ഇഞ്ചുറി ടൈം ഗോളിൽ വിജയം പിടിച്ച് ബാഴ്സലോണ
text_fieldsലാസ് പാൽമാസ്: ഇഞ്ചുറി ടൈമിൽ വീണുകിട്ടിയ പെനാൽറ്റിയിൽ വിജയം പിടിച്ച് ബാഴ്സലോണ. ലാലിഗയിൽ ലാസ് പാൽമാസിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ വീഴ്ത്തിയത്. ജയത്തോടെ 41 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറാനും അവർക്കായി.
തുടക്കം മുതൽ എതിരാളിക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് ലാസ് പാൽമാസ് പുറത്തെടുത്ത്. ബാഴ്സയെ ഞെട്ടിച്ച് 12ാം മിനിറ്റിൽ അവർ ആദ്യം ഗോൾ നേടുകയും ചെയ്തു. മുനീർ എൽ ഹദ്ദാദി ആയിരുന്നു ബാഴ്സയുടെ വലയിൽ പന്തെത്തിച്ചത്. വലതുവിങ്ങിൽനിന്ന് സാന്ദ്രൊ റാമിറസ് നൽകിയ ക്രോസ് ഓടിയെടുത്ത് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. 27ാം മിനിറ്റിൽ അവർ ലീഡിനടുത്തെത്തിയെങ്കിലും താരത്തിന്റെ ബുള്ളറ്റ് ഷോട്ട് ബാഴ്സ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. പന്ത് കിട്ടിയ റാമിറസ് വല ലക്ഷ്യമാക്കി ഉശിരൻ ഷോട്ടുതിർത്തെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയുടെ ഏഴാം മിനിറ്റിൽ മുനിർ എൽ ഹദ്ദാദി രണ്ടാം ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് ബാഴ്സ ഗോൾകീപ്പർ തടഞ്ഞിട്ടു.
55ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സ തിരിച്ചടിച്ചു. സെർജി റോബർട്ടോ നൽകിയ പാസ് ടോറസ് പിഴവില്ലാതെ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ ഇഞ്ചുറി ടൈമിൽ ജാവേ ഫെലിക്സിന്റെ തകർപ്പൻ ഷോട്ട് ലാസ് പാൽമാസ് ഗോൾകീപ്പർ കുത്തിയകറ്റിയപ്പോൾ പന്തെത്തിയത് ഗുണ്ടോഗന് സമീപത്തേക്കായിരുന്നു. പോസ്റ്റിന് തൊട്ടുമുമ്പിൽ പന്ത് ഹെഡ് ചെയ്യാനിരുന്ന ഗുണ്ടോഗനെ എതിർ താരം സാലി സിങ്ക്ഗ്രേവൻ പിടിച്ചുതള്ളി. പെനാൽറ്റിയിലേക്ക് വിസിലൂതാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഒപ്പം സാലിക്ക് ചുവപ്പ് കാർഡും നൽകി. പെനാൽറ്റി കിക്കെടുത്ത ഗുണ്ടോഗൻ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ഏറെ നിർണാകമായ മൂന്ന് പോയന്റും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.