ഇന്ന് ചാമ്പ്യൻ പോര്
text_fieldsലണ്ടൻ: ലണ്ടനിലെ വെംബ്ലി മൈതാനത്ത് വിരുന്നുവരുന്ന രണ്ട് വമ്പന്മാർ യൂറോപ്പിലെ ചാമ്പ്യന്മാരെ നിർണയിക്കാൻ ഇന്ന് മുഖാമുഖം. 16ാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയൽ മഡ്രിഡും ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മണ്ടുമാണിന്ന് രാത്രി 12.30ന് കൊമ്പുകോർക്കുക. സമാനതകളില്ലാത്ത റെക്കോഡുകളുടെ ബലവുമായാണ് നിലവിലെ ലാ ലിഗ ചാമ്പ്യന്മാർ എത്തുന്നത്. പുതിയ നൂറ്റാണ്ടിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എട്ടാം തവണയാണ് ടീം ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആറാം തവണയും. വാതുവെപ്പുകാർക്ക് ഇത്തവണ കിരീടം പിടിക്കാൻ ഒറ്റ ടീമേയുള്ളൂ- വിനീഷ്യസ് ജൂനിയർ അങ്കം കുറിക്കുന്ന റയൽ മഡ്രിഡ് മാത്രം. അത്രമേൽ ഏകപക്ഷീയമാണ് കണക്കുകളിൽ സ്പാനിഷുകാരുടെ മുൻതൂക്കം.
എന്നാൽ, 11 വർഷത്തിനുശേഷം വീണ്ടും വെംബ്ലി മൈതാനത്ത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ ബൊറൂസിയ എത്തുന്നത് അന്ന് കൈവിട്ട കിരീടം പിടിച്ചെടുക്കാനാണ്. ബയേൺ മ്യൂണിക്കിന് മുന്നിലായിരുന്നു അന്ന് ടീം തോൽവി സമ്മതിച്ചത്. ബുണ്ടസ് ലിഗയിലെ നിരാശകൾക്ക് വലിയ പോരിടത്തിൽ ജയം പിടിച്ച് പകരമാക്കാമെന്ന് ടീം സ്വപ്നം കാണുന്നു. 2004-05ൽ ലിവർപൂളും 2011-12ൽ ചെൽസിയും 1997-98, 1999-2000 സീസണുകളിൽ റയൽ മഡ്രിഡ് തന്നെയും ഇങ്ങനെ യൂറോപ്പിന്റെ ചാമ്പ്യന്മാരായതാണ്. പി.എസ്.ജി, ന്യൂകാസിൽ യുനൈറ്റഡ്, എ.സി മിലാൻ എന്നീ കരുത്തരെ മറികടന്നെത്തിയവരാണ് തങ്ങളെന്ന ആവേശം തീർച്ചയായും ജർമൻ സംഘത്തിന് കരുത്താകും.
ചാമ്പ്യൻസ് ലീഗിന്റെയും അവസാനമത്സരം?
ലണ്ടൻ: വെംബ്ലിയിൽ യൂറോപിലെ രണ്ട് പവർഹൗസുകൾ കലാശപ്പോരിൽ അങ്കം കുറിക്കുമ്പോൾ ഏറെയായി തുടർന്നുപോരുന്ന ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിന് കൂടിയാണ് അന്ത്യം കുറിക്കപ്പെടുന്നത്. അടുത്ത സീസൺ മുതൽ കൂടുതൽ ടീമുകളും കൂടുതൽ മത്സരങ്ങളും ഒപ്പം കൂടുതൽ പണവുമൊഴുകുന്നതാകും ചാമ്പ്യൻഷിപ്പ്. ഗ്രൂപുകൾ തമ്മിലാകില്ല ഇനി ആദ്യ പോരാട്ടം. പകരം 36 ടീമുകൾ ലീഗ് ഘട്ടത്തിൽ എട്ടു കളികൾ വീതം കളിക്കും. അവിടന്നങ്ങോട്ട് ഓരോ ഘട്ടത്തിലും പുതിയ രീതിയാകും പരീക്ഷിക്കപ്പെടുക. വമ്പൻ ടീമുകൾക്ക് ഓരോ കളിക്കും വൻപ്രതിഫലം ലഭിക്കുംവിധമാണ് ക്രമീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.