണ്‍ സെന്‍ട്രല്‍ റീജിയണ്‍ ഗവര്‍ണര്‍ നസേരി പോള്‍ ബിയ അറിയിച്ചു. പരിക്കേറ്റവരെ കാമറൂണിലെ മെസ്സാസ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. 60,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഒലെംബെ സ്റ്റേഡിയത്തിനുള്ളത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ ഇത് 50,000 ആയി ചുരുക്കിയിരുന്നു.
സ്റ്റേഡിയത്തിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സംഘാടകരായ ആഫ്രിക്കന്‍ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷന്‍ (സി.എ.എഫ്) അറിയിച്ചു. സി.എ.എഫ് സെക്രട്ടറി ജനറൽ ഉടൻ യൗണ്ടെയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് വേദിയാകുന്നത്. 2019ല്‍ കാമറൂണിന് അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് ഈജിപ്തിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, കൊമോറൊസ് ദ്വീപിനെതിരായ മത്സരത്തില്‍ കാമറൂണ്‍ വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ഒരുദിവസത്തെ ഇടവേളയിൽ യൗണ്ടെയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഞായറാഴ്ച ഒരു നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. എട്ടുപേർക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.