ആരാവും സൂപ്പർ ഹീറോസ്
text_fieldsകോഴിക്കോട്: കഴിഞ്ഞ മൂന്നാഴ്ചയായി മലബാറിന്റെ മുറ്റത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാന ഫുട്ബാൾ ലീഗ് മത്സരങ്ങളുടെ ആവേശം സമ്മാനിച്ച ഹീറോ സൂപ്പർ കപ്പിന്റെ ജേതാക്കളെ തീരുമാനിക്കാൻ ഇനി മണിക്കൂറുകൾമാത്രം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന കലാശപ്പോരിൽ ബംഗളൂരു എഫ്.സി ഒഡിഷ എഫ്.സിയെ നേരിടും.
ഐ.എസ്.എൽ ഫൈനലിസ്റ്റുകളായ ബംഗളൂരുവിന് ഇത് സീസണിലെ മൂന്നാം ഫൈനലാണ്. എന്നാൽ, ഒഡിഷ എഫ്.സിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ കടക്കുകയാണ്. എ ഗ്രൂപ്പിൽനിന്ന് ഒരു ജയവും രണ്ടു സമനിലയും അടക്കം അഞ്ചു പോയന്റുമായാണ് സുനിൽ ഛേത്രി നയിക്കുന്ന ബംഗളൂരു സെമി ഫൈനലിലെത്തിയത്.
സെമിയിൽ ജാംഷദ്പുരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ഫൈനലിലുമെത്തി. എന്നാൽ, ബി ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഒമ്പതു പോയന്റുമായാണ് ഒഡിഷ എഫ്.സി സെമിയിൽ കടന്നത്. അതിശക്തരായ നോർത്ത് ഈസ്റ്റിനെ 3-1ന് മലർത്തിയടിച്ചായിരുന്നു ഒഡിഷ ഫൈനൽ ബർത്തിൽ ഇടംപിടിച്ചത്.
ശക്തമായ പ്രതിരോധവും ഭാഗ്യവും കടാക്ഷിച്ചതാണ് ബംഗളൂരുവിനെ തുടർച്ചയായ മൂന്നാം ഫൈനലിന് അർഹരാക്കിയത്. ഡൂറന്റ് കപ്പിൽ മുംബൈയെ പരാജയപ്പെടുത്തി ജേതാക്കളായ ബംഗളൂരു ഐ.എസ്.എല്ലിന്റെ ഫൈനലിൽ എ.ടി.കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയം പിണഞ്ഞത്. സുനിൽ ഛേത്രിയും റോയ് കൃഷ്ണയും ഉദാന്ത സിങ്ങുമാണ് ബംഗളൂരുവിന്റെ കുന്തമുന.
സന്ദേഷ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയാണ് ബംഗളൂരുവിന്റെ കരുത്ത്. ഐ.എസ്.എൽ സീസണിൽ ആറാം സ്ഥാനത്തായിരുന്ന ഒഡിഷ ആദ്യ കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. ഡീഗോ മൗറീഷ്യോ, വിക്ടർ റോഡ്രിഗസ്, പേഡ്രോ, നന്ദ കുമാർ, ജെറി തുടങ്ങിയവരാണ് ഒഡിഷയുടെ പ്രധാന ഭടന്മാർ.
ഫൈനൽ വിജയിച്ച് കപ്പ് നേടാനാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് മത്സരത്തിന് മുന്നോടിയായി കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ബംഗളൂരു നായകൻ സുനിൽ ഛേത്രിയും കോച്ച് സൈമൺ ഗ്രേയ്സണും ലക്ഷ്യം വ്യക്തമാക്കി. അതേസമയം, ഇതുവരെയുള്ള പ്രകടന മികവ് ഫൈനലിലും ആവർത്തിക്കാനാവുമെന്ന് ഒഡിഷ കോച്ച് ക്ലിഫോർഡ് മിറാൻഡ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.