ബാലൺ ഡി ഓറല്ല ഫിഫ ദ ബെസ്റ്റ്; മെസ്സി നേടിയതിൽ ഫിഫയുടെ പുരസ്കാരമെത്ര?
text_fieldsലയണൽ ആന്ദ്രെ മെസ്സി എന്ന അർജന്റീന സൂപ്പർ താരം ‘ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ കരസ്ഥമാക്കിയത് രണ്ട് തവണയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും റോബർട്ട് ലെവൻഡോസ്കിയും മെസ്സിക്ക് മുമ്പ് രണ്ട് തവണ വീതം ഈ പുരസ്കാരം നേടിയവരാണ്. അതേസമയം, ചരിത്രത്തിൽ ഏഴ് തവണ മികച്ച താരത്തിനുള്ള ഫിഫ അവാർഡ് നേടിയ ഏക താരമാണ് മെസ്സി. ബാലൺ ഡി ഓർ ജേതാക്കളുടെ പട്ടികയിലും ഏഴു തവണ മെസ്സിയുടെ പേരുണ്ട്. എന്നാൽ, ഇതിൽ രണ്ടെണ്ണത്തിൽ ഫിഫയുടെ സാന്നിധ്യമില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ 'വിവര'ങ്ങളുടെ വസ്തുത എന്താണ്?. അത് മനസ്സിലാക്കാൻ 1956 മുതൽ ഫ്രാൻസ് ഫുട്ബാൾ മാഗസിൻ നൽകിവന്ന ബാലൺ ഡി ഓറിന്റെയും 1991 മുതൽ ഫിഫ നൽകിവരുന്ന ‘ഫിഫ െപ്ലയർ ഓഫ് ദ ഇയറി’ന്‍റെയും ചരിത്രമറിയണം.
ബാലൻ ഡി ഓർ അറിയപ്പെട്ടിരുന്നത് യൂറോപ്യൻ ഫുട്ബാളർ അവാർഡ് എന്നായിരുന്നു. പെലെയും മറഡോണയും കളി മൈതാനിയിൽ ഇതിഹാസ താരകങ്ങളായി മിന്നിത്തിളങ്ങുമ്പോഴും ബാലൺ ഡി ഓറിന് അർഹരായിരുന്നത് യൂറോപ്യൻ വംശജർ മാത്രമായിരുന്നു. കാരണമാകട്ടെ, വെള്ള വംശീയ മേൽക്കോയ്മാബോധത്തിൽ തയാറാക്കിയ പുരസ്കാര നിർണയ മാനദണ്ഡങ്ങളും. യൂറോപ്പിൽ ജനിക്കുകയും കളിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ബാലൺ ഡി ഓറിന് 1995 വരെ അർഹതയുണ്ടായിരുന്നുള്ളൂ. 1995ൽ യൂറോപ്പിൽ കളിക്കുന്ന ഏത് വംശജനെയും പരിഗണിക്കാമെന്ന തീരുമാനത്തിനുശേഷമാണ് ആദ്യമായി യൂറോപ്യനല്ലാത്ത, ഇറ്റാലിയൻ ലീഗിൽ കളിച്ചിരുന്ന ലൈബീരിയക്കാരൻ ജോർജ് വിയ ആ പുരസ്കാരം നേടുന്നത്.
1991 മുതലുള്ള ‘ഫിഫ െപ്ലയർ ഓഫ് ദ ഇയർ’ അവാർഡ് നിർണയിച്ചിരുന്നത് വിപുലമായ വോട്ടെടുപ്പ് രീതികളിലൂടെയാണ്. 2009 വരെ സമാന്തരമായി മുന്നോട്ടുപോയ രണ്ട് അവാർഡുകളും ഇരുകൂട്ടരും ചേർന്നുള്ള കരാർ പ്രകാരം 2010 മുതൽ 2015 വരെ ‘ഫിഫ ബാലൺ ഡി ഓർ’ എന്ന പേരിൽ ഒറ്റ അവാർഡാക്കി. 2016ൽ വീണ്ടും രണ്ടായി നൽകാൻ തീരുമാനിക്കപ്പെട്ടു. 2016 മുതൽ ഫിഫ നൽകുന്ന പുരസ്കാരത്തിന്‍റെ പേര് ‘ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ എന്നാക്കുകയും ചെയ്തു.
മെസ്സി 2009ൽ ‘ഫിഫ െപ്ലയർ ഓഫ് ദ ഇയർ’, 2010, 2011, 2012, 2015 വർഷങ്ങളിൽ ‘ഫിഫ ബാലൺ ഡി ഓർ’, 2019, 2023 വർഷങ്ങളിൽ ‘ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ്’ എന്നിവ കരസ്ഥമാക്കി. 14 വർഷത്തിനിടെ ഏഴ് തവണ മികച്ച താരത്തിനുള്ള ഫിഫ അവാർഡ് എന്ന സമാനതകളില്ലാത്ത നേട്ടത്തിന് മെസ്സി അർഹനായി. ഇതുവരെ ആറുതവണ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ബ്രസീൽ വനിത താരം മാർത്തക്കൊപ്പമായിരുന്നു മെസ്സിയുടെ സ്ഥാനം. രണ്ടാമതും ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയതോടെ മാർത്തയെ മറികടന്നിരിക്കുകയാണ് അർജന്റീന സൂപ്പർ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.