മെസ്സി-നെയ്മർ-സുവാരസ് ത്രയത്തിന് സാധിക്കാത്ത നേട്ടം! ഗോളടിച്ച് റെക്കോഡിട്ട് ബാഴ്സലോണ
text_fieldsബാഴ്സലോണയുടെ സുവർണകാലത്തെ അടയാളപ്പെടുത്തിയ ആക്രമണനിരയാണ് എം.എസ്.എൻ ത്രയം –മെസ്സി, സുവാരസ്, നെയ്മർ.
2014-15 സീസൺ മുതൽ 2017 വരെയാണ് ഇവരുടെ കാലഘട്ടം. ഇക്കാലയളവിൽ 364 ഗോളുകളാണ് എം.എസ്.എൻ ത്രയം ബാഴ്സക്കായി നേടിയത്. 2017ൽ നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു ചേക്കേറി. പിന്നാലെ സുവാരസും മെസ്സിയും ക്ലബുവിട്ടതോടെ സ്പാനിഷ് ക്ലബ് നിറംമങ്ങിയെങ്കിലും യുവ താരങ്ങളുടെ കരുത്തിൽ പ്രതാപകാലത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ സൂചനകളാണ് സീസണിലെ പ്രകടനം നൽകുന്നത്. എതിരാളികളുടെ വലയിൽ ഗോളുകൾ അടിച്ചുകൂട്ടിയാണ് ഹാൻസി ഫ്ലിക്കിന്‍റെയും സംഘത്തിന്‍റെയും കുതിപ്പ്. സീസണിൽ ഇതുവരെ 50 ഗോളുകളാണ് ബാഴ്സ നേടിയത്.
അതും 15 മത്സരങ്ങളിൽനിന്ന്. എം.എസ്.എൻ ത്രയം ഒരുമിച്ച് ക്ലബിനായി അണിനിരന്ന കാലത്തുപോലും കൈവരിക്കാനാകാത്ത നേട്ടമാണ് ബാഴ്സ ഈ സീസണിൽ സ്വന്തമാക്കിയത്. 2016-17 സീസണിൽ 17 മത്സരങ്ങളിൽനിന്ന് 50 ഗോളുകൾ നേടിയതാണ് ടീമിന്‍റെ ഇതിനുമുമ്പുള്ള മികച്ച പ്രകടനം. ഞായറാഴ്ച രാത്രി കാറ്റാലൻ ഡെർബിയിൽ എസ്പാന്യോളിനെ 3-1ന് തോൽപിച്ചതോടെയാണ് ബാഴ്‌സയുടെ സീസണിലെ ഗോൾനേട്ടം അർധ സെഞ്ച്വറിയിലെത്തിയത്. സീസണിലെ ഗംഭീര കുതിപ്പ് തുടരുന്നു കാറ്റാലൻ ക്ലബ് 12 മത്സരങ്ങളിൽനിന്ന് 33 പോയന്‍റുമായി ലാ ലിഗയിൽ ഒന്നാമതാണ്.
രണ്ടാമതുള്ള റയൽ മഡ്രിഡിനെക്കാൾ ഒമ്പത് പോയന്‍റിന്‍റെ ലീഡുണ്ട്. പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയാണ് ക്ലബിനായി സീസണിൽ ഏറ്റവും കൂടുതൽ തവണ വലകുലുക്കിയത്. 17 ഗോളുകൾ. കൗമാരതാരം ലമീൻ യമാൽ ആറു ഗോളുകൾ നേടിയപ്പോൾ, ബ്രസീലിന്‍റെ റാഫിഞ്ഞ 11 തവണ എതിരാളികളുടെ വല ചലിപ്പിച്ചു. മൂവരും മാത്രം 34 ഗോളുകളാണ് ക്ലബിനായി നേടിയത്. ലാ ലിഗയിൽ മാത്രം 40 ഗോളുകളാണ് ക്ലബ് അടിച്ചൂകൂട്ടിയത്. ലാ ലിഗയിൽ ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണിത്.
1950-51 സീസണിലാണ് ഇതിനേക്കാൾ മികച്ചൊരു തുടക്കം ക്ലബിന് ലഭിച്ചത്. അന്ന് തുടക്കത്തിലെ 12 മത്സരങ്ങളിൽനിന്ന് 40ലധികം ഗോളുകൾ നേടിയിരുന്നു. ഗെറ്റാഫെക്കെതിരെ 1-0 സ്കോറിന് ജയിച്ചത് മാറ്റി നിർത്തിയാൽ, സീസണിൽ ഓരോ മത്സരത്തിലും രണ്ടോ അതിലധികമോ ഗോളുകൾ ടീം നേടുന്നുണ്ട്. വല്ലാഡോളിഡ് (7-0), ജിറോണ (4-1), സെവ്വിയ (5-1), റയൽ മഡ്രിഡ് (4-1) എന്നീ ടീമുകൾക്കെതിരെയാണ് മികച്ച വിജയം നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 10 ഗോളുകളാണ് ടീം നേടിയത്. ഒരു മത്സരത്തിൽ ശരാശരി മൂന്നു ഗോളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.