ഒടുവിൽ ലെവർകൂസൻ വീണു; യൂറോപ്പ ലീഗ് കിരീടം അറ്റ്ലാന്റക്ക്
text_fieldsഡബ്ലിൻ: ഒരു വർഷത്തോളമായി പരാജയമെന്തെന്ന് അറിയാത്ത ബയർ ലെവർകൂസന്റെ തേരോട്ടം അവസാനിപ്പിച്ച് ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെവർകൂസനെ അടിയറവ് പറയിച്ചത്. 2023 മെയ് മാസം ബുണ്ടസ് ലീഗയിൽ വി.എഫ്.എൽ ബോച്ചമിനോട് 3-0 ത്തിന് തോറ്റതിൽ പിന്നെ തുടർച്ചയായി 51 മത്സരങ്ങളിൽ ലവർകൂസൻ പരാജയം അറിഞ്ഞിട്ടില്ല. അറ്റ്ലാന്റയുടെ കന്നി യൂറോപ്പ ലീഗ് കിരീടമാണ്.
അയർലൻഡിലെ ഡബ്ലിനിൽ നടന്ന കലാശപ്പോരിൽ ഹാട്രിക് നേടിയ അറ്റ്ലാന്റ സ്ട്രൈക്കർ അഡേമോല ലൂക്മാനാണ് ലെവർകൂസന്റെ മോഹങ്ങളെ തട്ടിത്തെറിപ്പിച്ചത്.
മത്സരത്തിന്റെ 12ാം മിനുട്ടിൽ ആയിരുന്നു ലൂക്മന്റെ ആദ്യ ഗോൾ. 26ാം മിനുട്ടിൽ ലൂക്മൻ ലീഡ് ഇരട്ടിയാക്കി. മൂന്ന് ലെവർകൂസൻ താരങ്ങളെ ഡ്രിബിൾ ചെയ്തകയറിയ ലൂക്മാൻ പിഴവുകളില്ലാതെ വലയിലാക്കി. 75ാം മിനുട്ടിൽ ലൂക്മന്റെ ഹാട്രിക്ക് ഗോളെത്തിയതോടെ അറ്റ്ലാന്റ കിരീടം ഉറപ്പിച്ചു.
34 ലീഗ് മത്സരങ്ങളിൽ 28 വിജയങ്ങളും ആറ് സമനിലകളുമായി ജർമൻ കിരീടം ഉറപ്പിച്ച ലവർകൂസന് യൂറോപ്പ ലീഗിലെ രണ്ടാം കിരീടമാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.