ബംഗളൂരു എഫ്.സിയെ ഗോളിൽ മുക്കി ബഗാൻ; ഐ.എസ്.എൽ ഷീൽഡിന് ഇഞ്ചോടിഞ്ച് പോര്
text_fieldsബംഗളൂരു: ഐ.എസ്.എല്ലിന്‍റെ പത്താം സീസണിൽ ആരാവും ഷീൽഡ് ജേതാക്കൾ? ലീഗിലെ അവസാന മത്സരം അതിനുത്തരമേകും. 21 കളിയിൽ 47 പോയന്‍റുമായി ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയും അത്രയും മത്സരങ്ങളിൽ 45 പോയന്‍റുള്ള മോഹൻ ബഗാനും തമ്മിൽ ഏപ്രിൽ 15ന് കൊൽക്കത്തയിലാണ് ഷീൽഡിനായുള്ള ‘ഫൈനൽ’.
വ്യാഴാഴ്ച ബംഗളൂരു ശ്രീകണ്ഠീരവയിൽ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിയെ ബഗാൻ മറുപടിയില്ലാത്ത നാലുഗോളിന് മുക്കി. 22 കളി പൂർത്തിയാക്കിയ ബംഗളൂരു 22 പോയന്‍റുമായി പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം ബംഗളൂരു പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ കൊൽക്കത്തക്കാരുടെ വിളയാട്ടമായിരുന്നു.
കളി തുടക്കത്തിലേ പരുക്കനായതോടെ ആദ്യ 12 മിനിറ്റിനുള്ളിൽത്തന്നെ റഫറി മൂന്നുതവണ മഞ്ഞക്കാർഡ് പുറത്തെടുത്തു. പതിനെട്ടാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽനിന്ന് ബഗാൻ ലീഡെടുത്തു. ഹെക്ടർ യുസ്തെയുടെ ആദ്യ ശ്രമം ക്രോസ് ബാറിൽതട്ടി തിരിച്ചുവന്നപ്പോൾ റീബൗണ്ട് ബാൾ പിഴവൊന്നുമില്ലാതെ യുസ്തെ വലയിലാക്കി. 39 ആം മിനിറ്റിൽ സമനില ഗോളിന് സുവർണാവസരം തെളിഞ്ഞു. ചേത്രിയെ പെനാൽറ്റി ബോക്സിൽ ബഗാൻ പ്രതിരോധ താരം അൻവർ അലി ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചു. ചേത്രിയുടെ കിക്ക് പക്ഷേ, ക്രോസ് ബാറിൽ തട്ടി മടങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തുടരെത്തുടരെ ആതിഥേയ വല കുലുങ്ങി. 5 1 ആം മിനിറ്റിൽ മൻവീർ സിങ്ങും മൂന്നു മിനിറ്റിന് ശേഷം അനിരുദ്ധ് ഥാപ്പയും 60 ആം മിനിറ്റിൽ അർമാൻഡോ സാദിഖുവും ബംഗളൂരുവിനെ നിശ്ശബ്ദരാക്കി. യുവതാരങ്ങളെ കളത്തിലിറക്കി ആശ്വാസഗോളെങ്കിലും കണ്ടെത്താൻ ആതിഥേയർ നടത്തിയ പരീക്ഷണവും ഫലം കാണാതായതോടെ ഹോം മൈതാനത്ത് കനത്ത തോൽവിയോടെ ബംഗളൂരു ബൂട്ടഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.