പത്തുപേരുമായി റയലിനെ സമനിലയിൽ തളച്ച് അത്‍ലറ്റികോ; ലീഡ് കുറക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
text_fieldsസ്പാനിഷ് ലാ ലീഗയിലെ മഡ്രിഡ് ഡർബിയില്‍ പത്തുപേരായി ചുരുങ്ങിയ അത്‍ലറ്റികോ മഡ്രിഡിനോട് സമനില വഴങ്ങി കരുത്തരായ റയൽ മഡ്രിഡ്. സാന്‍റിയാഗോ ബെർണബ്യൂവില്‍ ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. കിരീടപോരിൽ ബാഴ്സയുമായുള്ള ലീഡ് കുറക്കാനുള്ള അവസരമാണ് സ്വന്തം കാണികൾക്കു മുന്നിൽ റയൽ നഷ്ടപ്പെടുത്തിയത്.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ പ്രതിരോധത്തിലൂന്നി കളിച്ച എതിരാളികൾ റയലിന്‍റെ ഗോളിലേക്കുള്ള എല്ലാ വഴികളും അടച്ചു. പന്തടക്കത്തിലും ആക്രമണത്തിലും റയൽ മുന്നിൽ നിന്നെങ്കിലും ഗോൾ മാത്രം വന്നില്ല. ഇടത് വിങ്ങില്‍ ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കങ്ങളൊന്നും ഗോളിലേക്ക് എത്തിയില്ല. സൂപ്പർ താരം കരീം ബെന്‍സേമ ഫോമിലെത്തിയതുമില്ല.
അത്‍ലറ്റികോയുടെ സ്ലോവേനിയർ ഗോൾകീപ്പർ ജാൻ ഒബ്ലേക്കുടെ തകർപ്പൻ സേവുകളും നിർണായകമായി. 64ാം മിനിറ്റിൽ റയല്‍ പ്രതിരോധ താരം ആന്‍റോണിയോ റൂഡിഗറിനെ കൈമുട്ട് കൊണ്ട് ഇടിച്ചതിന് അത്‍ലറ്റികോയുടെ ഏഞ്ചല്‍ കോറിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 10 പേരുമായി ചുരുങ്ങിയിട്ടും 78ാം മിനിറ്റില്‍ ഗ്രീസ്‍മാന്‍റെ ഫ്രീകിക്കിന് തലവെച്ച് മരിയ ഗിമനെസ് അത്‍ലറ്റികോയെ മുന്നിലെത്തിച്ചു.
പിന്നാലെ റയൽ സമനില ഗോളിനായി ഉണർന്നു കളിച്ചു. പകരക്കാരന്‍റെ വേഷത്തിലെത്തിയ യുവതാരം ആല്‍വാരോ റോഡ്രിഗസ് 85ാം മിനിറ്റിൽ റയലിനെ ഒപ്പമെത്തിച്ചു. ലൂക്കാ മോഡ്രിച്ചിന്‍റെ കോർണറില്‍നിന്ന് തകർപ്പന്‍ ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്. റയല്‍ സീനിയർ ടീമിനായി അരങ്ങേറി വെറും രണ്ടാം മത്സരത്തിലാണ് 18കാരനായ ആല്‍വാരോ വലകുലുക്കുന്നത്.
ഷോട്ട് ഓൺ ടാർഗറ്റിലേക്ക് റയൽ ഏഴു ഷോട്ടുകളാണ് തൊടുത്തത്. 23 മത്സരങ്ങളിൽനിന്ന് 52 പോയന്‍റുമായി റയൽ പോയന്‍റ് പട്ടികയിൽ രണ്ടാമതാണ്. ഒന്നാതുള്ള ബാഴ്സക്ക് ഏഴു പോയന്‍റ് ലീഡുണ്ട്. 22 കളിയിൽനിന്ന് 59 പോയന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.