ബെൻസേമ ഡബ്ളിൽ ജയിച്ച് റയൽ; ഗെറ്റാഫെക്കു മുന്നിൽ കുരുങ്ങി അത്ലറ്റികോ- ലാ ലിഗയിൽ കിരീട പോരാട്ടം കനക്കുന്നു
text_fieldsമഡ്രിഡ്: അവസാന വിസിൽ മുഴങ്ങാനിരിക്കെ എതിർവല തുളച്ച് ബെൻസേമ റയൽ മഡ്രിഡിന്‍റെ രക്ഷകൻ. എൽചെക്കെതിരായ മത്സരത്തിലാണ് ഒന്നിനെതിരെ ബെൻസേമ നേടിയ രണ്ടു ഗോളുകൾക്ക് ജയിച്ച് റയൽ രണ്ടാം സ്ഥാനത്ത് തത്കാലം നില ഭദ്രമാക്കിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം കാൽവോ സാൻറോമൻ 61ാം മിനിറ്റിൽ നേടിയ ഗോളിന് എൽചെയാണ് ആദ്യം മുന്നിലെത്തിയത്. 73ാം മിനിറ്റിൽ ലൂക മോഡ്രിച് നൽകിയ പാസ് ഗോളാക്കി മാറ്റി ബെൻസേമ തുടങ്ങി. സമനിലയിൽ കളിയവസാനിച്ചുവെന്ന് തോന്നിയ ഘട്ടത്തിൽ കാസമീറോയെ കൂടെ കൂട്ടി ഫ്രഞ്ച് താരം വീണ്ടും ഗോൾ നേടി ടീമിനെ നിർണായക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയത്തോടെ തത്കാലം രണ്ടാം സ്ഥാനത്തേക്കുയർന്ന റയൽ ബാഴ്സലോണയുടെ ഇന്നത്തെ കളി തീരും വരെയെങ്കിലും അതേ സ്ഥാനത്ത് തുടരും. ബാഴ്സക്ക് ഹുവസ്കയാണ് എതിരാളികൾ.
തുടർച്ചയായ രണ്ടു സമനിലകളുടെ ആധിയിലാണ് ശനിയാഴ്ച റയൽ സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടിയത്. ആദ്യം ഗോൾ വീഴുക കൂടി ചെയ്തതോടെ എല്ലാം കൈവിട്ടുവെന്ന് തോന്നിച്ചെങ്കിലും വെറ്ററൻ കരുത്ത് തുണച്ച് ടീം ജയം തൊടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ 10 പേരുമായി ചുരുങ്ങിയ ഗെറ്റാഫെയോട് ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോഗോൾരഹിത സമനിലയിൽ കുരുങ്ങി. 27 കളികളിൽ അത്ലറ്റിക്കോക്ക് 63 പോയിന്‍റാണ് സമ്പാദ്യം. റയൽ അത്രതന്നെ കളിച്ച് 57ഉം ബാഴ്സ 26 മത്സരങ്ങളിൽ 56 ഉം പോയിന്‍റുമായി പിറകിലുണ്ട്. 48 പോയിന്‍റുള്ള സെവിയ്യ നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.