ലാറ്റിൻ അമേരിക്കക്കാരോട് കളി തോറ്റ ഫുട്ബാൾ താരങ്ങളെ ജിമ്മിലയച്ച് ആസ്ട്രേലിയൻ കോച്ച്
text_fieldsഎക്വഡോറിനെതിരെ സൗഹൃദ മത്സരം തോറ്റ ആസ്ട്രേലിയൻ ഫുട്ബാൾ ടീമിന് പണി കൊടുത്ത് കോച്ച് ഗ്രഹാം ആർണൾഡ്. ലാറ്റിൻ അമേരിക്കക്കാരുടെ മെയ്‍വഴക്കത്തിനും പേശീമികവിനും മുന്നിൽ പതറിയ ടീമിന്റെ ശരീരം മെച്ചപ്പെടുത്താൻ ജിമ്മിലേക്ക് അയച്ചിരിക്കുകയാണ് പരിശീലകൻ. മെൽബണിൽ നടന്ന രണ്ടാംപാദ കളിയിൽ 2-1നായിരുന്നു കംഗാരുക്കളുടെ തോൽവി. ഇരു പാദങ്ങളിലായുള്ള മത്സരത്തിലെ ആദ്യത്തേത് 3-1ന് ആസ്ട്രേലിയ ജയിച്ചിരുന്നു. രണ്ടാം പാദത്തിൽ പക്ഷേ, ഒരു ഗോളിന് മുന്നിൽനിന്ന ടീമിനെതിരെ രണ്ടാം പാദത്തിൽ വീണ രണ്ടു ഗോളുകൾ കളി തീരുമാനിക്കുകയായിരുന്നു.
കളി മിടുക്കിൽ മാത്രമല്ല, തിണ്ണബലത്തിലും ലാറ്റിൻ അമേരിക്കൻ സംഘം മുന്നിൽനിന്നതാണ് കോച്ചിനെ ചൊടിപ്പിച്ചത്. ‘‘വലിയ പാഠമാണ് ഇന്ന് ടീം പഠിച്ചത്. കളിയിലെ ശരീരക്ഷമതയും ഒപ്പം വേഗവും നന്നാക്കണം’’- ആർണൾഡ് പറഞ്ഞു. എതിരാളികളെ കൈക്കരുത്തിൽ നേരിടാനാകാതെ പോയത് പരിഹരിക്കാൻ ജിമ്മിൽ നന്നായി അധ്വാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തുടനീളം മുൻനിര ടീമുകളെല്ലാം സൗഹൃദ മത്സരങ്ങൾ കളിക്കുന്നത് ആരാധകർക്ക് വീണ്ടും കളിയാവേശത്തിൽ അലിയാൻ അവസരമൊരുക്കുന്നുണ്ട്. സ്വന്തം നാട്ടിൽ ദുർബലരായ കരീബിയൻ രാജ്യത്തിനെതിരെ ഇറങ്ങിയ അർജന്റീന എതിരില്ലാത്ത ഏഴു ഗോളിന് ജയിച്ചിരുന്നു. കരിയറിൽ 100 രാജ്യാന്തര ഗോളുകൾ പിന്നിട്ട മെസ്സി ഹാട്രിക് കുറിക്കുകയും ചെയ്തു. ജർമനിയുമായുള്ള മുഖാമുഖം ജയിച്ച് ബെൽജിയം ലോകകപ്പിനു ശേഷം തിരിച്ചുവരവ് ഉജ്വലമാക്കിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം. ഗോളടിച്ചും അസിസ്റ്റ് നൽകിയും കെവിൻ ഡി ബ്രുയിനായിരുന്നു ബെൽജിയം വിജയത്തിന്റെ ശിൽപി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.