ദേവാനന്ദ്: കളിക്കളത്തിലെ 'ബാൾ വിന്നർ'
text_fieldsകണ്ണൂർ: കളിക്കളത്തിലെ 'ബാൾ വിന്നർ', അതായിരുന്നു ദേവാനന്ദിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം. എതിർദിശയിൽ നിന്നു ഗോൾമുഖം ലക്ഷ്യമാക്കി പാഞ്ഞടുക്കുമ്പോൾ പ്രതിരോധ കോട്ട കെട്ടുന്നതോടൊപ്പം ഫോർവേഡുകളുടെ കാലിൽനിന്ന് അവരുടെ ശരീരത്തിൽ അധികം സ്‌പർശിക്കാതെ അനായാസമായി പന്ത് തട്ടിയെടുക്കാൻ പ്രത്യേക സാമർഥ്യമുണ്ടായിരുന്നു ദേവാനന്ദിന്. 1973ൽ സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്ക് എത്തിയപ്പോൾ, വിജയത്തിൽ നിർണായക പങ്കുവഹിച്ച ഡിഫൻഡറായിരുന്നു.
സ്കൂൾ പഠനം മുതലേ ഫുട്ബാൾ കളിയിൽ മുഴുകിയ ദേവാനന്ദിന് ഫോർവേഡ് ആവാനായിരുന്നു ഇഷ്ടം. എന്നാൽ, കോളജ് ടീമിൽ ഡിഫൻഡറാവാൻ ആളില്ലാഞ്ഞതോടെ പ്രതിരോധത്തിലേക്ക് മാറി. പഠനകാലത്തു കണ്ണൂർ ബ്രദേഴ്‌സ് ക്ലബിനു കളിച്ചു. 1970 മുതൽ 1975 വരെ കണ്ണൂർ ശ്രീനാരായണ കോളജിൽ പഠിക്കുമ്പോഴാണ് കോളജ് ടീമിലെ സ്‌റ്റോപ്പർ ബാക്കായി മാറിയത്. 1973ൽ സർവകലാശാല ടീം നായകനായി. അഖിലേന്ത്യ സർവകലാശാല ഫുട്‌ബാൾ കിരീടവും അശുതോഷ് മുഖർജി ട്രോഫിയും നേടുമ്പോഴും കാലിക്കറ്റ് സർവകലാശാല ടീമിന്‍റെ നായകസ്‌ഥാനത്ത് ഈ കണ്ണൂരുകാരനായിരുന്നു. '73ൽ കേരളം കിരീടം നേടിയ സന്തോഷ് ട്രോഫിയിൽ ടൂർണമെന്‍റിലെ മുഴുവൻ മത്സരങ്ങളും കളിച്ച ദേവാനന്ദിന് മോസ്‌റ്റ് പ്രോമിനന്റ് യങ്‌സ്‌റ്റർ പ്ലെയർ അവാർഡും ലഭിച്ചു.
കളിക്കളത്തിൽ സഹപ്രവർത്തകരെ ശ്രദ്ധിച്ച് അവർക്ക് അവസരം ലഭ്യമാക്കാനും ദേവാനന്ദിന്റെ കഴിവ് മികച്ചതായിരുന്നു. നല്ല ഉയരമുണ്ടായിരുന്നതിനാല്‍ ഹൈ ബാളുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആശാനായിരുന്നു. അതുപോലെ ലോങ് ക്ലിയറന്‍സുകളുടെ കാര്യത്തിലും ദേവാനന്ദ് മിടുക്കനായിരുന്നു. ശരീരപ്രകൃതി കാരണം, കളിച്ചിരുന്ന കാലത്ത് കാണികളുടെ ഇഷ്ടതാരം കൂടിയായിരുന്നു.
വളരെ സൗമ്യനായിരുന്ന, ആവശ്യത്തിന് മാത്രം സംസാരിച്ചിരുന്ന ദേവാനന്ദ്, ഫുട്ബാൾ കളിയിൽ മുഴുകിയപ്പോൾ സ്വന്തം ജീവിതം മറന്നുപോയ കളിക്കാരൻ കൂടിയായിരുന്നു. അത് ഇദ്ദേഹത്തിന്റെ ജീവിതാവസാനംവരെ പിന്തുടർന്നു. ഗുരുതര രോഗത്തെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റിയതിനാൽ, കളി മതിയാക്കിയശേഷം പരിശീലകനാകാൻ കഴിയാതെപോയി. പുതിയ ഫുട്ബാൾ കളിക്കാർക്ക് തീരാനഷ്ടമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.