‘മൂന്നാംകിടക്കാർ’ക്കു മുന്നിൽ മുട്ടുവിറച്ച് ബാഴ്സ; ഒടുവിൽ കഷ്ടിച്ചുകടന്നുകൂടി
text_fieldsസമീപകാലത്തൊന്നും കറ്റാലൻമാർ ഇതുപോലൊരു ഞെട്ടൽ നേരിട്ടിട്ടുണ്ടാകില്ല. മൂന്നുവട്ടം മുന്നിലെത്തി വിജയമുറപ്പിച്ചപ്പോഴും വിടാതെ പൊരുതി ഒപ്പംപിടിച്ച എതിരാളികളായിരുന്നു ബുധനാഴ്ച താരങ്ങൾ. തകർപ്പൻ ഹാട്രികുമായി ഒറിയോൾ സോൾഡെവില എന്ന ഒറ്റയാൻ കളി നയിച്ച ദിവസത്തിൽ മൂന്നാം നിര ക്ലബായ ഇന്റർസിറ്റിയാണ് ബാഴ്സയെ തോൽവിക്കരികെയെത്തിച്ചത്. ഒടുവിൽ കളി അധിക സമയത്തേക്കു നീട്ടിയെടുത്ത് ലാ ലിഗ വമ്പന്മാർ ദുരന്തമൊഴിവാക്കുകയായിരുന്നു.
കോപ ഡെൽ റേയിലെ നിർണായക മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ഗോളടിച്ച് അറോയോ ബാഴ്സയെ മുന്നിലെത്തിച്ചതാണ്. ഒന്നാം പകുതിയിലുടനീളം അതിന്റെ ആനുകൂല്യത്തിൽ പിടിച്ചുനിന്ന ടീമിനെ ഞെട്ടിച്ച് 59ാം മിനിറ്റിൽ സോൾഡെവില ഇന്റർസിറ്റിയെ ഒപ്പമെത്തിച്ചു. പിന്നെയും ഗോളടിച്ച് ഡെംബലെയും റഫീഞ്ഞയും ബാഴ്സക്ക് ലീഡ് നൽകിയപ്പോഴൊക്കെയും സോൾഡെവില തന്നെ അവ ഇല്ലാതാക്കി. അധിക സമയത്തേക്കു നീണ്ട കളിയിൽ പക്ഷേ, അൻസു ഫാറ്റി നേടിയ ഗോൾ കറ്റാലൻമാരെ പ്രീക്വാർട്ടറിലെത്തിക്കുകയായിരുന്നു. 77 ശതമാനം കളി നിയന്ത്രിച്ചിട്ടും പ്രതിരോധം പാളിയതാണ് ബാഴ്സക്ക് ആധിയുണ്ടാക്കിയത്. എളുപ്പം ജയിക്കാമായിരുന്ന കളി 120 മിനിറ്റുവരെ നീണ്ടത്.
മറ്റു മത്സരങ്ങളിൽ അറ്റ്ലറ്റികോ മഡ്രിഡ് റയൽ ഒവിയഡോയെയും സെവിയ്യ ലിനാറസ് ഡിപോർടിവോയെയും റയൽ വയ്യഡോളിഡ് അലാവസിനെയും കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.