'ഒറ്റപ്പെട്ടതായി തോന്നുന്നു'; കൂമാൻ ബാഴ്സയിൽ തൃപ്തനല്ല
text_fieldsബാഴ്സലോണ ടീമിൽ പ്രതിസന്ധിയൊഴിയുന്ന മട്ടില്ല. സൂപ്പർതാരം ലയണൽ മെസ്സി ടീം വിടാൻ കോപ്പുകൂട്ടിയതും സുവാരസ് പുറത്തായതുമെല്ലാം ടീമിനകത്തും പുറത്തും ആകെ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഡച്ച് പരിശീലകനായ റൊണാൾഡ് കൂമാൻ ബാഴ്സയെ കളിപഠിപ്പിക്കാനെത്തിയ ശേഷമാണ് നാടകീയമായ പല സംഭവങ്ങളുടെയും തുടക്കം.
എന്നാൽ, ഒടുവിൽ കൂമാൻ തന്നെ ക്ലബ്ബിെൻറ കാര്യത്തിൽ അതൃപ്തനാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ടീമിൽ താൻ ഒറ്റപ്പെട്ടതായി തോന്നുന്നുവെന്ന് അദ്ദേഹം തന്നെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വാർത്തകൾ. ടീമംഗങ്ങളിൽ നിന്നും കോച്ചിന് പിന്തുണ ലഭിക്കുന്നില്ല എന്നും പല പ്രമുഖ താരങ്ങളുമായും മികച്ച ബന്ധമല്ല നിലനിൽക്കുന്നതെന്നും സൂചനയുണ്ട്.
ഇൗ സീസണിൽ നാണകെട്ട തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന ടീമിനെ ശക്തമായി തിരിച്ചുകൊണ്ടുവരാനുള്ള ചുമതലയുമായിട്ടാണ് കൂമാൻ എത്തുന്നത്. മുൻ കോച്ചിനെ അപേക്ഷിച്ച് കടുത്ത പരിശീലന മുറകളും അച്ചടക്കവുമെല്ലാം അദ്ദേഹം ബാഴ്സയിലേക്ക് കൊണ്ടുവന്നു. പരിശീലന മത്സരങ്ങളിലുള്ള വിജയങ്ങൾ മാനേജ്മെൻറിനും താരങ്ങൾക്കും തൃപ്തി നൽകിയിട്ടുമുണ്ട്. എന്നാൽ, കൂമാൻ തൃപ്തനല്ലെന്ന് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ടീമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും തനിക്ക് വിട്ടുതരണമെന്ന് കൂമാൻ ചട്ടംകെട്ടിയിരുന്നു. അതിെൻറ ഭാഗമായി അദ്ദേഹം സാക്ഷാൽ മെസ്സിയെയും സുവാരസിനെയും തെൻറ ടീമിൽ ആവശ്യമില്ലെന്ന് വരെ പ്രസ്താവനയിറക്കി. മെസ്സിയുമായി ഉടക്കിയെങ്കിലും ഒടുവിൽ താരം ടീമിൽ തന്നെ തുടരേണ്ട അവസ്ഥയും വന്നു. സുവാരസ് പോവുകയും ചെയ്തു.
എന്നിട്ടും, ടീമിെൻറ നിയന്ത്രണം തന്നിലേക്ക് എത്തിയിട്ടില്ലെന്ന ചിന്തയിലാണ് കൂമാനെന്ന് അടുപ്പക്കാർ പറയുന്നു. ക്ലബ് പ്രസിഡൻറും ബോർഡ് അംഗങ്ങളും തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. തനിക്ക് ആവശ്യമുള്ള കളിക്കാരെ ടീമിലെത്തിക്കാൻ ഒരു ലിസ്റ്റ് ക്ലബ് ഉടമകൾക്ക് കൂമാൻ നൽകിയിരുന്നു. നിരവധി താരങ്ങളെ വിറ്റിട്ടും പുതിയ താരങ്ങളെ എടുക്കാൻ ഉടമകൾ താൽപര്യം കാണിക്കുന്നില്ലെന്ന പരാതിയും കൂമാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.