ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത് ലേലത്തിന്; മതിപ്പു വില 2.24 കോടി
text_fieldsദോഹ: ലയണൽ മെസ്സിയുടെ അർജൻറീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും ഏറ്റുമുട്ടിയ ലോകകപ്പ് ഫുട്ബാൾ ഫൈനലിന് ഉപയോഗിച്ച പന്ത് സ്വന്തമാക്കാൻ ആരാധകർക്കും അവസരം. ലുസൈൽ സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിനെയും ലോകമെങ്ങുമുള്ള ആരാധക മനസ്സുകളെയും തീപിടിപ്പിച്ച ‘അൽ ഹിൽമ്’ പന്ത് എക്കാലത്തെയും ഓർമയായി സൂക്ഷിക്കാൻ മോഹിക്കുന്നവർക്ക് പൊന്നുംവില നൽകിയാൽ ഷെൽഫിലെത്തിക്കാം.
ജൂണിൽ ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴിയാണ് ഫുട്ബാൾ ആരാധക ലോകം കാത്തിരിക്കുന്ന ലേലം നടക്കുന്നത്. ആറിനും ഏഴിനുമായി ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം. 10 ലക്ഷം റിയാൽ (2.24 കോടി രൂപ) പന്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. 36 വർഷത്തെ കാത്തിരിപ്പിനുശേഷം അർജൻറീനക്ക് ലോകകിരീടം സമ്മാനിച്ച മത്സരം, ലയണൽ മെസ്സിയുടെ വിശ്വകിരീടനേട്ടം ഉൾപ്പെടെ ഏറെ സവിശേഷതകളുള്ള ഓർമച്ചെപ്പ് കൂടിയാണ് ഫൈനലിന് ഉപയോഗിച്ച ‘അൽ ഹിൽമ്’ പന്ത്. അഡിഡാസ് തയാറാക്കിയ പന്തിന് സാങ്കേതികമായും ഏറെ മേന്മകളുണ്ട്.
ലോകകപ്പിൽ ഗ്രൂപ് റൗണ്ട് മുതൽ ക്വാർട്ടർ ഫൈനൽ വരെ ഉപയോഗിച്ചത് അൽ രിഹ്ല പന്തായിരുന്നെങ്കിൽ സെമി, ഫൈനൽ മത്സരങ്ങൾക്ക് നിറംമാറിയ അൽ ഹിൽമ് (സ്വപ്നം) ആയിരുന്നു ഉപയോഗിച്ചത്. സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ‘കണക്റ്റഡ് ബാൾ’ എന്ന ആശയത്തിലാണ് അഡിഡാസ് ലോകകപ്പ് പന്തിനെ അവതരിപ്പിച്ചത്. പന്തിനുള്ളിൽ സ്ഥാപിച്ച ഐ.എം.യു സെൻസർ വഴി ഡേറ്റകൾ വിഡിയോ മാച്ച് ഒഫീഷ്യലുകൾക്ക് കൈമാറുകയും ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയുകയും ചെയ്യുന്ന സാങ്കേതികവിദ്യ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അഡിഡാസിന്‍റെ ‘വിൻ ദ മാച്ച് ബാൾ’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ മാച്ച് ബാൾ സ്വന്തമാക്കിയ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ ആരാധകനാണ് ഇപ്പോൾ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് വഴി പന്ത് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. ലോകകപ്പ് ഫൈനൽ തീയതിയും വേദിയും ഉൾപ്പെടെ വിശദാംശങ്ങൾ കുറിച്ചിട്ടതാണ് മാച്ച് ബാൾ. ഇതിനു പുറമെ, പെലെയുടെ ജഴ്സി, ട്രോഫികൾ, അവാർഡ് ഉൾപ്പെടെ 1500ഓളം സ്പോർട്സ് ഓർമവസ്തുക്കൾ ലേലത്തിലുണ്ട്. 1971ൽ കരിയറിലെ അവസാന ഗോൾകുറിച്ച മത്സരത്തിൽ പെലെ അണിഞ്ഞ ജഴ്സിക്ക് ഒന്നര ലക്ഷം പൗണ്ടാണ് മതിപ്പു വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.