യുവേഫ ചാമ്പ്യൻസ് ലീഗ്: അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തി ലൈപ്സിഷ് സെമിയിൽ
text_fieldsലിസ്ബൺ: കാളക്കൂറ്റെൻറ കരുത്തുമായാണ് ജർമൻ ഫുട്ബാളിലേക്ക് ലൈപ്സിഷിെൻറ വരവ്. പരമ്പരാഗതമായി ആരാധകർ ഒാഹരി ഉടമസ്ഥരായ വൻ ക്ലബുകളുടെ കൂട്ടത്തിലേക്ക്, ഒരു സുപ്രഭാതത്തിലായിരുന്നു കോർപറേറ്റ് കമ്പനിയായ 'റെഡ്ബുളി'െൻറ സ്വന്തം ടീമായി ലൈപ്സിഷ് പിറവിയെടുത്തത്. ആ വരവ് കണ്ട് നെറ്റിചുളിച്ച യാഥാസ്ഥിതിക ക്ലബ് ആരാധകരുടെ കൂട്ടത്തിൽ ബയേൺ മ്യുണികിെൻറയും ഡോർട്മുണ്ടിെൻറയുമെല്ലാം ഇഷ്ടക്കാരുണ്ടായിരുന്നു. എനർജി ഡ്രിങ്ക്സ് കമ്പനിയുടെ ടീമായി 2009ൽ പിറന്നവർ, എട്ടുവർഷംകൊണ്ട് ജർമൻ ബുണ്ടസ്ലിഗയിലെ സൂപ്പർ ടീമായി. ഇപ്പോഴിതാ, 11ാം വർഷത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിെൻറ സെമിയിലും ഇടം ഉറപ്പിച്ചിരിക്കുന്നു. അതാവെട്ട കരുത്തരും യൂറോപ്യൻ കളിമുറ്റത്തെ പരിചയസമ്പന്നരുമായ അത്ലറ്റികോ മഡ്രിഡിനെ 2-1ന് അട്ടിമറിച്ച് മിന്നുന്ന ജയത്തിെൻറ അകമ്പടിയോടെയും.
സൂപ്പർ സബ് ആഡംസ്
ലിസ്ബണിലെ ജോസ് അൽവാഡെ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ പ്രവചനങ്ങളെല്ലാം ഡിഗോ സിമിയോണിയുടെ സംഘത്തിനൊപ്പമായിരുന്നു. ആറു വർഷത്തിനിടെ, രണ്ടുവട്ടം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വീണുപോയവർ, ഇക്കുറി നിലവിലെ ജേതാക്കളായ ലിവർപൂളിനെ അട്ടിമറിച്ച് വന്നപ്പോൾ കിരീട സാധ്യതയിലും മുന്നിലായിരുന്നു. 33കാരനായ ജൂലിയാൻ നാഗൽസ്മാെൻറ ലൈപ്സിഷിനാവെട്ട തിമോ വെർണറുടെ അസാന്നിധ്യത്തിൽ വിജസാധ്യതയും കൽപിച്ചില്ല.
പക്ഷേ, പന്തുരുണ്ട് തുടങ്ങിയപ്പോൾ കളി വേറെയായിരുന്നു. ഡീഗോ കോസ്റ്റയും, മാർകോസ് ലോറെൻറയും ചേർന്ന് നടത്തിയ അത്ലറ്റികോ മുന്നേറ്റത്തെ ലൈപ്സിഷ് സമർഥമായി ചെറുത്തു. ക്യാപ്റ്റൻ യൂസുഫ് പോൾസനെ സ്ട്രൈക്കറാക്കി, ക്രിസ്റ്റഫർ എൻകുൻകു, ഡാനി ഒാൽമോ, മാഴ്സൽ സബിറ്റ്സർ എന്നിവർ നടത്തിയ കൂട്ട ആക്രമണം അത്ലറ്റികോ പ്രതിരോധത്തിൽ പലപ്പോഴും ആശങ്ക തീർത്തു. സെൻറർ ബാക്ക് ഡായറ്റ് ഉപമെകാനോയായിരുന്നു കളിയുടെ സംവിധായകൻ. പന്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫ്രഞ്ചുതാരം ലൈപ്സിഷിെൻറ കളി നിയന്ത്രിച്ചു.
ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ഗോളുകളുടെ പിറവി. 50ാം മിനിറ്റിൽ വിങ്ങിൽനിന്നും സബിറ്റ്സർ നൽകിയ േക്രാസ് ബോക്സിനുള്ളിൽ തലവെച്ച് ഡാനിയേൽ ഒൽമോ ഗോളാക്കിമാറ്റി. പോർചുഗൽ താരം ജോ ഫെലിക്സ് പകരക്കാരനായി വന്നതോടെയാണ് അത്ലറ്റികോക്ക് സമനില നേടാനായത്. രണ്ട് മികച്ച നീക്കങ്ങളുമായി ലൈപ്സിഷ് ഗോൾമുഖത്ത് ആശങ്കവിതച്ച ജോ ഫെലിക്സ് 71 ാം മിനിറ്റിൽ േക്ലാസ്റ്റർമാെൻറ ലാസ്റ്റ്മാൻ ഫൗളിന് വിധേയനായപ്പോൾ അത്ലറ്റികോക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഫെലിക്സ് അത് വലയിലെത്തിച്ച് സമനിലയൊരുക്കി.
സൂപ്പർ സബ് ടെയ്ലർ ആഡംസ് ലൈപ്സിഷിെൻറ വിജയനായകനായി. 88ാം മിനിറ്റിൽ വിങ്ങിലൂടെ ആഞ്ജലിനോ നടത്തിയ മുന്നേറ്റം, ബോക്സിനുള്ളിലേക്ക് നീട്ടിനൽകിയപ്പോൾ പാകത്തിൽ ടെയ്ലർ ആഡംസുണ്ടായിരുന്നു. അമേരിക്കൻ താരത്തിെൻറ ഷോട്ട് ജോസ് ജിമിനസിെൻറ ബൂട്ടിൽ തട്ടി തെറിച്ചപ്പോൾ അത്ലറ്റികോ ഗോളി യാൻ ഒബ്ലാക്കിെൻറ പൊസിഷനിങ്ങും തെറ്റിച്ച് വലയിലേക്ക്.
സിറ്റി x ല്യോൺ ക്വാർട്ടർ ഇന്ന്
ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ഒളിമ്പിക് ല്യോൺ പോരാട്ടം. റയൽ മഡ്രിഡിനെ ഇരു പാദങ്ങളിലും വീഴ്ത്തിയാണ് സിറ്റിയുടെ ക്വാർട്ടർ ഫൈനൽ പ്രവേശം. ഒളിമ്പിക് ല്യോൺ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവൻറസിനെയാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.