ജർമൻ കപ്പും ലെവർകുസന്; ഇരട്ടനേട്ടം ചരിത്രത്തിലാദ്യം
text_fieldsബെർലിൻ: അതിശയക്കുതിപ്പു നടത്തിയ സീസണിൽ ബുണ്ടസ്‍ലീഗ കിരീട നേട്ടത്തിനു പിന്നാലെ ജർമൻ കപ്പിലും മുത്തമിട്ട് ബയേർലെവർകുസൻ. ഗ്രാനിറ്റ് സാക്ക നേടിയ തകർപ്പൻ ഗോളിൽ രണ്ടാം ഡിവിഷൻ ക്ലബായ കൈസർസ്ലോട്ടനെ 1-0ത്തിന് കീഴടക്കിയാണ് ലെവർകുസന്റെ വിജയഭേരി. ചരിത്രത്തിൽ ആദ്യമായാണ് ലെവർകുസൻ ആഭ്യന്തര ഫുട്ബാളിൽ ഇരട്ടക്കിരീട നേട്ടത്തിലെത്തുന്നത്.
ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റിലായിരുന്നു സാക്കയുടെ വിധിനിർണായക ഗോൾ. ബോക്സിന് പുറത്തുനിന്ന് സ്വിസ് താരം തൊടുത്ത ഗംഭീര ഷോട്ട് വെടിച്ചില്ലു കണക്കെ കൈസർസ്ലോട്ടന്റെ ഗോൾവലയുടെ മോന്തായത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഇടവേളക്ക് പിരിയാൻ ഒരു മിനിറ്റു മാത്രം ബാക്കിയിരിക്കേ ഡിഫൻഡർ ഒഡിലോൺ കൊസൂനു രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായശേഷം പത്തു പേരുമായി കളിച്ചാണ് ലെവർകുസൻ പിടിച്ചുനിന്നത്. ആളെണ്ണം കുറഞ്ഞിട്ടും പക്ഷേ, മത്സരത്തിൽ സാബി അലോൻസോയുടെ ശിഷ്യന്മാർക്കായിരുന്നു മേധാവിത്വം. കളിയുടെ നിയന്ത്രണം രണ്ടാം പകുതിയിലും കാലിൽ കൊരുത്ത ലെവർകുസനെതിരെ ആഞ്ഞുകയറാൻ കൈസർസ്ലോട്ടന് കഴിഞ്ഞതേയില്ല.
വലിയ നേട്ടമാണ് ഈ ഡബ്ളെന്ന് ലെവർകുസൻ കോച്ച് സാബി അലോൻസോ മത്സരശേഷം പ്രതികരിച്ചു. ‘ഈ നേട്ടം ഞങ്ങൾ എക്കാലവും ഓർത്തുവെക്കും. തങ്ങളുടെ കഴിവിൽ ടീം അടിയുറച്ചു വിശ്വസിക്കുന്നുവെന്നതാണ് പ്രധാനം. പത്തുപേരുമായി പോരാടാൻ അവർ തയാറായിരുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഈ സീസണിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഉൾക്കൊള്ളാൻ എനിക്കിനിയും സമയം വേണ്ടിവരും. ഇതൊരു സ്വപ്നസീസണായിരുന്നു. അവസാന ദിവസം ഇതുപോലെ ആഘോഷിക്കാൻ കഴിഞ്ഞത് സവിശേഷമായി കരുതുന്നു’ -അലോൻസോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.