ജയത്തോടെ ഓസ്ട്രിയ പ്രീക്വാർട്ടറിലേക്ക്; യുക്രൈയ്ന് കാത്തിരിപ്പ്
text_fieldsബുക്കറസ്റ്റ്: യുക്രൈയ്നെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ഓസ്ട്രിയ യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ ക്രിസ്റ്റോഫ് ബോംമ്ഗാർട്നർ നേടിയ ഏക ഗോളിലാണ് ഓസ്ട്രിയയുടെ മുന്നേറ്റം. ഗ്രൂപ് 'സി'യിൽ രണ്ടാം ജയം നേടിയതോടെ ആറു പോയൻറുമായാണ് ഓസ്ട്രിയ അവസാന 16ൽ എത്തിയത്. മൂന്ന് പോയൻറുള്ള യുക്രൈയ്ന് മികച്ച മൂന്നാം സ്ഥാനക്കാരുടെ ആനുകൂല്യത്തിൽ പ്രീക്വാർട്ടർ കടക്കാനാവുമോയെന്നറിയാൻ കാത്തിരിക്കണം.
രണ്ടാം സ്ഥാനത്തിനായുള്ള ഉഗ്രപോരാട്ടത്തിൽ മുഴുവൻ സന്നാഹവുമായാണ് യുക്രൈയ്നും ഓസ്ട്രിയയും കളത്തിലിറങ്ങിയത്. അസിസ്റ്റിലും സ്കോറിങ്ങിലും കഴിവുതെളിയിച്ച യുക്രൈയ്ൻ വിങ്ങർ ആൻഡ്രിലി യെർമോലെൻകോയാണ് ഓസ്ട്രിയയുടെ പ്രതിരോധ പൂട്ട്പൊട്ടിച്ച് തുടക്കം മുതലെ ആക്രമിച്ചു കളിച്ചത്. വംശീയ അധിക്ഷേപത്തിന് ഒരു മത്സരം വിലക്ക് നേരിടേണ്ടിവന്ന സ്ട്രൈക്കർ അർണോടോവിച് തിരിച്ചെത്തിയത് ഓസ്ട്രിയൻ മുന്നേറ്റത്തിന് ഉണർവേകിയിരുന്നു.
ക്യാപ്റ്റനും വിങ്ങറുമായി ഡേവിഡ് അലാബ നടത്തിയ നീക്കങ്ങൾ യുക്രൈയ്ൻ ഗോൾ മുഖത്ത് അശാന്തി പടർത്തി. 21ാം മിനിറ്റിൽ ഓസ്ട്രിയ മുന്നിലെത്തി. അലാബയെടുത്ത കോർണർ കിക്കിന് കാൽവെച്ച് അറ്റാക്കിങ് മിഡ്ഫീൽഡർ ക്രിസ്റ്റോഫ് ബോംമ്ഗാർട്നറാണ് ഗോൾ നേടിയത്. എന്നാൽ, പത്തു മിനിറ്റിനകം താരം പരിക്കേറ്റ് പുറത്തുപോയത് ഓസ്ട്രിയക്ക് തിരിച്ചടിയായി. ഒരു ഗോളിന് മുന്നിലെത്തിയിട്ടും ഓസ്ട്രിയ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. ആദ്യപകുതി അവസാനിക്കും വരെ പന്ത് കൈവശം വെച്ച് മുന്നേറി.
രണ്ടാം പകുതി തന്ത്രങ്ങൾ മാറ്റിയിറങ്ങിയ ഉക്രൈയ്നായിരുന്നു മൂർച്ച കൂടുതൽ. തിരിച്ചുവരാൻ കളി വേഗത്തിലാക്കിയ അവർക്ക് രണ്ടാം പകുതിയുടെ പത്തുമിനിറ്റിനിടെ തന്നെ നിരവധി അവസരങ്ങൾ ലഭിച്ചു. 60ാം മിനിറ്റിലെ ഫ്രീകിക്ക് അപകടംവിതച്ച് പോസ്റ്റിലേക്ക് പന്തെത്തിയെങ്കിലും ഓസ്ട്രിയൻ ഗോൾ കീപ്പർ ഡാനിയൽ ബാച്ച്മാൻ തട്ടിമാറ്റി. ഒടുവിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഓസ്ട്രിയ കളംവാണതോടെ യുക്രൈയ്ൻ തോൽവി സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.