ഡച്ച് പടയെ തുരത്തി; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഓസ്ട്രിയ പ്രീക്വാർട്ടറിൽ
text_fieldsബെർലിൻ: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഡച്ചുകാരെ തകർത്ത് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഓറഞ്ച് പടയെ കീഴടക്കിയത്.
ഓസ്ട്രിയക്ക് വേണ്ടി റൊമാനോ ഷിമിഡ്, മാർസൽ സബിറ്റ്സറും നെതർലാൻഡ്സിന് വേണ്ടി കോഡി ഗാക്പോയും മെംഫിസ് ഡീപേയുമാണ് ഗോൾ കണ്ടെത്തിയത്. ഓസ്ട്രിയയുടെ ആദ്യ ഗോൾ ഡച്ച് സ്ട്രൈക്കർ ഡോനിയൻ മാലന്റെ വകയായിരുന്നു.
ഓസ്ട്രിയയോട് തോറ്റതോടെ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമായി നെതർലന്റ്സ് പ്രീക്വാർട്ടറിൽ എത്തും. പോളണ്ടുമായി സമനില നേടിയ ഫ്രാൻസ് അഞ്ചുപോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാമതായി പ്രീക്വാർട്ടറിലെത്തി.
കളി തുടങ്ങി ആറാം മിനിറ്റിൽ ഓസ്ട്രിയൻ സ്ട്രൈക്കർ മാർക്കോ അർനൗട്ടോവിച്ചാണ് ഗോളിലേക്ക് വഴി തുറന്നത്. ഡച്ച് ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ച അർനൗട്ടോവിച്ച് ലെഫ്റ്റ് വിങ്ങിൽ അലക്സാണ്ടർ പ്രാസിന് നൽകിയ പന്ത്, തിരിച്ച് പ്രാസ് അർനോറ്റോവിച്ചിന് തന്നെ ബോക്സിനുള്ളിലേക്ക് കൈമാറാനുള്ള ശ്രമം നെതർലാൻഡ് സ്ട്രൈക്കർ ഡോനിയൽ മാലൻ തട്ടിയകറ്റിയെങ്കിലും പന്ത് നേരെ ചെന്നു പതിച്ചത് സ്വന്തം വലയിലായിരുന്നു.
ഗോൾ വീണതോടെ പ്രതിരോധത്തിലായ നെതർലാൻഡിന് മേൽ ഓസ്ട്രിയ നിരന്തരം പ്രഹരിച്ചുകൊണ്ടിരുന്നു. പന്തിന്മേലുള്ള നിയന്ത്രണം കൈവിടാതെ ഓസ്ട്രിയൻ മുന്നേറ്റം ഡച്ച് കീപ്പർ ബാർട്ട് വെർബ്രഗ്ഗനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്ക് പായിക്കാൻ ഡച്ചുകാർക്കായില്ല.
എന്നാൽ, രണ്ടാം പകുതിയിൽ ഡച്ചുകാർ ഗിയർ മാറ്റി. 46ാം മിനിറ്റിൽ സമനില പിടിച്ചു. അറ്റാകിങ് മിഡ് ഫീൽഡർ സാവി സിമോൺസ് നൽകിയ പന്ത് ബോക്സിന്റെ ഇടതുവിങ്ങിൽ നിന്നും കോഡി ഗാക്പോ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്തതോടെ കളി വീണ്ടും മുറുകി (1-1).
എന്നാൽ 59ാം മിനിറ്റിൽ ഓസ്ട്രിയ ലീഡ് തിരിച്ചുപിടിച്ചു. ഔട്ട് ലൈനിന് അരികിൽ നിന്ന് ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷ് പിടിച്ചെടുത്ത പന്ത് ബോക്സിന്റെ മധ്യഭാഗത്തുണ്ടായിരുന്ന റൊമാനോ ഷf കൈമാറി. ഷിമിഡ് മനോരമായി ഹെഡ് ചെയ്ത് വലിയിലെത്തിച്ചു. 75ാം മിനിറ്റിൽ മെംഫിസ് ഡീപേ നെതർലാൻഡ്സ് വീണ്ടും ഒപ്പമെത്തി (2-2). ഇടതു വിങ്ങിൽ നിന്നും ബോക്സിനകത്തേക്ക് ഗാക്പോ നൽകിയ ലോങ്റെയ്ഞ്ചറിന് തലവെച്ച വെഘോർസ്റ്റിൽ നിന്ന് നേരെ ചെന്നത് ഡീപെയിലേക്ക്. ഡീപേ പിഴവുകളില്ലാതെ വലയിലെത്തിച്ചു.
എന്നാൽ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. 80ാം മിനിറ്റിൽ മാർസർ സബിറ്റ്സർ വിജയഗോൾ നേടി. ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ബോക്സിനകത്തേക്ക് നീട്ടിയ പന്ത് സബിറ്റ്സർ ഇടങ്കാലൻ ഷോട്ടിലൂടെ വലകുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.