ഏഴു ഗോൾ ത്രില്ലർ; ആവേശപ്പോരിൽ വിയ്യാറയലിനെ വീഴ്ത്തി ബാഴ്സലോണ
text_fieldsമഡ്രിഡ്: പൊരുതിക്കളിച്ച വിയ്യാറയലിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് മറികടന്ന ബാഴ്സലോണ സ്പാനിഷ് ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി. സീസണിലെ ഇതുവരെയുള്ള ഏറ്റവും ആവേശകരമായ കളി കണ്ട എസ്റ്റേഡിയോ ഡി ലാ സെറാമികയിൽ 71-ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവ്സ്കി നേടിയ ഗോളാണ് ബാഴ്സയുടെ വിജയമുറപ്പിച്ചത്.
എതിരാളികളുടെ തട്ടകത്തിൽ ഗംഭീര തുടക്കമായിരുന്നു ബാഴ്സലോണയുടേത്. 12-ാം മിനിറ്റിൽ ഗവിയിലൂടെ മുന്നിലെത്തിയ ബാഴ്സക്കുവേണ്ടി മൂന്നു മിനിറ്റിനുശേഷം ഫ്രെങ്കീ ഡി ജോങ് ലീഡുയർത്തിയതോടെ മത്സരം ഏകപക്ഷീയമായി മാറുമെന്ന തോന്നലായിരുന്നു. രണ്ടു ഗോൾ ലീഡിന്റെ ആലസ്യത്തിൽ സാവിയുടെ ശിഷ്യഗണം അൽപം ആലസ്യത്തിലാണ്ട അവസരം മുതലെടുത്ത് പക്ഷേ, വിയ്യാറയൽ കത്തിക്കയറി. 26-ാം മിനിറ്റിൽ യുവാൻ ഫോയ്ത്തിന്റെ ബുള്ളറ്റ് ഹെഡറിലൂടെ കരുത്തരായ എതിരാളികളുടെ വലയിട്ടുകുലുക്കിയ വിയ്യാറയലിനുവേണ്ടി ആൽബർട്ടോ മൊറേനോയുടെ പാസിൽ പന്തിനെ വലയിലേക്ക് പായിച്ച് അലക്സാണ്ടർ സൊർലോത്ത് സ്കോർ 2-2ലെത്തിച്ചു.
തുല്യനിലയിൽ ഇടവേളക്കു പിരിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ 50-ാം മിനിറ്റിൽ വിയ്യാറയൽ എതിരാളികളുടെ നെഞ്ചുപിളർന്ന് വീണ്ടും നിറയൊഴിച്ചു. അലക്സ് ബയേനയുടെ തകർപ്പൻ ഷോട്ട് മാർക് ആന്ദ്രേ ടെർ സ്റ്റീഗനെ കീഴടക്കി വലതുളഞ്ഞുകയറിയതോടെ ബാഴ്സ ഞെട്ടി.
പിന്നീട് തിരിച്ചടിക്കാനുള്ള ബാഴ്സയുടെ നിരന്തരശ്രമങ്ങളായിരുന്നു. 68-ാം മിനിറ്റിൽ ഗവി വലതുവിങ്ങിലൂടെ മുന്നേറി നൽകിയ പാസിൽ ഫെറാൻ ടോറസിന്റെ ഫിനിഷ് അവർക്ക് തുല്യത സമ്മാനിച്ചു. മൂന്നുമിനിറ്റിനുശേഷം കൗമാരതാരം ലമിൻ യമാലിന്റെ ശ്രമം പോസ്റ്റിലിടിച്ചുതിരിച്ചുവന്ന വേളയിൽ റീബൗണ്ടിൽനിന്ന് പന്ത് ലക്ഷ്യത്തിലെത്തിച്ചാണ് ലെവൻഡോവ്സ്കി ബാഴ്സയുടെ രക്ഷകനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.