മിൻഗ്വേസ അവതരിച്ചു, പിക്വെയുടെ പിന്മുറക്കാരനായി...
text_fieldsമഡ്രിഡ്: ആ വാർത്ത കനത്ത തിരിച്ചടി തന്നെയായിരുന്നു ബാഴ്സലോണക്ക്. പിൻനിരയിൽ തങ്ങൾക്കുവേണ്ടി പടുകോട്ട കെട്ടുന്ന ജെറാർഡ് പിക്വെക്ക് പരിക്കു കാരണം ഏറെനാൾ കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നത് പ്രതിരോധ നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്കയായിരുന്നു ടീമിന്. എന്നാൽ, പുതിയ കോച്ച് റൊണാൾഡ് കൂമാൻ ഈ പ്രതിസന്ധി ഘട്ടത്തിൽ താരോദയങ്ങളുടെ അക്ഷയ ഖനിയായ 'ലാ മാസിയ'യിലേക്കാണ് കണ്ണുപായിച്ചത്. ബാഴ്സലോണയുടെ േകളികേട്ട അക്കാദമിയിൽ തെൻറ ചിന്തകൾക്കൊത്ത ഒരു മിടുക്കനെങ്കിലും ഉണ്ടാകുമെന്നായിരുന്നു കൂമാെൻറ വിശ്വാസം.
ആ വിശ്വാസം പാഴായില്ലെന്ന് കഴിഞ്ഞദിവസം ഡൈനാമോ കീവിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം തെളിയിച്ചു. ബാഴ്സലോണയുടെ പിന്നണിയിൽ പാറപോലെ ഉറച്ചുനിന്നതിനൊപ്പം തരാതരംപോലെ പാസുകളും എയ്തുവിട്ട നീളൻമുടിക്കാരനെ ഫുട്ബാൾ ലോകം ഏറെ പ്രതീക്ഷകളോടെയാണ് നോക്കിനിന്നത്്. ഓസ്കാർ മിൻഗ്വേസ ഗാർസിയ എന്ന 21കാരനായിരുന്നു ആ മിടുക്കൻ. ബാഴ്സക്കുവേണ്ടി അരങ്ങേറ്റ മത്സരത്തിൽതന്നെ മിന്നുന്ന പ്രകടനം പുറത്തെടുത്ത് 'പുതിയ പിക്വെ' എന്ന വിശേഷണം അവൻ സ്വന്തമാക്കിക്കഴിഞ്ഞു.
എട്ടാം വയസ്സിൽ ബാഴ്സക്കൊപ്പം
2007ൽ കേവലം എട്ടു വയസ്സുള്ളപ്പോൾ ബാഴ്സലോണ ക്ലബിെൻറ ആസ്ഥാനമായ നൂകാംപിലെത്തിയിരുന്നു മിൻഗ്വേസ. ലാ മാസിയ അക്കാദിയിൽ വിവിധ ഏജ് കാറ്റഗറിയിൽ കളിച്ച് ഒടുവിൽ ബാഴ്സ ബി ടീമിനൊപ്പം. കളിക്കാരനെന്ന നിലയിൽ താൻ പക്വതയാർജിച്ചത് ബാഴ്സ ബി ടീമിനൊപ്പമുള്ള നാളുകളിലാണെന്ന് ഈ വർഷം മേയിൽ ഒരു അഭിമുഖത്തിൽ മിൻഗ്വേസ വ്യക്തമാക്കിയിരുന്നു. 2018-19 സീസണിൽ ബി ടീമിലെത്തിയ ശേഷം ഈ സീസണിൽ ടീമിെൻറ നായകനായി.
ബാഴ്സ റിസർവ് ടീം യുവേഫ യൂത്ത് ലീഗ് കിരീടം നേടിയേപ്പാൾ ഈ സെൻട്രൽ ഡിഫൻഡർ ടീമിെൻറ തന്ത്രങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു.
ആശിച്ച അരങ്ങേറ്റം
ഡിഫൻസിൽ ബഹുമുഖമായ കേളീശൈലി കെട്ടഴിക്കാനാവുമെന്നതാണ് മിൻഗ്വേസയെ വ്യതിരിക്തനാക്കുന്നത്. അടിസ്ഥാനപരമായി വലങ്കാൽ കൊണ്ട് കളിക്കുന്ന ഈ ആറടിക്കാരൻ, ഇടതുവിങ്ങിലും സെൻട്രൽ ഡിഫൻസിലും കോട്ടകെട്ടാൻ കേമനാണ്. ബാഴ്സയെ കുഞ്ഞുന്നാളിലേ ഹൃദയത്തിലേറ്റിയ മിൻഗ്വേസ, ഡൈനാമോക്കെതിരെ സ്വപ്നസദൃശമായ രീതിയിൽ അരങ്ങേറാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണ്. ഒന്നാന്തരം ടാക്ക്ളുകളും പാസിങ് കൃത്യതയുമൊക്കെ കളിക്കമ്പക്കാരുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 93.5 ശതമാനമായിരുന്നു അരങ്ങേറ്റ മത്സരത്തിലെ പാസിങ് ആക്യുറസി. അടിസ്ഥാനപകരമായി ഡിഫൻഡറാെണങ്കിലും മുന്നണിയിലേക്ക് ഇടതടവില്ലാതെ പന്തെത്തിക്കാനും കഴിയുന്ന മിൻഗ്വേസ, ഡൈനാമോക്കെതിരെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
'ലോകത്തെ ഏറ്റവും മികച്ച ടീമിനൊപ്പം ചാമ്പ്യൻസ് ലീഗിൽ അരങ്ങേറാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. അതൊരു സ്വപ്നമായിരുന്നു. വലിയ കാര്യങ്ങളിലേക്കുള്ള തുടക്കമാകും ഇതെന്ന് പ്രത്യാശിക്കുന്നു' -മത്സരശേഷം താരം പറഞ്ഞു.
കൂമാെൻറ മറ്റൊരു കണ്ടെത്തൽ
പുതുതാരങ്ങളെ കണ്ടെടുക്കാനും വളർത്തിക്കൊണ്ടുവരാനും മിടുക്കു കാട്ടുന്ന കൂമാെൻറ മറ്റൊരു വലിയ കണ്ടെത്തലായി മിൻഗ്വേസയുടെ അരങ്ങേറ്റം അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചുരുങ്ങിയ നാളുകളിൽ പെഡ്രിക്കു ശേഷം ബാഴ്സയിൽ കൂമാൻ മറ്റൊരു താരത്തെക്കൂടി മുൻനിരയിലെത്തിക്കുകയാണ്. സെർജി റോബർട്ടോ, പിക്വെ, സാമുവൽ ഉംറ്റിറ്റി, സെർജിയോ ബുസ്ക്വെറ്റ്സ്, അൻസു ഫാത്തി തുടങ്ങിയവർ പരിക്കിെൻറ പിടിയിലകപ്പെട്ടതോടെയാണ് കൂമാൻ യുവതാരങ്ങളിലേക്ക് കണ്ണയച്ചത്.
'ചെറിയ കുട്ടിയാണവൻ. ബാഴ്സലോണയിൽ ഒരുപാട് വർഷങ്ങളായി കളിക്കുന്നു. എങ്ങനെയാണ് നമ്മൾ കളിക്കേണ്ടതെന്നതിനെക്കുറിച്ച് അവന് കൃത്യമായ ധാരണയുണ്ടാകും. ഇനിയും മെച്ചപ്പെടാനുണ്ട്. എങ്കിലും ഈ മത്സരത്തിൽ പ്രശംസനീയമായ മികവാണ് അവൻ പുറത്തെടുത്തത്. ആത്മവിശ്വാസം വളർത്തിക്കൊണ്ടുവരികയാണ് പ്രധാനം' -കൂമാൻ തെൻറ ശിഷ്യനെ വിലയിരുത്തുന്നു. ലാ ലിഗയിൽ ഞായറാഴ്ച ഒസാസുനക്കെതിരായ മത്സരത്തിൽ മിൻഗ്വേസ സ്റ്റാർട്ടിങ് ലൈനപ്പിലുണ്ടാകുമെന്ന സൂചനയും കോച്ച് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.