കെസ്സിയുടെ മാസ് പാസ്, ഗോളും അസിസ്റ്റുമായി റഫീഞ്ഞ, ആൽബ- ലാ ലിഗയിൽ എതിരാളികളില്ലാതെ ബാഴ്സയുടെ വാഴ്ച
text_fieldsഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം കളി മാറ്റിപ്പിടിച്ച് സെവിയ്യക്കെതിരെ കാൽ ഡസൻ ഗോൾ വിജയവുമായി ലാ ലിഗയിൽ ബാഴ്സ കിരീടത്തിന് ഏറെ അടുത്ത്. ലെവൻഡോവ്സ്കി മങ്ങിപ്പോയ ദിനത്തിൽ പകരക്കാരായി റഫീഞ്ഞയും ഗാവിയും ആൽബയും പിന്നെ കെസ്സിയും നിറഞ്ഞാടിയാണ് കറ്റാലൻമാർക്ക് സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് എട്ടു പോയിന്റ് ലീഡും കിരീടപ്പോരും ഭദ്രമാക്കിയത്.
58ാം മിനിറ്റിലായിരുന്നു ബാഴ്സ മുന്നിലെത്തിയ ആദ്യ ഗോളിന്റെ പിറവി. സെവിയ്യ ബോക്സിൽ പന്തു കാലിൽ ലഭിച്ച കെസ്സിയുടെ ഏതു നീക്കവും തടയാൻ കണക്കാക്കി വട്ടമിട്ടുനിന്നത് അഞ്ചുപേർ. ഇടതുവിങ്ങിലൂടെ പറന്നിറങ്ങിയ സഹതാരം ആൽബയെ കണ്ട കെസ്സി എതിർപ്രതിരോധത്തെ കാഴ്ചക്കാരാക്കി ചെറുതായൊന്ന് തോണ്ടിയിട്ട പന്തിൽ കാൽവെക്കുക മാത്രമായിരുന്നു ആൽബക്കു മുന്നിലെ ദൗത്യം. 71ാം മിനിറ്റിൽ അനായാസ നീക്കത്തിൽ അടുത്ത ഗോളെത്തി. മൈതാന മധ്യത്തിൽനിന്ന് നീട്ടിക്കിട്ടിയ പന്ത് ഓടിപ്പിടിച്ച ആൽബ അതിവേഗം ഓടി മുന്നോട്ടടിക്കുന്നതിന് പകരം പിന്നോട്ടാഞ്ഞ് നൽകിയ ക്രോസ് വലക്കു മുന്നിൽ ഗാവിയുടെ കാലുകൾക്ക് പാകമായിരുന്നു. വെറുതെ തട്ടിയിട്ട് കൗമാര താരം ലീഡ് രണ്ടാക്കി. സമാനമായൊരു മുന്നേറ്റത്തിൽ ബാഴ്സ വിജയം പൂർത്തിയായി. ഇത്തവണ ആൽബയുടെ പാസിൽ റഫീഞ്ഞയായിരുന്നു സ്കോറർ.
കളിതുടങ്ങി നാലു മിനിറ്റിനിടെ സെർജിയോ ബുസ്ക്വെറ്റ്സ് പരിക്കേറ്റ് പുറത്തായിട്ടും മികവ് വിടാതെയായിരുന്നു ആദ്യാവസാനം കറ്റാലൻമാരുടെ പടയോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.