ഖത്തറിൽ വീണ്ടും പന്തുത്സവം; വൻകര അങ്കത്തിലേക്ക് ഒരു മാസം
text_fieldsദോഹ: ഒരു വർഷം മുമ്പ് ഇതേ ദിനങ്ങളിൽ ലോകകപ്പ് ഫുട്ബാൾ പോരാട്ടങ്ങളുടെ വീരകഥകളാൽ സമ്പന്നമായിരുന്നു ഖത്തർ. വിശ്വമാമാങ്കം സെമി ഫൈനലിന്റെ ക്ലാസിക് ഫോറിലേക്ക് പ്രവേശിച്ചത് ഇതേ ദിവസങ്ങളിലായിരുന്നു. ബ്രസീലിന്റെയും പോർചുഗലിന്റെയും ഇംഗ്ലണ്ടിന്റെയും വീഴ്ചയിൽ ആരാധകർ വേദനിക്കുകയും ലയണൽ മെസ്സിയുടെ അർജന്റീനയുടെയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുടെയും കുതിപ്പിനിടയിൽ ആകാംക്ഷയോടെയും കാത്തിരുന്ന നാളുകൾ.
ഡിസംബർ 18ന് ലുസൈലിലെ സ്റ്റേഡിയത്തിൽ മെസ്സിയുടെ കിരീടാരോഹണത്തോടെ കൊടിയിറങ്ങിയ അറബിക്കഥയുടെ ഓർമകൾക്കിപ്പോൾ ഒരാണ്ടാകുന്നു. ആ വീരകഥകളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ന് ഖത്തറിന്റെ മണ്ണ്.
ലോകകപ്പ് സ്റ്റേഡിയങ്ങൾ വേദിയൊരുക്കുന്ന വൻകരയുടെ കളിയുത്സവമായ ഏഷ്യൻ കപ്പ് ഫുട്ബാളിലേക്ക് ഇനി ഒരു മാസത്തെ മാത്രം കാത്തിരിപ്പ്. 2024 ജനുവരി 12നാണ് ഇന്ത്യ ഉൾപ്പെടെ 24 ഏഷ്യൻ രാജ്യങ്ങൾ മാറ്റുരക്കുന്ന 18ാമത് ഏഷ്യൻ കപ്പിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത്.
നിലവിലെ ജേതാക്കളും ആതിഥേയരുമായ ഖത്തർ മുതൽ, ലോകകപ്പിൽ മിന്നും പോരാട്ടങ്ങൾകൊണ്ട് കരുത്തുകാട്ടിയ സൗദി അറേബ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ തുടങ്ങിയ വൻകരയുടെ വമ്പന്മാരും അങ്കം വെട്ടാൻ കാത്തിരിക്കുന്നുണ്ട്. ലയണൽ മെസ്സി കിരീടമുയർത്തിയ ലുസൈൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനവും ഫൈനൽ മത്സരവും എന്ന പ്രത്യേകതയുമുണ്ട്. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ടൂർണമെൻറ്.
എല്ലാം സജ്ജമാണിവിടെ
അപ്രതീക്ഷിതമായാണ് ഖത്തറിലേക്ക് ഏഷ്യൻ കപ്പ് എത്തുന്നത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിനിടെയായിരുന്നു ഈ വേദി പ്രഖ്യാപനം. ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിലായി ചൈനയിൽ നടത്താൻ തീരുമാനിച്ച ഏഷ്യൻ കപ്പിനെ സീറോ കോവിഡ് പോളിസിയുടെ പേരിൽ ചൈന കൈവെടിഞ്ഞപ്പോൾ ഖത്തർ ഏറ്റെടുക്കുകയായിരുന്നു.
ലോകകപ്പിനൊരുക്കിയ വേദികളും ഗതാഗത, അടിസ്ഥാന സൗകര്യങ്ങളുമെല്ലാമുള്ള ഖത്തറിന് താരതമ്യേന ചെറിയ മേളയുടെ സംഘാടനം പ്രയാസമല്ല. ലോകകപ്പിനായി ഒരുക്കിയ സംവിധാനങ്ങളെല്ലാം അതേപടി നിലനിർത്തിയാണ് രാജ്യം ഏഷ്യൻ കപ്പിനെ വരവേൽക്കുന്നത്.
കളി ലോകകപ്പ് വേദിയിൽ
ലോകകപ്പിന്റെ ഉശിരൻ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പിനും വേദിയാകുന്നുണ്ട്. കൂടാതെ, മറ്റു രണ്ട് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ഒമ്പത് ഇടങ്ങളിലായാണ് വൻകരയുടെ കളിയുത്സവത്തിന് അരങ്ങുണരുന്നത്. അൽ ബെയ്ത്, ലുസൈൽ, അഹ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, അൽ തുമാമ, അൽ ജനൂബ്, ഖലീഫ സ്റ്റേഡിയം എന്നീ ലോകകപ്പ് വേദികളും, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്േറ്റഡിയം എന്നിവയുമാണ് വേദികൾ.
കളത്തിലും പുറത്തും ഇന്ത്യയുണ്ട്
ലോകകപ്പ് ഫുട്ബാളിൽ കളത്തിലില്ലെങ്കിലും ഗാലറിയിലും പുറത്തുമായി ശ്രദ്ധേയ സാന്നിധ്യമായി മാറിയത് ഖത്തറിലെ ഇന്ത്യൻ കാണികളായിരുന്നു. എന്നാൽ, ഏഷ്യൻ കപ്പിൽ ഇന്ത്യൻ ആരവങ്ങൾക്കു നടുവിലേക്ക് സുനിൽ ഛേത്രിയും സഹൽ അബ്ദുൽ സമദും ആഷിഖും അണിനിരക്കുന്ന നീലപ്പടയുമെത്തുന്നുവെന്നതാണ് വിശേഷം.
നാട്ടിലെ സ്റ്റേഡിയത്തിലെന്ന പോലെ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തുതട്ടാനുള്ള അവസരമാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്. ടിക്കറ്റ് വിൽപനയുടെ രണ്ടാം ഘട്ടവും പൂർത്തിയാവുമ്പോൾ ഇന്ത്യയുടെ മത്സരങ്ങൾക്ക് ടിക്കറ്റുകൾ കിട്ടാക്കനിയായി മാറി. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിക്കൂട്ടിയ ആരാധകരിൽ ഖത്തറിനും സൗദിക്കും പിന്നിലായി ഇന്ത്യക്കാരുണ്ട്.
ഭാഗ്യചിഹ്നമായി സബൂഖ് കുടുംബം
രണ്ടാഴ്ച മുമ്പായിരുന്നു ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നത്തെ സംഘാടകർ അവതരിപ്പിച്ചത്. ഏറ്റവും ഒടുവിലായി 2011ൽ ഖത്തർ വേദിയായ ഏഷ്യൻ കപ്പിൽ ഭാഗ്യമായി അവതരിച്ച സബൂഖും കുടുംബവും തന്നെയാണ് ഇത്തവണയും ഭാഗ്യമായി എത്തുന്നത്. ‘സബൂഖ്, തംബ്കി, ഫ്രിഹ, സക്രിതി, ത്റിന’ എന്നിവരെ പുതുമോടിയിൽ തയാറാക്കിയാണ് ടൂർണമെൻറിന്റെ ആവേശം നാടൊട്ടുക്കുമെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.