ഉയിഗൂർ മുസ്ലിംകൾക്ക് ഐക്യദാർഢ്യം, ഗ്രീസ്മാന് കൈയടിച്ച് കായിക ലോകവും മനുഷ്യാവകാശ പ്രവർത്തകരും
text_fieldsപാരിസ്: അപ്രതീക്ഷിത നീക്കങ്ങളിൽ എതിർവല കുലുക്കി വിസ്മയിപ്പിക്കുന്ന താരമാണ് ബാഴ്സലോണയുടെ ഫ്രഞ്ച് സ്ട്രൈക്കർ അെൻറായിൻ ഗ്രീസ്മാൻ. കളത്തിലെ നീക്കങ്ങളിലും പന്തിലെ അഭ്യാസങ്ങളിലും മാത്രമാണ് ആരാധകർക്ക് ഈ വെള്ളാരംകണ്ണുകളുള്ള താരത്തെ പരിചയം. എന്നാൽ, കഴിഞ്ഞ ദിവസം കേട്ട വാർത്ത ആരാധകരിൽ ഗ്രീസ്മാനോടുള്ള ആരാധന വീണ്ടും വർധിപ്പിച്ചു. അതാവട്ടെ കളിക്കളത്തിനു പുറത്തെ, മാനുഷിക ഇടപെടലിെൻറ പേരിലും. ചൈനയുടെ പീഡനങ്ങൾക്കിരയാവുന്ന ഉയിഗൂർ മുസ്ലിംകൾക്ക് ഐക്യദാർഢ്യവുമായാണ് ഗ്രീസ്മാൻ പ്രത്യക്ഷപ്പെട്ടത്. അതാവട്ടെ, ചൈനീസ് മൊബൈൽ ഭീമൻ വാവെയുമായുള്ള കരാർ റദ്ദാക്കിയും.
ഉയിഗൂർ മുസ്ലികളെ നിരീക്ഷിക്കാനും അവരെ കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് പൊലീസിന് കൈമാറാനുമുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്ത വാവെയുടെ മനുഷ്യത്വവിരുദ്ധ നടപടിയിൽ പ്രതിഷേധമുയർത്തിയാണ് ഫ്രഞ്ച് താരം ബ്രാൻഡ് അംബാസഡർ കരാർ റദ്ദാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഗ്രീസ്മാൻ തെൻറ ഐക്യദാർഢ്യം ലോകത്തോട് പ്രഖ്യാപിച്ചത്.
ഉയിഗൂർ മുസ്ലിംകളെ നിരീക്ഷിക്കാനുള്ള കാമറകളും തിരിച്ചറിഞ്ഞാൻ ഉടൻ പൊലീസിനെ അറിയിക്കാനുള്ള അലർട്ട് സംവിധാനവും വാവെയുടെ സഹകരണത്തോടെ ചൈന സ്ഥാപിച്ച വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ലോകവ്യാപകമായി ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് ഫുട്ബാൾ താരം നിലപാട് പ്രഖ്യാപിച്ചത്.
''വാവെയുടെ പങ്ക് ആശങ്കയുളവാക്കുന്നു. ഇതറിഞ്ഞ ഉടൻ കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്. നിങ്ങൾക്കെതിരായ ആരോപണം നിങ്ങൾ നിഷേധിക്കുക മാത്രമല്ല, സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് ഈ അടിച്ചമർത്തലുകൾക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. മനുഷ്യാവകാശത്തെ ബഹുമാനിക്കാനും പീഡനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുമുള്ള സന്ദേശം നൽകുകയും വേണം'' -ഗ്രീസ്മാൻ കുറിച്ചു. ഫുട്ബാൾ താരത്തിെൻറ നടപടിയെ കായിക ലോകവും മനുഷ്യാവകാശ പ്രവർത്തകരും ആവേശത്തോടെ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.