മെസ്സിയെ സാക്ഷിയാക്കി എംബാപ്പേയുടെ തേരോട്ടം, ഹൃദയംപൊട്ടി ബാഴ്സലോണ
text_fieldsകിലിയൻ എംബാപ്പേ പന്തുമായി കുതിച്ച് പായുേമ്പാൾ ലയണൽ മെസ്സി ഒരിക്കൽ കൂടി നിസ്സഹായനായി നോക്കി നിന്നു. റഷ്യ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറിൽ അർജന്‍റീനയും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ എംബാപ്പേക്ക് മുമ്പിൽ മെസ്സി കാഴ്ചക്കാരനായതിന്‍റെ ആവർത്തനമായിരുന്നു ചാമ്പ്യൻസ് ലീഗിലും. ഹാട്രിക് ഗോളുമായി എംബാപ്പേ നിറഞ്ഞാടിയ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ 4-1നായിരുന്നു ബാഴ്സലോണ പി.എസ്.ജിക്ക് മുമ്പിൽ തരിപ്പണമായത്. വിള്ളൽ വീണ ബാഴ്സ പ്രതിരോധ നിരയാണ് പി.എസ്.ജിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.
26ാം മിനുറ്റിൽ മെസ്സിയുടെ പെനൽറ്റിയിലുടെ ബാഴ്സയാണ് ആദ്യം സ്കോർ ചെയ്തത്. പെനൽറ്റി ബോക്സിലേക്ക് ഓടിക്കയറിയ ഡി ജോങ്ങ് പി.എസ്.ജി പ്രതിരോധ താരം കുർസാവയുടെ കാലിലുരസി വീണതിന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു.
32ാം മിനുറ്റിൽ പി.എസ്.ജിയുടെ മറുപടി ഗോളെത്തി. പെനൽറ്റി ബോക്സിൽ നിന്നും വകഞ്ഞുമാറ്റിക്കയറിയ എംബാപ്പേ വലകുലുക്കുകയായിരുന്നു. ഒപ്പത്തിനൊപ്പം നിന്നാണ് ആദ്യ പകുതി അവസാനിച്ചത്.
65ാം മിനുറ്റിൽ ബാഴ്സയുടെ ഹൃദയം തകർത്ത് എംബാപ്പേയുടെ രണ്ടാംഗോളെത്തി. േഫ്ലാറൻസി മറിച്ചുകൊടുത്ത ക്രോസ് മാർക്ക് ചെയ്യാതെ നിന്നിരുന്ന എംബാപ്പേയുടെ കാലുകളിലേക്ക് വീഴുകയായിരുന്നു. ബാഴ്സയുടെ വെറ്ററൻ പ്രതിരോധഭടൻ ജെറാർഡ് പിക്വ പന്ത് ക്ലിയർചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് ഗോളിലേക്ക് നയിച്ചത്.
73ാം മിനുറ്റിൽ പരേദസിന്‍റെ ഫ്രികിക്കിന് തലവെച്ച് മോയ്സെ കീൻ പി.എസ്.ജിക്കായി വീണ്ടും വലകുലുക്കി. തരിപ്പണമായിനിന്ന ബാഴ്സലോണക്ക് മേൽ 85ാം മിനുറ്റിൽ അവസാന ആണിയണിച്ച് എംബാപ്പേ തന്‍റെ ഹാട്രിക് പൂർത്തിയാക്കി.
മാർച്ച് 10ന് പി.എസ്.ജിയുടെ തട്ടകത്തിലാണ് രണ്ടാം പാതം. നാല് എവേ ഗോളുകളുടെ ആനുകൂല്യത്തോടെ പന്തുതട്ടുന്ന പി.എസ്.ജിയെ വീഴ്ത്താൻ ബാഴ്സ എന്ത് ജാലവിദ്യ പുറത്തെടുക്കുമെന്ന് കണ്ടറിയണം. 2017ൽ പി.എസ്.ജിയുടെ തട്ടകത്തിൽ 4-0ത്തിന് പിന്നിട്ട ശേഷം രണ്ടാം പാദത്തിൽ 6-1ന് ജയിച്ചുകയറിയ അവിശ്വസനീയ ചരിത്രം ബാഴ്സക്കുണ്ട്. അന്ന് ബാഴ്സയുടെ ജയത്തിന് ചുക്കാൻ പിടിച്ച നെയ്മർ ഇന്ന് പി.എസ്.ജിയിലാണെന്നത് ചരിത്രത്തിന്‍റെ മറ്റൊരു വൈരുധ്യം.
വകഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ്ലീഗ് സെമിഫൈനലിസ്റ്റുകളായ ആർ.ബി ലെപ്സിഷിനെ എതിരാളികളുടെ തട്ടകത്തിൽ രണ്ടുഗോളിന് തോൽപ്പിച്ച് ലിവർപൂർ ആദ്യപാദം ഗംഭീരമാക്കി. മുഹമ്മദ് സലാഹും സാദിയോ മാനേയുമാണ് ലിവർപൂളിനായി വലകുലുക്കിയത്. പ്രീമിയർ ലീഗിലെ തുടർതോൽവികൾക്കിടയിൽ ചാമ്പ്യൻസ്ലീഗിൽ ജയം സ്വന്തമാക്കിയത് യുർഗൻ േക്ലാപ്പിനും കുട്ടികൾക്കും ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.