ചാമ്പ്യൻസ് ലീഗ്: ബാഴ്സ, യുവൻറസ്, ചെൽസി, സെവിയ്യ ടീമുകൾ നോക്കൗട്ട് റൗണ്ടിൽ
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ടീമുകൾക്ക് ജയം. ചൊവ്വാഴ്ച നടന്ന എട്ട് മത്സരങ്ങളിൽ ജയിച്ച നാല് ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ബാഴ്സലോണ, യുവൻറസ്, ചെൽസി, സെവിയ്യ ടീമുകളാണ് ജയത്തോടെ ഗ്രൂപ്പ് ഘട്ടം കടന്നത്.
ചെൽസി, സെവിയ്യ, യുവൻറസ് എന്നീ ടീമുകൾ അവസാന നിമിഷം നേടിയ വിജയഗോളുകളിലൂടെയാണ് വെന്നിക്കൊടി പാറിച്ചതെങ്കിൽ 4-0ത്തിന് ഡൈനാമോ കീവിനെ തകർത്താണ് ബാഴ്സയുടെ പ്രയാണം. ആർ.ബി ലെപ്സിഷിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച് പി.എസ്.ജിയും പ്രതീക്ഷകൾ സജീവമാക്കി.
ഗ്രൂപ്പ് ഇ
റെന്നസ് 1- 2 ചെൽസി
ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്നാം ജയവുമായാണ് ഫ്രാങ്ക് ലാംപാർഡും സംഘവും അവസാന 16ലേക്ക് മുന്നേറിയത്. കല്ലം ഹുഡ്സൺ ഒഡോയ്യുടെ ഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ചെൽസി മുന്നിൽ കയറിയിരുന്നു. എന്നാൽ 85ാം മിനിറ്റിൽ സെഹ്റു ഗ്വിരാസി ഹെഡറിലൂടെ റെന്നസ് ഒപ്പമെത്തി. സബസ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഒലിവർ ജിറൂഡാണ് ചെൽസിയുടെ വിജയഗോളിനുടമ.
ക്രാസ്നോദർ 1-2 സെവിയ്യ
ഇവാൻ റാകിട്ടിച്ചിെൻറയും ഇഞ്ച്വറി സമയത്ത് മുനീർ എൽ ഹദ്ദാദിയും നേടിയ ഗോളുകളുടെ മികവിലാണ് സെവിയ്യ ചെൽസിക്കൊപ്പം ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് റൗണ്ടിലെത്തിയത്. നാല് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 10 പോയൻറ് വീതമാണ്. ഗോൾശരാശരിയിൽ ചെൽസിയാണ് മുന്നിൽ കടന്നത്.
ഗ്രൂപ്പ് ജി
ഡൈനാമോ കീവ് 0-4 ബാഴ്സലോണ
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സലോണ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും നേടിയത്. മാർടിൻ ബ്രാത്ത്വെയ്റ്റ് ഇരട്ടഗോൾ നേടി. 52ാം മിനിറ്റിൽ സെർജിനോ ഡെസ്റ്റാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനകം മാർടിൻ ബ്രാത്ത്വെയ്റ്റ് ലീഡ് രണ്ടാക്കി.
70ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രാത്ത്വെയ്റ്റ് തെൻറ രണ്ടാം ഗോൾ നേടി. ഇഞ്ച്വറി ടൈമിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ അേൻറായിൻ ഗ്രീസ്മാനാണ് പട്ടിക തികച്ചത്. അവസാനം കളിച്ച നാല് മത്സരങ്ങളിലും യുക്രൈനിയൻ ടീമിനെ തോൽപിക്കാൻ ബാഴ്സക്കയി.
യുവൻറസ് 2-1 ഫെറൻവാറോസ്
ഇഞ്ച്വറി സമയത്ത് ആൽവറോ മൊറാട്ട നേടിയ ഗോളാണ് യുവൻറസിന് രക്ഷയായത്. നിറഞ്ഞ് കളിച്ച ആദ്യ പകുതിയിൽ ഫെറൻകാവോസാണ് ആദ്യം നിറയെഴിച്ചത്.19ാം മിനിറ്റിൽ മിർടോ ഉസുനി യുവെ വലയിൽ പന്തെത്തിച്ചു.
എന്നാൽ 35ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവെക്ക് സമനില സമ്മാനിച്ചു. ഇതോടെ ചാമ്പ്യൻസ് ലീഗിലെ 70ാം ഹോം ഗോൾ നേടിയ ക്രിസ്റ്റ്യാനോ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. ഹെഡ്ഡറിലൂടെയായിരുന്നു മൊറാട്ടയുെട ഗോൾ.
നാല് മത്സരങ്ങളിൽ നാലും വിജയിച്ച ബാഴ്സ 12 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതായാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. യുവൻറസിന് ഒമ്പത് പോയൻറാണ്.
ഗ്രൂപ്പ് എച്ച്
മാഞ്ചസ്റ്റർ യുനൈറ്റഡ് 4-1 ഇസ്താംബൂൾ ബസക്ഷെഹിർ
തുർക്കി ക്ലബായ ഇസ്താംബൂൾ ബസക്ഷെഹിറിനെ 4-1ന് തകർത്ത് മാഞ്ച്സ്റ്റർ യുനൈറ്റഡ് ഗ്രൂപ്പിലെ തങ്ങളുടെ മേധാവിത്വം ശക്തമാക്കി. ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ മാർകസ് റാഷ്ഫോഡും ഡാനിയൽ ജെയിംസും ഓരോ ഗോൾ വീതം നേടി.
പി.എസ്.ജി 1-0 ആർ.ബി ലെപ്സിഷ്
ഗ്രൂപ്പ് എച്ചിൽ ആദ്യ പകുതിയിൽ നെയ്മർ നേടിയ പെനാൽറ്റി ഗോളിെൻറ മികവിലാണ് പി.എസ്.ജി ലെപ്സിഷിനെ മറികടന്നത്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒമ്പത് പോയൻറുമായി യുനൈറ്റഡാണ് ഒന്നാമാത്. പി.എസ്.ജിക്കും ലെപ്സിഷിനും ആറ് പോയൻറ് വീതമാണ്. ഗോൾശരാശരിയിൽ പി.എസ്.ജിയാണ് രണ്ടാമത്.
ഗ്രൂപ്പ് എഫ്
ബൊറൂസിയ ഡോർട്മുണ്ട് 3-0ത്തിന് ക്ലബ് ബ്രൂജിനെ തകർത്തപ്പോൾ ഇറ്റാലിയൻ കരുത്തരായ ലാസിയോ 3-1ന് സെനിത് സെൻറ് പീറ്റേഴ്സ്ബർഗിനെ തോൽപിച്ചു. ഒമ്പത് പോയൻറുമായി ഡോർട്മുണ്ടാണ് ഒന്നാമത്. എട്ട് പോയൻറുമായി ലാസിയോ തൊട്ട് പിറകിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.