ബാഴ്സയെ ഞെട്ടിച്ച് ലെഗനീസ്; പതിനഞ്ചാം സ്ഥാനക്കാരോട് തോറ്റത് ഒരു ഗോളിന്
text_fieldsമഡ്രിഡ്: ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണക്ക് ഞെട്ടിക്കുന്ന തോൽവി. ദുർബലരായ ലെഗനീസ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹാൻസി ഫ്ലിക്കിനെയും സംഘത്തെയും വീഴ്ത്തിയത്.
ലീഡ് വർധിപ്പിക്കാനുള്ള അവസരമാണ് ബാഴ്സ സ്വന്തം തട്ടകത്തിൽ കളഞ്ഞുകുളിച്ചത്. മറ്റൊരു മത്സരത്തിൽ ഗെറ്റാഫെയെ ഒരു ഗോളിന് വീഴ്ത്തി അത്ലറ്റികോ മഡ്രിഡ് പോയന്‍റ് ടേബിളിൽ ബാഴ്സക്കൊപ്പമെത്തി. ഇരുടീമുകൾക്കും 38 പോയന്‍റ് വീതം. ഒരു മത്സരം അധികം കളിച്ച ബാഴ്സ, ഗോൾ വ്യത്യാസത്തിൽ മാത്രമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്നാമതുള്ള റയലിന് 37 പോയന്‍റും.
മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബഹുദൂരം മുന്നിൽ നിന്നിട്ടും ബാഴ്സ ഗോളടിക്കാൻ മറന്നു. നാലാം മിനിറ്റിൽ ഓസ്കാർ റോഡ്രിഗസിന്‍റെ കോർണറിൽ സെർജിയോ ഗോൺസാലെസാണ് ലെഗനീസിന്‍റെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ 80 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്സയായിരുന്നു. 21 തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തത്. ലെഗനീസിന്‍റെ കണക്കിൽ ആറെണ്ണം മാത്രം.
സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമിനോട് തോൽവി വഴങ്ങിയത് വലിയ തിരിച്ചടിയായി. സീസണിൽ ബാഴ്സയുടെ നാലാം തോൽവിയാണിത്. ശനിയാഴ്ച 13ാം സ്ഥാനത്തുള്ള റയോ വയ്യക്കാനോയോട് ബദ്ധവൈരികളായ റയൽ മഡ്രിഡ് സമനില വഴങ്ങിയതിന്‍റെ അനുകൂല്യം മുതലെടുക്കാനുള്ള അവസരം കൂടിയാണ് കാറ്റാലൻസ് നഷ്ടപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.