വല നിറച്ച് ബയേൺ; തോറ്റു പുറത്തായി ബാഴ്സ
text_fieldsബാഴ്സലോണ: മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനോട് കൊമ്പുകുത്തിയതോടെ കരുത്തരായ ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്ത്. ആദ്യപാദത്തിൽ ജർമൻ ക്ലബിനോടേറ്റ പ്രഹരത്തിന് പ്രതികാരം ചെയ്യാനുറച്ച് സ്വന്തം തട്ടകത്തിൽ കളത്തിലിറങ്ങിയ മുൻ ചാമ്പ്യന്മാർ ഒന്നു പൊരുതാന്‍ പോലുമാകാതെ കീഴടങ്ങി. മറ്റ് മത്സരങ്ങളിൽ ജയത്തോടെ ലിവർപൂളും നാപ്പോളിയും ഇന്റർമിലാനും പ്രീക്വാർട്ടർ ഉറപ്പിച്ചു.
ചാമ്പ്യൻസ് ലീഗിലെ സാധ്യതകൾ നിലനിർത്താൻ ഗ്രൂപ് 'സി'യില്‍ ബയേണിനെതിരെ ജയവും ഇന്ററിന്റെ തോൽവിയുമായിരുന്നു ബാഴ്സലോണയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ, മത്സരഫലങ്ങൾ മറിച്ചായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സ ബയേണിനോട് തോറ്റപ്പോൾ മറുപടിയില്ലാത്ത നാല് ഗോളിനായിരുന്ന ഇന്റർറിന്റെ ജയം. തുടർച്ചയായി രണ്ടാം തവണയാണ് ബാഴ്സലോണ നോക്കൗട്ട് കാണാതെ പുറത്താകുന്നത്.
ആദ്യ പകുതിയിൽ തന്നെ ബയേൺ 2-0ത്തിന് മുന്നിലെത്തി. കളിയുടെ പത്താം മിനുട്ടിൽ സാദിയോ മാനെയാണ് ബയേണിനുവേണ്ടി ആദ്യവെടി പൊട്ടിച്ചത്. 31ാം മിനുട്ടിൽ ചോപ മോടിങ്ങിലൂടെ ജർമൻ ക്ലബ് ലീഡുയർത്തി. ഈ ഗോളിന് വഴിയൊരുക്കിയതും മാനെയായിരുന്നു. രണ്ട് ഗോളുകള്‍ വീണപ്പോള്‍ തന്നെ ബാഴ്സ തളര്‍ന്നിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം പവാർഡിലൂടെ ബയേൺ മൂന്നാം ഗോളും നേടിയതോടെ ബാഴ്സ പതനം പൂര്‍ണമായി.
ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ബാഴ്‌സയുടെ തുടർച്ചയായ ആറാം തോൽവിയാണിത്. ഗ്രൂപ്പ് സിയിൽ നിന്ന് ബയേൺ മ്യൂണിക്കും ഇന്റർമിലാനും പ്രീക്വാർട്ടറിലെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബാഴ്‌സക്കുള്ളത്.
അതേസമയം, ഏകപക്ഷിയമായ മൂന്ന് ഗോളിനാണ് ലിവർപൂൾ അയാക്സിനെ തോൽപ്പിച്ചത്. ലിവർപൂളിനായി സലാഹും ന്യൂനസും ഹാർവി എലൈറ്റും ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ എഫ്.സി റെയ്ഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നാപ്പോളി തകർത്തത്. ക്ലബ് ബ്രൂഗിനെതിരെ എഫ്.സി പോർട്ടോയും അനായാസ ജയം സ്വന്തമാക്കി. ഫ്രാങ്ക്ഫർട്ട് 2-1ന് മാഴ്സെയെ മറികടന്നു.അത്ലറ്റികോ മഡ്രിഡ് -ലെവർകൂസൻ, ടോട്ടൻഹാം ഹോട്ട്സ്പർ- സ്പോർട്ടിങ് ലിസ്ബൺ മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.