അർജന്‍റീന-ബ്രസീൽ പോരാട്ടം; സംഘർഷ സാധ്യത മുൻനിർത്തി ബംഗ്ലദേശ് ഗ്രാമത്തിൽ കനത്ത പൊലീസ് സുരക്ഷ
text_fieldsധാക്ക: കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളുന്നത് മാറക്കാനയിലാണെങ്കിലും ലോകമെമ്പാടും ആവേശം അലതല്ലുകയാണ്. 14 വർഷത്തിന് ശേഷം കോപ്പ ഫൈനലിൽ അർജന്‍റീനയും ബ്രസീലും ഏറ്റുമുട്ടുന്നതോടെ ആവേശം അതിരുവിടാനും സാധ്യതയുണ്ട്. സംഘർഷ സാധ്യത മുൻ നിർത്തി ബംഗ്ലദേശിലെ ഗ്രാമമായ ബ്രഹ്മാൻബരിയയിൽ പൊലീസ് അതീവ ജാഗ്രത സന്ദേശം നൽകിയതാണ് കൗതുകമുണർത്തുന്ന വാർത്ത.
ധാക്കയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ ഇരുടീമിന്‍റെയും ആരാധകർ തമ്മിൽ അക്രമങ്ങൾക്ക് മുതിരുന്നത് തടയിടാനാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ഫൈനൽ നടക്കുേമ്പാൾ ആളുകൾക്ക് കൂട്ടം ചേരാനും വലിയ സ്ക്രീനുകളിൽ പ്രദർശനം നടത്താനും അനുമതിയില്ലെന്ന് പ്രദേശത്തെ പൊലീസ് മേധാവി മുഹമ്മദ് അംറാനുൽ ഇസ്ലാം എ.എഫ്.പിയോട് പ്രതികരിച്ചു.
ബംഗ്ലദേശിലെ പ്രധാന കായിക വിനോദം ക്രിക്കറ്റായി പരിണമിച്ചിട്ടുണ്ടെങ്കിലും കടുത്ത ഫുട്ബാൾ ആരാധകരും രാജ്യത്തുണ്ട്. കേരളത്തിലേതിന് സമാനമായി ഫ്ലക്സുകളും പതാകകളും ഗ്രാമത്തിൽ ഉയർന്നിട്ടുണ്ട്. 2018 ലോകകപ്പ് സമയത്ത് ബ്രസീൽ പതാക കെട്ടുന്നതിനിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചിരുന്നു. ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ പിതാവിനും മകനും പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.