നെയ്മറിന് ബാഴ്സയിലേക്ക് മടങ്ങാമായിരുന്നു; വരാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്...
text_fieldsബാഴ്സലോണ (സ്പെയിൻ): ബ്രസീലിന്റെ സൂപ്പർ സ്ട്രൈക്കർ നെയ്മറിന് തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. ബാഴ്സക്കാകട്ടെ, പ്രതിഭാധനനായ മുന്നേറ്റക്കാരനെ ടീമിലെത്തിക്കാനും അതിയായ താൽപര്യമുണ്ടായിരുന്നു. ഇരുകൂട്ടർക്കും താൽപര്യമുണ്ടായിരുന്നിട്ടും നെയ്മർ പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് സൗദി ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറിയത് എന്തുകൊണ്ടാണ്?
അതിനു പിന്നിൽ വളരെ സുപ്രധാനമായ ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ. ബാഴ്സയും നെയ്മറും തമ്മിലുള്ള ആ കരാർ നടക്കാതെ പോയത് ക്ലബിന്റെ പരിശീലകവേഷത്തിൽ സ്പെയിനിന്റെ വിഖ്യാത താരം സാവി ഹെർണാണ്ടസ് ഉള്ളതുകൊണ്ടാണെന്നാണ് റൊമാനോ വെളിപ്പെടുത്തിയിരിക്കുന്നത്. സാവി ചുമതലയിലുള്ളിടത്തോളം താൻ ബാഴ്സയിലോണയിലേക്കില്ല എന്ന നിലപാടിലാണ് നെയ്മർ.
താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ പ്രസിഡന്റ് യോവാൻ ലാപോർട്ടിന് ഏറെ താൽപര്യമുള്ളതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പി.എസ്.ജി ഉടമ നാസർ അൽ ഖലീഫിയുമായി ചർച്ച നടത്തി. താരത്തെ കൈമാറുമ്പോഴുള്ള സാമ്പത്തിക വശങ്ങളെക്കുറിച്ചും ഇരുകൂട്ടരും ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നിട്ടും, സാവിയാണ് പരിശീലകനെന്ന കാരണത്താൽ നെയ്മർ ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റത്തോട് പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു. 2010ലെ ലോകകപ്പ് ചാമ്പ്യനായ സാവിയുമായി അത്ര നല്ല ബന്ധത്തിലല്ല ബ്രസീൽ താരം.
മുമ്പ് നാലു സീസണുകളിൽ ബാഴ്സലോണക്കു കളിച്ച നെയ്മർ ക്ലബിനുവേണ്ടി 186 മത്സരങ്ങളിൽ 105 ഗോളുകൾ സ്കോർ ചെയ്തു. 76 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 2014-15ൽ ബാഴ്സ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ സമയത്ത് സാവിയുടെ സഹതാരം കൂടിയായിരുന്നു നെയ്മർ.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയത്. ആറു വർഷം പി.എസ്.ജിക്കു വേണ്ടി കളത്തിലിറങ്ങി. പാരിസ് ക്ലബിനുവേണ്ടി 173 മത്സരങ്ങളിൽ 118 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജി വിടാൻ തീരുമാനിച്ച നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായതിനിടയിലാണ് താരം വൻതുകയുടെ ട്രാൻസ്ഫറിൽ അൽ ഹിലാലിലേക്ക് ചേക്കേറിയത്.
അൽ ഹിലാലിൽ പത്താം നമ്പർ ജഴ്സിയിലായിരിക്കും നെയ്മർ കളത്തിലെത്തുക. ഈ കൂടുമാറ്റത്തിൽ പി.എസ്.ജിക്ക് ട്രാൻസ്ഫർ ഫീസായി 98 ദശലക്ഷം ഡോളർ ലഭിക്കും. താരവുമായി കരാർ ഒപ്പിട്ടതിന്റെ വിശദവിവരങ്ങൾ അൽഹിലാൽ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ ലോക ഫുട്ബാളിലെ നക്ഷത്രത്തിളക്കമുള്ള സൂപ്പർ താരത്തെ അൽ ഹിലാൽ തങ്ങളുടെ ആരാധകർക്കുമുമ്പാകെ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.