സ്പെയിനിൽ അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡ് കിരീടപ്പോരാട്ടം, ബാഴ്സ ഒരടി പിന്നിൽ
text_fieldsമഡ്രിഡ്: ഒരു സെക്കൻഡിന് ജീവെൻറ വില എന്ന പോലെ, സ്പെയിനിൽ ഓരോ പോയൻറും ഇനി അമൂല്യമാണ്. ഒന്നു പിഴച്ചാൽ, അത് തീരാത്ത സങ്കടമാവും. റിലേ മത്സരത്തിലെ ഫിനിഷിങ് ലാപ്പിെൻറ ആവേശത്തിലേക്കുയർന്ന കുതിപ്പിൽ ഇനി രണ്ടുകളി കൂടി മാത്രം. രണ്ട് പോയൻറിെൻറ ഒരിഞ്ചു മുൻതൂക്കത്തിൽ അത്ലറ്റികോ മഡ്രിഡാണ് (36 കളിയിൽ 80 പോയൻറ്) ഒന്നാമത്.
തൊട്ടുതൊട്ടില്ല എന്ന നിലയിൽ രണ്ടാം സ്ഥാനത്ത് റയൽ മഡ്രിഡും (36-78) കുതിക്കുന്നു. ഇവരിൽ നിന്നും പിന്നിലാണ് ബാഴ്സലോണ (36-76). എന്നാൽ, രണ്ടു കളി ബാക്കിനിൽക്കുേമ്പാഴും ബാഴ്സലോണയെ എഴുതിത്തള്ളാനാവില്ല. അവസാന രണ്ട്കളിയിൽ അപ്രതീക്ഷിത സമനില പാലിച്ചതോടെ കിരീട പോരാട്ടത്തിൽ നിന്നും പിന്തള്ളപ്പെട്ട ബാഴ്സ ഇപ്പോഴും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.
ജയത്തോടെ റയലും അത്ലറ്റിക്കോയും
ഇനിയുള്ള ഒരോ കളിയും അതിനിർണായകമെന്ന ബോധ്യത്തിലായിരുന്നു മഡ്രിഡുകാരായ റയലും അത്ലറ്റിക്കോയും കളംവാണത്.ആറാം സ്ഥാനക്കാരായ റയൽ സൊസിഡാഡിനെ 2-1ന് തോൽപിച്ച് അത്ലറ്റികോ മഡ്രിഡ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, തൊട്ടുപിന്നാലെ ഗ്രനഡക്കെതിരെ ഇറങ്ങിയ റയൽ മഡ്രിഡും മോശമാക്കിയില്ല. കരിം ബെൻസേമയും, റോഡ്രിഗോയും പടനയിച്ച റയൽ ആദ്യ പകുതിയിൽ തന്നെ കളിപിടിച്ചു. 17ാം മിനിറ്റിൽ ലൂകാ മോഡ്രിച്ചും, 45ാം മിനിറ്റിൽ റോഡ്രിഗോയും നേടിയ ഗോളിലൂടെ ലീഡ് പിടിച്ച റയൽ ഒരിക്കൽ പോലും പതറിയില്ല. ആദ്യമായി െപ്ലയിങ് ഇലവനിൽ ഇടം പിടിച്ച 19കാരൻ മിഗ്വേൽ ഗ്വിറ്റിറസ് ഒരുക്കിയ അവസരമായിരുന്നു മോഡ്രിച്ച് വലയിലേക്ക് നിറച്ചത്. മറ്റൊരു യുവതാരമായ മാർവിൻ പാർകിെൻറ ടച്ചിൽ റോഡ്രിഗോയും സ്കോർ ചെയ്തു.രണ്ടാം പകുതിയിൽ ഒരു മിനിറ്റ് ഇടവേളയിൽ അൽവാരോ ഒഡ്രിസോളയും (75), കരിം ബെൻസേമയും (76) ചേർന്ന് പട്ടിക തികച്ചു. 71ാം മിനിറ്റിൽ ജോർജ് മോളിനയാണ് ഗ്രനഡയുടെ ആശ്വാസ ഗോൾകുറിച്ചത്.
അവസാന മത്സരത്തിൽ ബാഴ്സലോണയോട് സമനില പാലിച്ച അത്ലറ്റികോ മഡ്രിഡ്, 2-1നാണ് സൊസിഡാഡിനെ വീഴ്ത്തി തിരിച്ചെത്തിയത്. യാനിക് കരാസ്കോ (16), എയ്ഞ്ചൽ കൊറിയ (28) എന്നിവരുടെ ഗോളിലൂടെയായിരുന്നു അത്ലറ്റികോ മഡ്രിഡിെൻറ ജയം. ഒസാസുന, റയൽ വയ്യഡോളിഡ് എന്നിവർക്കെതിരാണ് അത്ലറ്റികോ മഡ്രിഡിെൻറ അടുത്ത മത്സരങ്ങൾ. റയൽ അത്ലറ്റിക് ബിൽബാവോയെയും, വിയ്യാറയലിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.