ബാഴ്സ പുതിയ കോച്ചിനെ തേടുന്നു; പരിഗണനയിൽ ഇവർ
text_fieldsബാഴ്സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഫുട്ബാൾ ക്ലബിെൻറ പ്രതിസന്ധി തീരുന്നില്ല. സീസണിെൻറ തുടക്കത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയെ നഷ്ടമായതിനു പിന്നാലെ ലാ ലിഗയിൽ തുടക്കം ഏറെ മോശമാവുകകൂടി ചെയ്തതോടെ കോച്ച് റൊണാൾഡ് കോമാനെ മാറ്റാനുള്ള നീക്കത്തിലാണ് ക്ലബ് തലപ്പത്തുള്ളവർ.
കോമാനെ മാറ്റിയാൽ പകരം ആര് എന്നതാണ് ബാഴ്സ മാനേജ്മെൻറിനെ കുഴക്കുന്ന ചോദ്യം. ബെൽജിയം ദേശീയ ടീം പരിശീലകനായ സ്പെയിൻകാരൻ റോബർട്ടോ മാർട്ടിനെസ് ആണ് ബാഴ്സ പ്രസിഡൻറ് യുവാൻ ലാപോർട്ടയുടെ ഫസ്റ്റ് ചോയ്സ്. ബാഴ്സയുടെ ഇതിഹാസതാരങ്ങളിലൊരാളായ സാവിയുടെ പേരും ഉയർന്നുകേൾക്കുന്നു. മാർട്ടിനെസിന് ബെൽജിയവുമായി 2022 ലോകകപ്പ് വരെ കരാറുണ്ട്.
എന്നാൽ, ബെൽജിയം ഫുട്ബാൾ ഫെഡറേഷന് 15 ലക്ഷം യൂറോ (ഏകദേശം 13 കോടി രൂപ) നഷ്ടപരിഹാരം നൽകി ബാഴ്സയിലേക്ക് വരാൻ കാറ്റലോണിയക്കാരൻകൂടിയായ മാർട്ടിനെസ് തയാറാണെന്നാണ് വിവരം. എന്നാൽ, അതിന് ബാഴ്സ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.
അടുത്തമാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗ് കഴിയാതെ മാർട്ടിനെസ് ബെൽജിയം വിടാൻ സാധ്യതയില്ല. മാർട്ടിനെസുമായി ഔദ്യോഗികമായി ബാഴ്സ അധികൃതർ ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
സാവി ഖത്തർ ക്ലബ് അൽസദ്ദിെൻറ കോച്ചാണ്. ക്ലബുമായി കരാറുണ്ടെങ്കിലും ബാഴ്സ വിളിച്ചാൽ സാവി ഓടിവരും. പക്ഷേ, ഖത്തറിലല്ലാതെ അധികം പരിശീലനപരിചയമില്ലാത്ത സാവിയിൽ ലാപോർട്ടക്ക് വേണ്ടത്ര താൽപര്യമില്ലെന്നാണ് റിപ്പോർട്ട്.
2022 ജൂൺ വരെ കരാർ നിലവിലുള്ളതിനാൽ കോമാനെ ഇടക്കുവെച്ച് പുറത്താക്കുകയാണെങ്കിൽ വൻ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമെന്നതും ബാഴ്സയെ കുഴക്കുന്നു. 1.2 കോടി യൂറോ (ഏകദേശം 104 കോടി രൂപ) നഷ്ടപരിഹാരം നൽകുകയെന്നത് ബാഴ്സയുടെ നിലവിലെ സാമ്പത്തികാവസ്ഥ വെച്ചുകൊണ്ട് വൻ ബാധ്യതയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.