ഗോളടിച്ച് ലമീൻ യമാലും റഫീഞ്ഞയും; ജയിച്ചുകയറി ബാഴ്സലോണ
text_fieldsലാലിഗയിൽ റയൽ സൊസീഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ബാഴ്സലോണ. കൗമാരതാരം ലമീൻ യമാലും റഫീഞ്ഞയുമാണ് ബാഴ്സക്കായി ഗോൾ നേടിയത്. ബാഴ്സലോണയോട് ഒപ്പത്തിനൊപ്പം പോരാടിയ സൊസീഡാഡിനായി 22ാം മിനിറ്റിൽ ഷെറാൾഡോ ബെക്കർ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. 26ാം മിനിറ്റിൽ ലമീൻ യമാലിന്റെ മനോഹര മുന്നേറ്റം ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. പിന്നാലെ റഫീഞ്ഞയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയും ഗുണ്ടോഗന്റെ ശ്രമം ക്രോസ്ബാറിന് മുകളിലൂടെ പറക്കുകയും ചെയ്തു. എന്നാൽ, 40ാം മിനിറ്റിൽ ഗുണ്ടോഗന്റെ മനോഹര ത്രൂബാളിൽ ലമീൻ യമാൽ ബാഴ്സക്കായി ലക്ഷ്യം കണ്ടു.
രണ്ടാം പകുതി തുടങ്ങിയയുടൻ റഫീഞ്ഞ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് ക്രോസ് ബാറിനോട് ചേർന്ന് പുറത്തേക്ക് പറന്നു. വീണ്ടും റഫീഞ്ഞയെ തേടി അവസരമെത്തിയെങ്കിലും ഇത്തവണ ഗോൾകീപ്പർ അലക്സ് റെമീറോ ഡൈവ് ചെയ്ത് പുറത്തേക്ക് തട്ടുകയായിരുന്നു. തൊട്ടുപിന്നാലെ സൊസീഡാഡിന് ലഭിച്ച സുവർണാവസരം പോസ്റ്റിനോട് ചാരി പുറത്തായി. തുടർന്ന് ഫെറാൻ ടോറസിന്റെ ശ്രമവും റഫിഞ്ഞയെടുത്ത കോർണർ കിക്കും സൊസീഡാഡ് ഗോൾകീപ്പർ നിശ്ഫലമാക്കി.
എന്നാൽ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ സൊസീഡാഡ് താരത്തിന്റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് ബാഴ്സക്കനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത റഫീഞ്ഞക്ക് ഇത്തവണ പിഴച്ചില്ല. ജയത്തോടെ ബാഴ്സ 76 പോയന്റോടെ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുകയറി. 90 പോയന്റുള്ള റയൽ മാഡ്രിഡ് നേരത്തെ ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു. 75 പോയന്റുള്ള ജിറോണയാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.