ഏഷ്യൻ കപ്പിനായി ഒരുങ്ങി ബഹ്റൈൻ ഫുട്ബാൾ ടീം
text_fieldsമനാമ: ഖത്തറിലെ ദോഹയിൽ ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനായി ഒരുങ്ങി ബഹ്റൈൻ ടീം. ഏഷ്യൻ കപ്പിന്റെ അവസാന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ യു.എ ഇയിലേക്ക് പുറപ്പെടുന്ന ദേശീയ ഫുട്ബാൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ, ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ (ബി.എഫ്.എ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ, ബി.എഫ്.എ വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ അസ്കർ തുടങ്ങിയവർ പങ്കെടുത്തു.
ഹമദ് രാജാവിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും മാനുഷിക കാര്യങ്ങൾക്കുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആശംസകൾ ടീമിനെ ശൈഖ് ഖാലിദ് അറിയിച്ചു.
ദേശീയ ഫുട്ബാൾ ടീമിന് ജനറൽ സ്പോർട്സ് അതോറിറ്റിയുടെയും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെയും പൂർണ പിന്തുണയുണ്ടാകും. ബഹ്റൈനിന്റെ കായിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ, 2023ലെ ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കളിക്കാരോട് ശൈഖ് ഖാലിദ് അഭ്യർഥിച്ചു.
കായിക തത്ത്വങ്ങളും മൂല്യങ്ങളും ഊട്ടിയുറപ്പിക്കുന്നതിലൂടെയും മികച്ച കായികക്ഷമത പ്രകടിപ്പിക്കുന്നതിലൂടെയും ഏഷ്യൻ കപ്പിൽ ദേശീയ ഫുട്ബാൾ ടീം കളിക്കാർ രാജ്യത്തിന്റെ മികച്ച അംബാസഡർമാരാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.