'ഗെയിം ചേഞ്ചർ, മെസ്സിക്കു സമം, റൊണാൾഡോയേക്കാൾ മികച്ചവൻ'; താരത്തിന്‍റെ പ്രകടനത്തിൽ മതിമറന്ന് ബാഴ്സലോണ ആരാധകർ
text_fieldsസീണണിലെ ആദ്യ മത്സരം സമനിലയിൽ കുരുങ്ങിയ ബാഴ്സലോണ, രണ്ടാം മത്സരത്തിലൂടെ സ്പാനിഷ് ലാ ലിഗയിൽ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. റയല്‍ സോസിഡാഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍ പട പരാജയപ്പെടുത്തിയത്.
വിങ്ങര്‍ അന്‍സു ഫാറ്റിയുടെ മികച്ച പ്രകടനമാണ് ബാഴ്‌സക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഫാറ്റിയെ കളത്തിലിറക്കിയതോടെയാണ് ബാഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയത്. ടീമിന്‍റെ ബാക്കിയുള്ള മൂന്നു ഗോളുകളും നേടുന്നതിൽ ഈ സ്പാനിഷ് താരത്തിന്‍റെ പങ്ക് നിർണായകമായി. മത്സരത്തിന്‍റെ 66ാം മിനിറ്റില്‍ ഫാറ്റിയുടെ അസിസ്റ്റിലാണ് ഡെമ്പലെ ടീമിന്‍റെ രണ്ടാം ഗോൾ നേടിയത്. രണ്ട് മിനിറ്റിനകം ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബാഴ്‌സ വീണ്ടും വലകുലുക്കി. ഗോളിന് വഴിയൊരുക്കിയത് ഫാറ്റി തന്നെ. 79-ാം മിനിറ്റില്‍ ഫാറ്റിയും ഗോള്‍ പട്ടികയില്‍ ഇടം നേടി.
മത്സരത്തിലെ 19കാരന്‍റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ആരാധകരെ അത്ഭുപ്പെടുത്തിയിരിക്കുന്നത്. മൂന്നു വർഷമായി ഫാറ്റി ക്ലബിനൊപ്പമുണ്ട്. പരിക്കുകളാണ് താരത്തിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ എന്നും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം.
ടീമിനുവേണ്ടി ഇതുവരെ 25 മത്സരങ്ങൾ മാത്രമാണ് ഫാറ്റി കളിച്ചത്. സോസിഡാഡിനെതിരെയുള്ള മത്സരത്തിനുശേഷം താരത്തെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഫാറ്റിയെ ക്ലബിന്‍റെ മുൻ ഇതിഹാസ താരം ലയണൽ മെസ്സിയോട് ഉപമിക്കുന്നതാണ് ഇതിൽ പലതും. ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കൾ മികച്ച താരമെന്നുപോലും ആരാധകർ പറയുന്നുണ്ട്.
ഗെയിം ചേഞ്ചർ, ക്ലബിൽ ലയണൽ മെസ്സിക്കു സമാനമായ സ്വാധീനം എന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. പെനാൾഡോയാക്കൾ (ക്രിസ്റ്റ്യാനോ റൊണാൾഡോ) മികച്ചതാണ്, അപൂർവ ഇനം, ഫാറ്റി ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നു എന്നിങ്ങനെ പോകുന്ന താരങ്ങളുടെ ട്വീറ്റുകൾ. അടുത്തയാഴ്ച റയൽ വല്ലാഡോലിഡിനെതിരെ താരത്തെ ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.