വീണ്ടും കളിച്ചൂടിലേക്ക്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉഗ്രപോരാട്ടങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. ആദ്യ ദിനത്തിൽ കരുത്തരായ ആസ്ട്രേലിയയും ദക്ഷിണ കൊറിയയും അൽ ജനൂബ് സ്റ്റേഡിയത്തിൽ മുഖാമുഖമെത്തുമ്പോൾ, തജികിസ്താൻ ജോർഡനെ നേരിടും. ഉച്ചക്ക് 2.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം. പ്രീക്വാർട്ടർ വരെ ആധികാരിക പോരാട്ടങ്ങൾ നടത്തിയാണ് ടീമുകളെല്ലാം ലാസ്റ്റ് എട്ടിൽ പ്രവേശിച്ചത്.
-ആസ്ട്രേലിയ x ദക്ഷിണ കൊറിയ
പ്രീക്വാർട്ടർ കഴിഞ്ഞ് ആവശ്യത്തിന് വിശ്രമവും പരിശീലനവുമായാണ് ദക്ഷിണ കൊറിയക്കെതിരെ ബൂട്ടുകെട്ടുന്നതെന്ന് സോക്കറൂസിന്റെ സൂപ്പർ താരം ‘മിച്ച് ഡ്യൂക്’ പറയുന്നു. ‘കൊറിയയെ നേരിടാൻ ടീം സജ്ജമായി കഴിഞ്ഞു. ഇന്തോനേഷ്യക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനു ശേഷം വിശ്രമം കഴിഞ്ഞ് കളിക്കാരെല്ലാം മികച്ച ശാരീരിക ക്ഷമതയിലേക്ക് തിരിച്ചെത്തി. കൊറിയക്കെതിരെ 90 മുതൽ 120 മിനിറ്റു വരെ കളിക്കാൻ ടീം സജ്ജമായി കഴിഞ്ഞു. തീർത്തും വ്യത്യസ്തമായൊരു മത്സരമായിരിക്കുമെന്നതിൽ സംശയമില്ല. കൂടുതൽ മികച്ച പ്രകടനം ടീമിൽ നിന്നുണ്ടാവും. വിജയമാണ് ലക്ഷ്യം’ -മിച്ച് ഡ്യൂക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ടീമിന്റെ മാനസിക കരുത്താണ് ആസ്ട്രേലിയക്കെതിരായ മുൻതൂക്കമെന്ന് കൊറിയൻ താരം ചോ ഗ്യൂ സങ് പറയുന്നു. സൗദിക്കെതിരായ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ടീമിന്റെ സമനില ഗോൾ നേടിയ താരമായിരുന്നു ചു ഗ്യൂ. ‘മാനസിക കരുത്താണ് ഞങ്ങൾക്ക് മുൻതൂക്കം നൽകുന്നത്. ടീമിലെ ഏറെപേരും സമ്മർദമേറിയ ഫുട്ബാൾ കളിച്ച് പരിചയമുണ്ട്. അടുത്ത മാച്ചിലെ വിജയത്തെ കുറിച്ചു മാത്രമാണ് ഇപ്പോൾ ശ്രദ്ധ. നിലവിൽ ടീമിലെ പലരും മഞ്ഞക്കാർഡിലാണ്, പക്ഷേ അത്രയേറെ വെല്ലുവിളിയില്ല. ഓരോ മത്സരവും വിജയിക്കുക എന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. കോച്ച് മുതൽ കളിക്കാർ വരെ പോസിറ്റിവിറ്റി നൽകുന്ന സാഹചര്യമാണ് ചുറ്റിലും. ഡ്രസ്സിങ് റൂമിലുമുണ്ട് ഈ പോസിറ്റിവ് വൈബ്’ -ചോ ഗ്യൂ സങ് വിശദീകരിക്കുന്നു.
തജികിസ്താൻ x ജോർഡൻ
ഏഷ്യൻ കപ്പിൽ തങ്ങളുടെ ആദ്യ സെമി ഫൈനലാണ് ലക്ഷ്യമെന്ന് ജോർഡന്റെ യസാൻ അൽ അറബ് പറയുന്നു. നേരത്തെ രണ്ടു തവണ ക്വാർട്ടറിൽ മടങ്ങിയതാണ് ജോർഡൻ. ‘ഇന്നത്തെ മത്സരം ഏറെ കഠിനമായിരിക്കും. മികച്ച ശാരീരിക ക്ഷമതയുള്ള ടീമിനെതിരെയാണ് കളിക്കുന്നത്.
എന്നാൽ, മികച്ച ആരാധക പിന്തുണയും മുന്നേറാനുള്ള കരുത്തായി മാറും’ -ജോർഡന്റെ പ്രതിരോധ കരുത്തായ യാസൻ പറയുന്നു. എതിരാളികൾ ജോർഡൻ ബോക്സിനുള്ളിൽ നേരിട്ടു വെല്ലുവിളി എന്നതിനൊപ്പം, എതിർ ബോക്സിനുള്ളിൽ അപായഭീഷണി ഉയർത്തുന്ന താരം കൂടിയാണ് യാസൻ.
അരങ്ങേറ്റ ഏഷ്യൻ കപ്പിലെ കുതിപ്പിന് ഊർജം പകരാനാണ് തജികിസ്താൻ ജോർഡനെതിരെ ഇറങ്ങുന്നത്. ഏറ്റവും കരുത്തരായ എതിരാളി എന്ന നിലയിലാണ് ഇന്ന് ബൂട്ടുകെട്ടുന്നതെന്ന് പ്രതിരോധതാരം ടബ്രിസ് സ്ലോമോവ് പറയുന്നു. ജോർഡൻ ആക്രമണത്തിലെ മൗസ അൽ തമാരി , അലി ഉൽവാൻ, യസാൻ അൽ നയ്മത് എന്നിവർക്ക് വെല്ലുവിളി ഉയർത്തുന്നതും ഇസ്ലോമോവിന്റെ സാന്നിധ്യമാകും. നാട്ടിൽനിന്നെത്തിയ ആരാധകരുടെ സാന്നിധ്യം ഓരോ മത്സരത്തിലും ടീമിന് കരുത്തായി മാറുന്നുവെന്നും ഇസ്ലോമോവ് പറയുന്നു.
മെട്രോ ഇന്ന് നേരത്തേ ഓടിത്തുടങ്ങും
ദോഹ: കാണികൾക്കുള്ള യാത്രാ സൗകര്യങ്ങളുടെ ഭാഗമായി ദോഹ മെട്രോ രാവിലെ പത്ത് മുതൽ സർവിസ് ആരംഭിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ആരാധകർക്ക് മത്സര വേദികളിലെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് വെള്ളിയാഴ്ച നേരത്തേ സർവിസ് ആരംഭിക്കുന്നത്. ഉച്ചക്ക് 2.30ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ തജികിസ്താനും ജോർഡനും തമ്മിലെ മത്സരത്തോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് തുടക്കം കുറിക്കുന്നത്. രാത്രി ഏഴിന് അൽ ജനൂബ് സ്റ്റേഡിയത്തിലാണ് ആസ്ട്രേലിയ -ദക്ഷിണ കൊറിയ ക്വാർട്ടർ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.