എൽക്ലാസിക്കോയിൽ ബാഴ്സ; സാന്റിയാഗോ ബെർണബ്യുവിൽ വില്ലനായി മിലിറ്റാവോ
text_fieldsസ്വന്തം ഗോൾമുഖത്ത് രക്ഷകനാകേണ്ട പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി പന്ത് അകത്തു കയറിയാലോ? തൊട്ടുപിറകെ ഗോളിലേക്ക് പായിച്ച പന്ത് ഗോളിയെയും പ്രതിരോധ നിരയെയും കടന്ന് അനായാസം ഗോളിലേക്ക് കുതിക്കുമ്പോൾ സഹതാരത്തിന്റെ കാലിൽ തട്ടി മടങ്ങിയാലോ? രണ്ടും കണ്ട ദിനമായിരുന്നു സാന്റിയാഗോ ബെർണബ്യുവിലെ ബാഴ്സലോണ- റയൽ മഡ്രിഡ് എൽക്ലാസിക്കോ. കോപ ഡെൽ റേ സെമി ആദ്യ പാദ മത്സരത്തിലാണ് സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ ബാഴ്സലോണ 1-0ന് ലീഡ് പിടിച്ചത്.
അവസരങ്ങൾ തുറന്നും മൈതാനം നിറഞ്ഞും ബാഴ്സലോണ ഒരു പണത്തൂക്കം മുന്നിൽനിന്ന കളിയിൽ ഗോൾ കുറിച്ചതും അവർ തന്നെ. 26ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയുടെ ഷോട്ട് ഗോളി തിബോ കൊർടുവ തടുത്തിട്ടത് റയൽ പ്രതിരോധത്തിലെ നെടുംതൂണായ മിലിറ്റാവോയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. അതിനിടെ ഓഫ്സൈഡ് കൊടി ഉയർന്നതോടെ റഫറി ഗോൾ നിഷേധിച്ചെങ്കിലും ‘വാർ’ ബാഴ്സയെ തുണച്ചു. കെസ്സി തന്നെ അടിച്ച മനോഹരമായ ഒരു ഷോട്ട് പോസ്റ്റിലുണ്ടായിരുന്ന അൻസു ഫാറ്റിയുടെ കാലിൽ തട്ടി മടങ്ങിയില്ലായിരുന്നെങ്കിൽ ടീം ലീഡ് 2-0 ആകുമായിരുന്നു.
പരിക്കുമായി പുറത്തിരുന്ന റോബർട്ട് ലെവൻഡോവ്സ്കി, ഉസ്മാൻ ഡെംബലെ, പെഡ്രി എന്നിവരില്ലാതെ ഇറങ്ങിയിട്ടും ഒട്ടും പതറാതെയായിരുന്നു കറ്റാലൻമാരുടെ നീക്കം. പിൻനിരയിൽ നാലു പേരുൾപ്പെടെ അഞ്ചു മാറ്റങ്ങളടങ്ങിയ ആദ്യ ഇലവനുമായാണ് സാവി ടീമിനെ ഇറക്കിയത്. പ്രതിരോധം ഇത്തവണയും കോട്ട കാത്തപ്പോൾ വിനീഷ്യസും ബെൻസേമയും നയിച്ച മുന്നേറ്റങ്ങൾ പാതിവഴിയിൽ വീണു. മറുവശത്ത്, ഫെറാൻ ടോറസ്, റഫീഞ്ഞ എന്നിവരെ പിടിച്ചുകെട്ടുന്നതിൽ റയലും വിജയിച്ചു. റയലിനു വേണ്ടി ഒരിക്കൽ ബെൻസേമ വല കുലുക്കിയെങ്കിലും ഓഫ്സൈഡായി. ഫ്രങ്കി ഡി ജോങ്ങുമായി മൽപിടിത്തം നടത്തിയതിന് വിനീഷ്യസ് ജൂനിയർ മഞ്ഞക്കാർഡ് വാങ്ങുന്നതും കണ്ടു.
ലാ ലിഗയിൽ അൽമേരിയയോടും യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോടും തോറ്റതിന്റെ ക്ഷീണവുമായി ഇറങ്ങിയ ബാഴ്സക്ക് കരുത്തരായ റയലിനെതിരെ കുറിച്ച വിജയം ഇരട്ടി ഊർജമാകും. ലാ ലിഗയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് ബാഴ്സലോണ. ടീം അവസാനം കളിച്ച 23 മത്സരങ്ങളിലായി എട്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. പ്രതിരോധനിരയുടെ കരുത്താണ് നിലവിൽ ടീമിനെ മുന്നിൽ നിർത്തുന്നത്.
മാർച്ച് 19ന് നൗകാമ്പിൽ ഇരു ടീമുകളും തമ്മിൽ ലാലിഗ ക്ലാസിക്കോയിൽ മുഖാമുഖം നിന്ന ശേഷമാകും സെമി രണ്ടാം പാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.