അത്‍ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സയുടെ കുതിപ്പ്
text_fieldsസ്പാനിഷ് ലാലിഗയിൽ അത്‍ലറ്റികോ മാഡ്രിഡിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് കയറി ബാഴ്സലോണ. ജാവോ ഫെലിക്സിന്റെ ഏക ഗോളിലായിരുന്നു കറ്റാലന്മാരുടെ വിജയം. ആദ്യ മിനിറ്റിൽ തന്നെ ഗോളടിക്കാൻ ബാഴ്സക്ക് മികച്ച അവസരം ലഭിച്ചെങ്കിലും റഫീഞ്ഞയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തുപോയി. ഉടൻ ജാവോ ഫെലിക്സ് നൽകിയ അവസരം ലക്ഷ്യത്തിലെത്തിക്കുന്നതിൽ സൂപ്പർ താരം ലെവൻഡോവ്സ്കിയും പരാജയപ്പെട്ടു. 12ാം മിനിറ്റിൽ കുണ്ടെയുടെ ക്രോസ് ലെവൻഡോവ്സ്കിയെ തേടിയെത്തിയെങ്കിലും ഷോട്ട് പുറത്തേക്കായിരുന്നു.
എന്നാൽ, 28ാം മിനിറ്റിൽ ബാഴ്സ ലീഡെടുത്തു. റഫീഞ്ഞ നൽകിയ പന്ത് ഡിഫൻഡറെ വെട്ടിച്ച് ജാവോ ഫെലിക്സ് അത്‍ലറ്റികോ ഗോൾകീപ്പർ ഓൻ ഒേബ്ലകിന്റെ തലക്ക് മുകളിലൂടെ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. അത്‍ലറ്റികോക്ക് ആദ്യ മികച്ച അവസരത്തിന് അര മണിക്കൂർ കാക്കേണ്ടിവന്നു. എന്നാൽ, ഹെർമോസോയുടെ ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തുപോയി.
ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ ജാവോ ഫെലിക്സ് ബാഴ്സയുടെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും അത്‍ലറ്റികോ ഗോളി തടഞ്ഞിട്ടു. 58ാം മിനിറ്റിൽ റഫീഞ്ഞയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. ഉടൻ അത്‍ലറ്റികോയുടെ മുന്നേറ്റം കണ്ടെങ്കിലും ഗ്രീസ്മാന്റെ ഷോട്ട് പതിച്ചത് സൈഡ് നെറ്റിലായിരുന്നു. വൈകാതെ വലതുവിങ്ങിൽനിന്നുള്ള ക്രോസിന് മൊറാട്ട കാൽ വെച്ചെങ്കിലും ഗോളിയുടെ ദേഹത്ത് തട്ടി വഴിമാറി. 80ാം മിനിറ്റിൽ അത്‍ലറ്റികോക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ബാഴ്സ ഗോൾകീപ്പറുടെ ദേഹത്തും ക്രോസ് ബാറിലും തട്ടിയാണ് വഴിമാറിയത്. വൈകാതെ ലെവൻഡോവ്സ്കിക്ക് ലീഡുയർത്താൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം നേടുന്നതിൽ താരം വീണ്ടും പരാജയപ്പെട്ടു. ഇഞ്ചുറി ടൈമിൽ അത്‍ലറ്റികോ ഗോൾ മടക്കിയെന്ന് ഉറപ്പിച്ചെങ്കിലും ബാഴ്സ ഗോൾകീപ്പർ രക്ഷക്കെത്തി.
ജയത്തോടെ അത്‍ലറ്റികോയെ പിന്തള്ളി ബാഴ്സ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. 38 പോയന്റ് വീതമുള്ള റയൽ മാഡ്രിഡും ജിറോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബാഴ്സക്ക് 34ഉം അത്‍ലറ്റികോക്ക് 31ഉം പോയന്റാണുള്ളത്.
ലാലിഗയിൽ ഇന്നലെ നടന്ന മറ്റു മത്സരങ്ങളെല്ലാം സമനിലയിൽ കലാശിക്കുകയായിരുന്നു. മല്ലോർക-അലാവെസ്, അൽമേരിയ-റയൽ ബെറ്റിസ് മത്സരങ്ങൾ ഗോൾരഹിത സമനിലയിലും സെവിയ്യ-വിയ്യറയൽ മത്സരം 1-1ലുമാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.