റയലിന് സീസണിലെ ആദ്യ തോൽവി; വീഴ്ത്തിയത് അത്‌ലറ്റികോ മാഡ്രിഡ്
text_fieldsമാഡ്രിഡ്: സ്പാനിഷ് ലീഗ് പുതിയ സീസണിൽ ആദ്യ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. തുടർച്ചയായ ആറാം ജയം തേടി ഇറങ്ങിയ റയലിനെ 3-1 നാണ് അത്‌ലറ്റികോ മാഡ്രിഡ് തകർത്തത്.
സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനൊയിൽ വെച്ചു നടന്ന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി അൽവാരോ മൊറാട്ട ഇരട്ട ഗോളുകളും അന്റോണിയോ ഗ്രീസ്മാൻ ഒരു ഗോളും നേടി. ടോണി ക്രൂസാണ് റയലിനായി ആശ്വാസ ഗോൾ നേടിയത്.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ അത്‌ലറ്റികോ ലീഡെടുത്തു. ഇടതുവിങ്ങിൽ നിന്നും സാമുവൽ ലിനോ നൽകിയ ക്രോസ് ഉജ്വല ഹെഡറിലൂടെ അൽവരോ മൊറാട്ട ലക്ഷ്യം കാണുകയായിരുന്നു. 18ാം മിനിറ്റിൽ ഗ്രീസ്മാൻ ലീഡ് ഇരട്ടിയാക്കി. ഇടത് വിങ്ങിൽ ബോക്സ് ലൈനിന് അരികിൽ നിന്ന് മിഡ്ഫീൽഡൽ സൗൾ നിഗ്വസ് നൽകിയ ക്രോസിൽ ഗ്രീസ്മാൻ തല വെക്കുകയായിരുന്നു. 35ാം മിനിറ്റിലാണ് റയൽ മറുപടി ഗോൾ നേടുന്നത്. ബോക്സിന് മുന്നിൽ നിന്ന് ലഭിച്ച പന്ത് ടോണി ക്രൂസ് ലോറന്റെയെ ഡ്രിബിൾ ചെയ്ത് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അത്‌ലറ്റികോ അവരുടെ ലീഡുയർത്തി. ഇടതുവിങ്ങിലേക്ക് ഗ്രീസ്മാൻ നൽകിയ പാസ് സ്വീകരിച്ച് സൗൾ നൽകിയ ക്രോസിൽ മൊറാട്ട ഒരിക്കൽ കൂടെ ഹെഡ് ചെയ്ത് വലയിലെത്തിച്ചു. അത്ലറ്റികോയുടെ മൂന്ന് ഗോളും സമാനതകൾ ഉള്ളതായിരുന്നു. ഇടതുവിങ്ങിൽ നിന്നുള്ള ക്രോസിൽ ഹെഡിലൂടെയാണ് മൂന്ന് ഗോളും പിറന്നത്.
ലാലീഗയിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ച് മുന്നേറിയ റയലിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയാണിത്. ലീഗിൽ ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും ഗിറോണ രണ്ടാമതുമാണ്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.