ഇനിയും പഠിക്കാത്ത ബാഴ്സ; തിരിച്ചുവരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ
text_fieldsഒരു വലിയ പതനത്തിെൻറ അവസാനമായിരുന്നു ലിസ്ബണിൽ ബയേൺ മ്യൂണിക്കിനെതിരെ ബാഴ്സലോണയുടെ തോൽവി. മെസ്സിയെന്ന ഒറ്റയാനെ മാത്രം മുന്നിൽ നിർത്തി, മൂർച്ച കുറഞ്ഞ ടിക്കി-ടാക്ക ശൈലി ഒരു മാറ്റവുമില്ലാതെ കളിച്ച്, യൂറോപ്പ്യൻ ഫുട്ബാളിലെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാതിരുന്നതിെൻറ പര്യവസാനം!
2014 ലോകകപ്പിന് സ്കൊളാരിയെന്ന പരിശീലകൻ ഒരുക്കിയ ബ്രസീൽ ടീമിനോടാണ് ലിസ്ബണിലെ ബാഴ്സയെ ഉപമിക്കാനാവുന്നത്. സ്വന്തം നാട്ടിലാണ് കളിയെന്ന ആനുകൂല്യം മുൻനിർത്തി നെയ്മർ എന്ന യുവ താരത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് മൂർച്ച കുറഞ്ഞ എതിരാളികളോട് കളിച്ച കാനറികൾക്ക് ഒടുവിൽ ഒരു പൂർണ ടീമിനോടു ഏറ്റുമുട്ടേണ്ടി വന്നപ്പോൾ, ടീമിെൻറ മുഴുവൻ പോരായ്മകളും പുറത്തായി. 7-1െൻറ ആ തോൽവി ബ്രസീൽ ടീം അർഹിച്ചതും ജർമനിക്ക് അഹങ്കാരത്തോടെ ഏറ്റുപറയാനുമുള്ളതായിരുന്നു.
ജർമൻ പതിപ്പായ ബയേൺ മ്യൂണിക്കിന് മുന്നിൽ കഴിഞ്ഞ ദിവസം ബാഴ്സലോണ 8-2ന് ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ, അന്ന് ബ്രസീൽ ടീമിനുണ്ടായിരുന്ന എല്ലാ പോരായ്മയും ഫുട്ബാൾ പണ്ഡിറ്റുകൾ ഈ ബാഴ്സ ടീമിലും കണ്ടു.
അന്ന് ബ്രസീൽ ടീമിനെ പുതുക്കിപ്പണിതപോലെ കാതലായ മാറ്റമുണ്ടായാലേ ബാഴ്സക്ക് അടുത്ത സീസണിലെങ്കിലും തിരിച്ചുവരവുണ്ടാവൂ. കോച്ച് സെറ്റ്യയനെ മാറ്റിയതുകൊണ്ടു മാത്രമാവില്ല അത്. തിരിച്ചുവരാൻ ബാഴ്സക്ക് ചില മാറ്റങ്ങൾ അനിവാര്യമാണ്.
*
പണം എറിയുന്നതിന് അനുസരിച്ച് ഒന്നും തിരിച്ചു കിട്ടുന്നില്ലെന്നതാണ് മാനേജ്മെൻറിെൻറ അവസാന ട്രാസ്ഫർ ലിസ്റ്റ് പരിശോധിച്ചാൽ വ്യക്തമാവുന്നത്. 2017ൽ 222 മില്ല്യൺ യൂറോക്ക് നെയ്മർ ക്ലബ് വിട്ടശേഷം ബാഴ്സ എറിഞ്ഞ പണത്തിൽ പ്രധാനമായത് ഇങ്ങനെയാണ്. ഉസ്മാനെ ഡെംബലെ-105 മില്ല്യൺ യൂറോ, ഗ്രീസ്മാൻ-120 മില്ല്യൺ യൂറോ, ഫ്രാങ്ക് ഡിജോങ് 75 മില്ല്യൺ യൂറോ, പൗളീഞ്ഞോ-40 മില്ല്യൺ യൂറോ. ഇതിൽ ഡെംബലെയെ മാത്രമാണ് ബാഴ്സക്ക് അൽപമെങ്കിലും പണം മുതലായത്. വമ്പൻ താരങ്ങൾക്കായി പണമെറിയാതെ, ബുദ്ധിപരമായി ട്രാസ്ഫർ വിപണിയിൽ മുന്നോട്ടുപോയില്ലെങ്കിൽ ബാഴ്സക്ക് ഇനിയും പണികിട്ടും.
*
പെട്ടെന്നുള്ള ഫലത്തിനായി യുവ താരങ്ങളെ ഉപയോഗപ്പെടുത്താതെ മുതിർന്ന താരങ്ങളിലായിരുന്നു ബാഴ്സയുടെ കണ്ണ്. അത് വിപരീത ഫലമുണ്ടാക്കി. ടീമിന് വയസ്സൻ പടയെന്ന പേരായി. 30 കടന്ന എട്ടു താരങ്ങളാണ് ബാഴ്സയുടെ ആദ്യ ഇലവിൽ ഇടംപിടിക്കുന്നത്.
*
33 പിന്നിട്ടെങ്കിലും ലയണൽ മെസ്സിയെന്ന ഇതിഹാസ താരത്തിെൻറ കാലിലെ കളി ചോർന്നിട്ടില്ലെന്ന് പല മത്സരങ്ങളിൽ നിന്നും ഫുട്ബാൾ ലോകം കണ്ടതാണ്. എന്നാൽ, സീസണിൽ ഈ താരത്തിെൻറ മികവ് ഉപയോഗപ്പെടുത്താൻ ബാഴ്സക്ക് ആയില്ല. മെസ്സിയുടെ ക്രിയേറ്റീവ് ഫുട്ബാളിനൊപ്പം ഓടാൻ ഒരു താരവും പുതിയതായി എത്തിയില്ലെന്നു വേണം പറയാൻ. നിർണായക മത്സരങ്ങളിൽ മെസ്സിയുടെ സമ്മർദ്ദം കുറക്കാൻ സുവാരസിനല്ലാതെ മറ്റൊരു താരത്തിനും ബാഴ്സയിൽ കഴിയുന്നില്ല.
*
ദീർഘവീക്ഷണമില്ലാത്ത ക്ലബ് പ്രസിഡൻറുമാർ ടീമിനെ തകർക്കും. നിലവിലുള്ള ബാഴ്സ പ്രസിഡൻറ് ജോസഫ് മാരിയ ബാർതോമോയിൽ ആരാധകർ തൃപ്തരല്ല. ഇദ്ദേഹം നടത്തുന്ന പല ഇടപാടുകളും ക്ലബിന് ഒട്ടും ഉപകാരപ്പെടുന്നുമില്ല.
*
ബാഴ്സയുടെ പഴകിയ ശൈലി മാറ്റിപ്പണിയാൻ ആവശ്യമായ ഒരു കോച്ചിനെയാണ് ബാഴ്സക്ക് പ്രധാന ആവശ്യം. പുറത്താക്കപ്പെട്ട സെറ്റ്യയന് പകര മുൻ ടോട്ടൻഹാം കോച്ച് മൗറിസിയോ പൊച്ചെട്ടിനോയാണ് എത്താൻ സാധ്യത. മാസിമില്യാനോ അലെഗ്രി, റൊണാൾഡ് കീമാൻ, സാവി എന്നിവരെല്ലാം ബാഴ്സ മാനേജ്മെൻറിെൻറ പരിഗണനയിലുള്ളവരാണ്. ആരും വന്നാലും ബാഴ്സയെ പുതിക്കിപ്പണിയുക എന്ന വെല്ലുവിളി ഏറ്റെടുക്കേണ്ടി വരും, തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.